75 രൂപയ്ക്ക് സിനിമ കാണാം…സിനിമയ്ക്കൊരിടം ‘സി സ്‌പേസ്’ ഉദ്ഘാടനം…

Advertisement

സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന ഒ.ടി.ടി പ്ലാറ്റ്ഫോം (ഓവര്‍ ദ ടോപ്) ‘സി സ്പേസ്’ ഇന്ന് ആരംഭിക്കും. ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന ഒ.ടി.ടി പ്ലാറ്റ്ഫോം ആണിത്. സിനിമയ്ക്കൊരിടം എന്ന അര്‍ത്ഥത്തിലുള്ള സി സ്‌പേസ് എന്ന പേരും ലോഗോയും 2022 മേയില്‍ റിലീസ് ചെയ്തിരുന്നു. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് നടത്തിപ്പ് ചുമതല. സി സ്പേസിന്റെ ആദ്യ ഘട്ടത്തില്‍ 42 സിനിമകളാണ് ക്യൂറേറ്റര്‍മാര്‍ തിരഞ്ഞെടുത്തതെന്ന് കെഎസ്എഫ്ഡിസി ചെയര്‍മാനായ സംവിധായകന്‍ ഷാജി എന്‍.കരുണ്‍ പറഞ്ഞു. ഇതില്‍ 35 ഫീച്ചര്‍ ഫിലിമുകളും 6 ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ‘നിഷിദ്ധോ’, ‘ബി 32 മുതല്‍ 44 വരെ’ എന്നീ സിനിമകളുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരായ സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി.ഉഷ, ബെന്യാമിന്‍ എന്നിവര്‍ ഉള്‍പ്പെടെ 60 അംഗ ക്യൂറേറ്റര്‍ സമിതിയാണുള്ളത്. അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചവയും ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയതുമായ സിനിമകള്‍ നേരിട്ട് പ്രദര്‍ശിപ്പിക്കും.
കാണുന്ന സിനിമയ്ക്ക് മാത്രം പണം നല്‍കിയാല്‍ മതി. 75 രൂപയ്ക്ക് ഒരു ഫീച്ചര്‍ ഫിലിം കാണാം. തുകയുടെ പകുതി നിര്‍മ്മാതാവിനാണ്. സി സ്പേസ് വഴി കലാലയങ്ങളിലും പുറത്തുമുള്ള ഫിലിം ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും. സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി നിശ്ചിത തുക നീക്കിവയ്ക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്. ഇന്ന് രാവിലെ 9.30ന് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി സ്‌പേസ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനാകും.

Advertisement