ഹാഷിഷ് ഓയില്‍ കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവം,രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്. ഹാഷിഷ് ഓയില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.ഇടുക്കി സ്വദേശി ഷോജോ ജോണിനെയാണ് പാലക്കാട്ടെ എക്‌സൈസ് ടവറിനുളളിലെ ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഇന്നലെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ടു ഉദ്യോഗസ്ഥരെയാണ് കൃത്യവിലോപം ചൂണ്ടിക്കാട്ടി സസ്‌പെന്റ് ചെയ്തത്.
പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെതാണ് നടപടി,ഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകീട്ടാണ് ഷോജോ ജോണിലെ വീട്ടില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടുന്നത്,വിപണിയില്‍ 25 ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോ ഹാഷിഷ് ഓയിലാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് പുലര്‍ച്ചെ മൂന്നോടെ ഷോജോ ജോണിനെ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലേക്ക് മാറ്റി. രാവിലെ ആറരയ്ക്ക് ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് ലോക്കപിനകത്ത് ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ ഷോജോ ജോണിനെ കണ്ടെത്തിയത്.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഭ്ാര്യ ജ്യോതി പറയുന്നത്.കുറ്റം സമ്മതിച്ച ഷോജോ ആത്മഹത്യ ചെയ്യില്ലെന്നും ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണോയെന്ന് സംശയിക്കുന്നതായും ജ്യോതി ട്വന്റി ഫോറിനോട് പറഞ്ഞു

കൊലപാതകമെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ കേസ് ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു.ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഷോജോയുടെ മരണം ആത്മഹത്യയെന്ന് വ്യക്തമായെന്നാണ് ഉയര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Advertisement