സിദ്ധാർത്ഥന്റെ മരണത്തിൽ തലസ്ഥാനത്ത് സമര പരമ്പര

തിരുവനന്തപുരം . പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ തലസ്ഥാനത്ത് സമര പരമ്പര. കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് വിവിധ സംഘടനകൾ മാർച്ച് നടത്തി. എം.എസ്.എഫ് നടത്തിയ മാർച്ചിനിടെ ഒരു പ്രവർത്തകൻ സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടന്നു. പിന്നാലെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ശേഷം എംജി റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ പൊലീസ് പിരിച്ചുവിട്ടത്. യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് തെരുവ് യുദ്ധമായി മാറി. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. വിഷയത്തിൽ ആം ആദ്മി പാർട്ടിയും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ, കെ.എസ്‌.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ എന്നിവർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന നിരാഹാരം മൂന്നാം ദിവസവും തുടരുകയാണ്. നാളെ എ.ബി.വി.പി നെടുമങ്ങാട് നിന്ന് സെക്രട്ടറിയേറ്റ് വരെ ലോങ്ങ് മാർച്ച് നടത്തും.

Advertisement