സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് .കല്‍പ്പറ്റ ഫാത്തിമ മാത ആശുപത്രിയില്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ ക്ലീനിംഗ് സൂപ്പര്‍വൈസര്‍ ആയ അട്ടപ്പാടി സ്വദേശി തങ്കച്ചന്‍ ആണ് മുകളിലെ നിലയില്‍ തൂങ്ങിയത്. മാനേജ്മെന്‍റിന്‍റെ പീഡനവും തൊഴില്‍ആനുകൂല്യങ്ങള്‍ നിഷേധിച്ചതുമാണ് ആത്മഹത്യ ചെയ്യുന്നതിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്ന കുറിപ്പും പുറത്തുവന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി

ഇന്ന് രാവിലെയാണ് കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിലെ ക്ലീനിങ് സൂപ്പർവൈസറായ അട്ടപ്പാടി സ്വദേശി തങ്കച്ചനെ ആശുപത്രിയുടെ മുകൾ നിലയിലെ തുണി ഉണക്കാനിടുന്ന ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 8 വർഷത്തോളമായി ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഇതിന് പിന്നാലെ തങ്കച്ചൻറെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
ബന്ധു കാവുമന്ദം സ്വദേശി ഷാജിക്ക് എഴുതിയ ആത്മഹത്യാക്കുറിപ്പാണ് കണ്ടെത്തിയത്. തൊഴില്‍ ആനുകൂല്യങ്ങള്‍ നല്‍കാത്തതും
മാനേജ്മെന്റിന്റെ മാനസിക പീഡനമാണ് തങ്കച്ചന്റെ ആത്മഹത്യക്ക് കാരണമെന്ന് ഷാജി ആരോപിച്ചു.

അതേസമയം തങ്കച്ചന് ആനുകൂല്യങ്ങൾ നിഷേധിച്ചിട്ടില്ലെന്ന് ഫാത്തിമ മാത മിഷൻ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മാനേജ്മെന്‍റും ജീവനക്കാരുമായി തങ്കച്ചന് നല്ല ബന്ധമായിരുന്നു. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്നുള്ള മാനസിക പ്രയാസമുണ്ടായിരുന്നു. ആത്മഹത്യ കുറിപ്പിനെ കുറിച്ച് അറിയില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Advertisement