ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കല്ലിയൂര്‍ വള്ളം കോട് കല്ലുവിള വീട്ടില്‍ അഖിലിന്റെ ഭാര്യ ശരണ്യ (27), എട്ട് മാസം പ്രായമുള്ള മകന്‍ ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്.

ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന അഖിലും മൂത്ത കുട്ടി അജിദേവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

കരമന – കളിയിക്കാവിള പാതയില്‍ നേമം പോലീസ് സ്റ്റേഷനു മുന്നില്‍ വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. അഖിലും ശരണ്യയും കുഞ്ഞുങ്ങള്‍ക്കൊപ്പം നേമം ഭാഗത്ത് നിന്നും പ്രാവച്ചമ്ബലം ഭാഗത്തേക്ക് പോവുകയായിരുന്നു. അതേദിശയില്‍ തമ്ബാനൂരില്‍ നിന്നും മണ്ടയ്ക്കാട്ടേയ്ക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ തട്ടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ ഇരുവരുടെയും ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരം.

പരിക്കേറ്റ ഇരുവരേയും ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കുട്ടിയെ പിന്നീട് എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്നതിനു പിന്നാലെ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

Advertisement