രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുക ലക്ഷ്യം , പ്രധാനമന്ത്രി

Advertisement

കൊച്ചി. കൊച്ചിയിലെ കപ്പല്‍ശാലയില്‍ മൂന്ന് വന്‍കിട പദ്ധതികള്‍പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നാലായിരം കോടിയുടെ പദ്ധതിയാണ് നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചത്.

പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ കേരളത്തില്‍ എത്തിയതിന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. പദ്ധതികള്‍ കേരളമണ്ണില്‍ നിന്ന് സമര്‍പ്പിക്കുന്നത് അഭിമാനകരമാണെന്ന് പ്രധാനമന്ത്രിയും പറഞ്ഞു.

വില്ലിംഗ്ടണ്‍ ഐലന്റില്‍ കൊച്ചി രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈഡോക്, ഐഒസിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നിയാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. ഇന്ന് സൗഭാഗ്യത്തിന്റെ ദിനമെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിലെ വികസനോദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ ദക്ഷിണേന്ത്യയുടെ വികസനത്തില്‍ നാഴികക്കല്ലാകും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പറഞ്ഞു. രാജ്യത്തിന്റെ സമുദ്രമേഖലയുടെ വികസനത്തിനാണ് ശ്രമിക്കുന്നത്. തുറമുഖങ്ങള്‍ വലിയ വളര്‍ച്ചയാണ് നേടിയത്. ഗ്ലോബല്‍ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്. രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മോദിക്ക് നന്ദിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പൊതുവായ വികസനത്തിന്റെ ഭാഗമായി കേരളവും മാറുകയാണെന്നും രാജ്യത്തിന്റെ പൊതു വികസനത്തില്‍ കേരളം നല്‍കുന്ന പിന്തുണയുടെ കൂടി ഉദാഹരണമാണിത്. മേയ്ക്ക് ഇന്‍ ഇന്ത്യയില്‍ കേരളത്തിന്റെ പങ്ക് വലുതാണെന്നും ഐഎസ്ആര്‍ഒയുടെ പല പദ്ധതികളിലും കേരളത്തിലെ സ്ഥാപനങ്ങള്‍ പങ്കാളികളായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചന്ദ്രയാന്‍, ആദിത്യ തുടങ്ങിയ പ്രധാന പദ്ധതികളില്‍ കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യമുണ്ടെന്നും കൊച്ചി വാട്ടര്‍ മെട്രോയെ തേടി രാജ്യത്തിന്റെ പല സംസ്ഥാനങ്ങളും എത്തുന്നത് ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചിന്‍ ഷിപ്യാഡിലെ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി ബിജെപിയുടെ പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ ബി.ജെ.പി. ‘ശക്തികേന്ദ്ര ഇന്‍ചാര്‍ജ്’ മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെറെന്‍ ഡ്രൈവില്‍ എത്തി. ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏഴായിരം ശക്തികേന്ദ്ര പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പാര്‍ട്ടി മണ്ഡലം കമ്മിറ്റിക്കും ബൂത്തു കമ്മിറ്റിക്കും ഇടയിലുള്ള ഘടകമാണ് ശക്തികേന്ദ്ര. കേരളത്തില്‍ പഞ്ചായത്തു കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കും ഇടയില്‍ ശക്തികേന്ദ്രയ്ക്കു സ്ഥാനം നല്‍കിയിട്ടുണ്ട്. ബി.ജെ.പിക്ക് മണ്ഡലം, പഞ്ചായത്ത്, ബൂത്ത് കമ്മിറ്റികള്‍ എന്നിങ്ങനെയാണ് താഴേത്തട്ടിലുള്ള പാര്‍ട്ടി സംവിധാനം. മൂന്നു മുതല്‍ അഞ്ചു ബൂത്തുകളാണ് ശക്തികേന്ദ്രയുടെ പരിധിയില്‍ വരിക. സംസ്ഥാനത്ത് പഞ്ചായത്തു കമ്മിറ്റികളില്‍ ചുരുങ്ങിയത് 20 ബൂത്തുകളുണ്ടാകും. അഞ്ചു ബൂത്തുകള്‍ക്കു വീതം ഒരു ശക്തികേന്ദ്രയുണ്ടാകും. ഇതുപോലെ 6440 ശക്തികേന്ദ്രകളാണ് കേരളത്തിലുള്ളത്. ഓരോന്നിനും ഓരോ ചുമതലക്കാരും. ഇവരാണ് ഇന്നത്തെ ശക്തികേന്ദ്ര പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ളത്.

Advertisement