നവവധു ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം. കാട്ടാക്കടയിൽ നവവധു ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.
കല്ലാമം സ്വദേശി വിപിനെയാണ് സംഭവം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷം കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സോനയുടെ മരണത്തിന് കാരണം വിപിൻറെ മാനസിക, ശാരീരിക പീഡനമാണെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടി.

2023 ജൂലൈ രണ്ടിനാണ് പന്നിയോട് സ്വദേശിയായ ഇരുപത്തി മൂന്നുകാരി സോന ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയത്
വിപിനുമായുള്ള വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസമായിരുന്നു സംഭവം. ഈ സമയം ഭർത്താവ് വിപിനും മുറിയിൽ ഉണ്ടായിരുന്നു.
അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നെങ്കിലും , വിപനെ അറസ്റ്റ് ചെയ്തിരുന്നില്ല. മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ മാറി പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ എത്തിയതോടെയാണ് വിപിനെ അറസ്റ്റ് ചെയ്തത്. വിപിൻ സ്ഥിരം മദ്യപാനി ആണെന്നും , വിവാഹ ശേഷം സോനയെ ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടും പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ.

വിപിൻറെ മാതാവും മകളുടെ മരണത്തിന് ഉത്തരവാദിയെന്നാണ് സോനയുടെ മാതാപിതാക്കളുടെ ആരോപണം.
സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം , ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് വിപിനെതിരെ ചുമത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്

Advertisement