എന്റെ പ്രവര്‍‌ത്തകരെ ഞാൻ വഴക്കുപറയും, അതിനുള്ള അവകാശം എനിക്കുണ്ട്’; ദേഷ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അണികളോട് ദേഷ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി. തന്റെ അണികളെ വഴക്കുപറയാനുള്ള അവകാശം തനിക്കുണ്ടെന്നും ഏതുരീതിയിലാണ് പ്രചരിപ്പിച്ചതെന്ന് ജനങ്ങള്‍ മനസ്സിലാക്കുമെന്നും തൃശ്ശൂരില്‍ സുരേഷ് ഗോപി പറഞ്ഞു.

‘അവിടെ ആളുകളുണ്ടായിരുന്നു. അവർ അവിടെ കുട്ടികളെ കാണാത്തതിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് അവിടെയായിരുന്നു. അവിടെനിന്ന് അവർ ഓടിവന്നു. അതുകഴിഞ്ഞ് തിരിച്ചുപോകുന്നതിനായി കാറില്‍ കയറുമ്ബോള്‍ ആദിവാസികള്‍വന്ന് എന്റെ പ്രവർത്തകരുടെ മുന്നില്‍വെച്ച്‌ വോട്ടുകള്‍ ചേർത്തിട്ടില്ലെന്ന് പറഞ്ഞു. അപ്പോള്‍പിന്നെ എന്റെ പ്രവർ‌ത്തകരെ ഞാൻ വഴക്കുപറയും. അതിനുള്ള അവകാശം എനിക്കുണ്ട്, സുരേഷ് ഗോപി പറഞ്ഞു.

‘നാളെ തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍‌ പ്രവർത്തകർ വേണം ഇത്തരം വിഷയങ്ങള്‍ എത്തിക്കാൻ. അവർ എത്തിച്ചില്ലെന്ന് ജനങ്ങള്‍ പറഞ്ഞാല്‍ അന്നും ഞാൻ വഴക്കുപറയും. അതിന്റെ സൂചനയാണ് നല്‍കിയത്. എന്റെ അണികളെ തലോടാനും വഴക്കുപറയാനുമുള്ള അവകാശം എനിക്കുണ്ട്. അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണം. ഇല്ലെങ്കില്‍ എന്റെ ചെയ്യാനുള്ള ജോലി എനിക്ക് ചെയ്യാൻ പറ്റില്ല. വിഷയം ഏത് രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കോളും. അവരുടെ കൂടെ കാപ്പി കുടിക്കുന്ന വീഡിയോ ഇന്ന് ഞാൻ പുറത്തുവിടും. അത് ചെയ്ത ആളുകള്‍ക്ക് ഞാനൊരു ലേബല്‍ കൊടുക്കും’, സുരേഷ് ഗോപി പറഞ്ഞു.

ശാസ്താംപൂവ് ആദിവാസി കോളനിയില്‍ ശനിയാഴ്ച പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പ്രദേശവാസികളില്‍ ചിലരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്ന് അറിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം പ്രവർത്തകരോട് ക്ഷുഭിതനായത്. നോമിനേഷന്‍ നല്‍കിയിട്ടില്ലെന്നും താന്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും സുരേഷ് ഗോപി പ്രവർത്തകരോട് ഭീഷണി മുഴക്കി.

‘എന്താണ് ബൂത്തിന്റെ ജോലി. എന്ത് ആവശ്യത്തിനാണ് എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നത്. നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച്‌ തരാനാണെങ്കില്‍ വോട്ട് ചെയ്യേണ്ട പൗരന്‍ അവിടെ ഉണ്ടാകേണ്ടേ. നമ്മള്‍ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മള്‍ അവര്‍ക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങിയിരിക്കുന്നത്., അതിന് എന്നെ സഹായിച്ചില്ലെങ്കില്‍ നാളെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവര്‍ത്തിച്ചോളാം’, സുരേഷ് ഗോപി പറഞ്ഞു.

Advertisement