സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒ ടി ടി പ്ലാറ്റ് ഫോം സി സ്പേസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

Advertisement

തിരുവനന്തപുരം .സി സ്പേസ് കലയുടെയും കലാകാരന്മാരുടെയും മൂല്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ഒടിടി പ്ലാറ്റ്ഫോമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം കൈരളി തിയേറ്ററില്‍ നടന്ന സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒ ടി ടി പ്ലാറ്റ് ഫോം സി സ്പേസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ചുവട് വെയ്പ്പെന്ന പ്രത്യേകത ഇതിനുണ്ട്. മാറുന്ന ആസ്വാദനത്തിനനുസരിച്ചുള്ള പുത്തന്‍ സങ്കേതങ്ങള്‍ ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നയം. സിനിമ നിര്‍മാണം, ആസ്വാദനം തുടങ്ങിയ സമസ്ത മേഖലകളിലും വേഗത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുകയാണ്.

വിര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ സ്വാധീനം വിതരണ, പ്രദര്‍ശന മേഖലകളിലടക്കം സ്വാധീനിക്കുന്നു. സിനിമ പൊതുസ്ഥലങ്ങളില്‍ നിന്ന് തിയേറ്ററിലേക്കും പിന്നീട് ടെലിവിഷന്റെ വരവോടെ വീടുകളിലേക്കും എത്തി. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വരവോടെ എപ്പോള്‍ വേണമെങ്കിലും കാണാന്‍ കഴിയുന്ന ഒന്നായി സിനിമ മാറി. സിനിമകളെ ഒ ടി ടി പ്രദര്‍ശനത്തിനായി ലാഭം മാത്രം അടിസ്ഥാനമാക്കി തെരഞ്ഞെടുക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. കലയുടെയും കലാകാരന്റെയും മൂല്യത്തിന് പ്രാധാന്യം നല്‍കാത്ത സാഹചര്യവുമുണ്ട്. അതോടൊപ്പം തദ്ദേശീയ ഭാഷാചിത്രങ്ങളെ അപ്രസക്തമായി കാണുന്നു. ഭാഷയെ പരിപോഷിപ്പിച്ച് കലയെയും കലാകരന്മാരെയും പ്രോല്‍സാഹിപ്പിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

75 രൂപ എന്ന നിരക്കില്‍ ഫീച്ചര്‍ ഫിലിമിന് പണം നല്‍കുമ്‌ബോള്‍പകുതി തുക നിര്‍മാതാവിന് ലഭിക്കുമെന്നതും പ്രത്യേകതയാണ്. സമൂഹത്തോട് ഇത്രമേല്‍ ബന്ധം പുലര്‍ത്തുന്ന കലാരൂപമെന്ന നിലയിലും തൊഴില്‍ മേഖലയെന്ന നിലയിലും സിനിമ മേഖലയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. പുരോഗമനോന്മുഖമായി നിലനില്‍ക്കുന്ന കലാരൂപങ്ങള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളുവെന്നത് പ്രത്യേകം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Advertisement