വാർത്താ നോട്ടം

Advertisement

വാർത്താനോട്ടം

2024 ജനുവരി 18 വ്യാഴം

BREAKING NEWS

👉മഹാരാജാസ് കോളേജിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടി നാസർ അബ്ദുൾ റഹിമാന് കുത്തേറ്റു. ഫ്രെറ്റേണിറ്റി പ്രവർത്തകരാണ് കുത്തിയത്.

👉ഗുരുതരമായി പരിക്കേറ്റ നാസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

👉 ഡോ. വന്ദന ദാസിൻ്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി ഇന്ന് ഹൈകോടതി പരിഗണിക്കും.

🌴 കേരളീയം 🌴

🙏മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരേ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയതു സേവനത്തിനാണെന്നു തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജിക് ഹാജരാക്കിയില്ലെന്നാണ് ബെംഗളൂരു ആര്‍ഒസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത്.

🙏കൊച്ചി വാട്ടര്‍ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസാണ് ഉടന്‍ ആരംഭിക്കുക. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സര്‍വ്വീസ് വീതമാണ് തുടങ്ങുക.

🙏കെഎസ്ആര്‍ടിസി ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്നും സ്വിഫ്റ്റ് ബസുകള്‍ ലാഭത്തിലാണെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. സ്റ്റോക്ക്, അക്കൗണ്ട്, പര്‍ച്ചേയ്സ് എന്നിവക്കായി പുതിയ സോഫ്‌റ്റ്വെയര്‍ ഒരുക്കി അഡ്മിനിസ്ട്രേഷന്‍ കമ്പ്യൂട്ടറൈസ് ചെയ്യും. യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

🙏സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് മുപ്പതു മിനിറ്റിനകം കൈമാറിയെന്ന് തദ്ദേശവികസന വകുപ്പ് മന്ത്രി എംബി രാജേഷ്. ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ നല്‍കിയിരുന്നു. മുപ്പത് മിനുട്ടില്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. കെ സ്മാര്‍ട്ടിലൂടെ സേവനങ്ങള്‍ എത്ര വേഗത്തിലാണ് ലഭ്യമാക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

🙏എല്ലാ ഇന്ത്യക്കാര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകാന്‍ പാവനമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യമാധ്യമമായ എക്സിലാണ് മോദിയുടെ കുറിപ്പ്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ മോദിക്ക് ഗുരുവായൂരപ്പന്റെ ദാരുശില്‍പം സമ്മാനിച്ചിരുന്നു.

🙏കൊച്ചി മറൈന്‍ ഡ്രൈവിലെ ബിജെപി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈവെട്ടിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസറായിരുന്ന ടി ജെ ജോസഫും. ബിജെപി നേതാക്കളാണ് ജോസഫിനെ യോഗത്തിലേക്കു ക്ഷണിച്ചത്. സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷനായി.

🙏പൂന്തുറയില്‍ തീരശോഷണം തടയാന്‍ ജിയോ ട്യൂബ് സ്ഥാപിക്കുന്നതിന്റെ രണ്ടാം ഘട്ട നിര്‍മാണം തുടങ്ങുന്നു. പൂന്തുറ പള്ളി മുതല്‍ ചെറിയമുട്ടം വരെ 700 മീറ്റര്‍ നീളത്തിലാണു ജിയോ ട്യൂബ് സ്ഥാപിക്കുന്നത്. നേരത്തെ പൂന്തുറയില്‍ 100 മീറ്റര്‍ നീളത്തില്‍ ജിയോ ട്യൂബ് സ്ഥാപിച്ചിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍ 15 മീറ്റര്‍ വ്യാസമുള്ള സിന്തറ്റിക് ജിയോ ട്യൂബുകളില്‍ മണല്‍ നിറച്ച് സ്ഥാപിച്ചാണ് നിര്‍മാണം. 20 കോടി രൂപ ചെലവില്‍ അഞ്ചു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.

🙏വീണ വിജയന്റെ കമ്പനി എക്സാലോജികിനെതിരേ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പ്രതിരോധം പൊളിഞ്ഞെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പുറത്തു വന്നത് നിര്‍ണായക വിവരങ്ങളാണെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

🙏 കര്‍ത്തവ്യപഥില്‍ ജനുവരി 26-ന് നടക്കുന്ന 75-ാം റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ കേരളത്തില്‍ നിന്ന് വിവിധ മേഖലകളിലുള്ള ഇരുനൂറോളം പേര്‍ക്ക് പ്രത്യേക ക്ഷണം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചവരും പ്രതിരോധ – വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വീര്‍ഗാഥ മത്സര വിജയികളും അടക്കമുള്ളവര്‍ക്കാണു ക്ഷണം.

🙏വനപാലകന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മലപ്പുറം ഡി.എഫ്.ഓ ടി അശ്വിന്‍ കുമാറിനെ താക്കീതു ചെയ്തു. കഴിഞ്ഞ ശനിയാഴ്ച മരിച്ച വനപാലകനായ സുനില്‍കുമാറിന്റെ മൃതദേഹം ഡി.എഫ്.ഓ ഓഫീസിനു മുന്‍പില്‍ പൊതുദര്‍ശനത്തിനു വയ്ക്കാന്‍ അനുമതി നല്‍കാത്തതിനാണു താക്കീതു ചെയ്തത്.

🇳🇪 ദേശീയം 🇳🇪

🙏ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ കീഴടങ്ങാന്‍ നാലാഴ്ച കൂടി സമയം ആവശ്യപ്പെട്ട് കേസിലെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച 11 പ്രതികള്‍ രണ്ടാഴ്ചയ്ക്കകം ജയിലിലേക്കു തിരികെ പോകണമെന്ന് ജനുവരി എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

🙏തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വിഗ്രഹ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ച പ്രതിപക്ഷ നേതാക്കള്‍ മറ്റു ക്ഷേത്രങ്ങളിലെ പൂജാ ചടങ്ങുകളില്‍ പങ്കെടുക്കും.

🙏ബംഗാളിലെ സന്ദേശ് ഖാലി ഗ്രാമത്തില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പോലീസും സിബിഐയും ഉള്‍പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ കല്‍ക്കത്ത ഹൈക്കോടതി നിയമിച്ചു. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

🙏ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ എക്സ്പ്രസ് ഹൈവേയില്‍ അജ്ഞാത മൃതദേഹത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി. പൊലീസ് റോഡില്‍നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. ആരാണ് മരിച്ചതെന്നും എങ്ങനെയാണ് മരിച്ചതെന്നും ഒരു വിവരവും ലഭിച്ചിട്ടില്ല.

🇦🇺 അന്തർദേശീയം 🇦🇽

🙏മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനെ കടിച്ചതുമൂലം പാതിവഴിയില്‍ വിമാനം തിരികെ പറന്നു. കടിച്ച അമ്പത്തഞ്ചുകാരനായ അമേരിക്കന്‍ പൗരന്‍ പിടിയിലായി. ടോക്കിയോയില്‍ നിന്ന് അമേരിക്കയിലേക്കു പറക്കുകയായിരുന്ന ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ് വിമാനത്തിലായിരുന്നു സംഭവം. എന്താണ് സംഭവിച്ചതെന്ന് ഓര്‍മയില്ലെന്നാണു യാത്രക്കാരന്‍ പൊലീസിനു നല്‍കിയ മറുപടി.

🏏 കായികം🏏

🙏ടൈ ആയതിനെ തുടര്‍ന്ന് രണ്ടു തവണ സൂപ്പര്‍ ഓവറുകള്‍ കളിച്ച അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മൂന്നാമത്തേയും അവസാനത്തേയും അത്യന്തം ആവേശകരമായ ട്വന്റി20 മത്സരത്തില്‍ അവസാന വിജയം ഇന്ത്യക്ക്.

🙏ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 22 ന് 4 എന്ന നിലയില്‍ നിന്ന് 69 പന്തില്‍ 121 റണ്‍സ് നേടിയ രോഹിത് ശര്‍മയുടേയും 39 പന്തില്‍ 69 റണ്‍സ് നേടിയ റിങ്കു സിംഗിന്റേയും മികവില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 212 റണ്‍സെടുത്തു.

🙏മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റേയും ഇബ്രാഹിം സര്‍ദാന്റേയും ഗുല്‍ബാദിന്‍ നെയ്ബിന്റേയും അര്‍ദ്ധസെഞ്ച്വറികളുടെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. മത്സരം ടൈ ആയതിനെ തുടര്‍ന്ന് എറിഞ്ഞ ആദ്യത്തെ സൂപ്പര്‍ ഓവറും 16 റണ്‍സെടുത്ത് ടൈ ആയതോടെ രണ്ടാമത്തെ സൂപ്പര്‍ ഓവറിലേക്ക് മത്സരം നീങ്ങി.

🙏 രണ്ടാമത്തെ സൂപ്പര്‍ ഓവറില്‍ ആദ്യം കളിച്ച ഇന്ത്യ 11 റണ്‍സ് നേടി. എന്നാല്‍ 12 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകളും വെറും മൂന്ന് പന്തുകള്‍ക്കുള്ളില്‍ വീഴ്ത്തി ബിഷ്‌ണോയ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.

Advertisement