എറണാകുളത്ത് മേജര്‍ രവി ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മേജര്‍ രവി ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥിയാകുന്നതിനോട് പാര്‍ട്ടി നേതൃത്വം സമ്മതം ചോദിച്ചുവെന്നും താന്‍ സമ്മതം അറിയിച്ചുവെന്നും മേജര്‍ രവി പറഞ്ഞതായി ഒരു സ്വകാര്യ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരാണ് സ്ഥാനാര്‍ത്ഥിയാവുന്നതെന്ന് പാര്‍ട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
എറണാകുളം, കൊല്ലം, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളില്‍ സ്ഥനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. കൊല്ലത്ത് കുമ്മനം രാജശേഖരനും പാര്‍ട്ടി ജില്ലാ സെക്രട്ടറി ബി. ബി. ഗോപകുമാറും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആലത്തൂരില്‍ പാലക്കാട് വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നുണ്ട്. ഇന്നോ നാളെയോ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Advertisement