വാർത്താനോട്ടം

Advertisement


BREAKING NEWS
👉 മാന്നാറിൽ ഇസ്തരികട കത്തിനശിച്ചു. ആലുംമൂട് എസ് എം ഇസ്തരിക്കടയിൽ ലക്ഷങ്ങളുടെ നഷ്ടം
👉 പാർലമെൻ്റിലെ സുരക്ഷാവീഴ്ച;10.30 ന് ഇന്ത്യാ സഖ്യത്തിൻ്റെ യോഗം.ജെ പി സി അന്വേഷണം ആവശ്യപ്പെട്ടേക്കും.



👉പാർലമെൻ്റിലെ സുരക്ഷാവീഴ്ച കോൺഗ്രസ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി

👉ഗവർണർ പദവിയുടെ മാന്യത കാട്ടണമെന്നും, 73 കാരനായ ഗവർണ്ണർ കുട്ടികളെ വെല്ലുവിളിക്കുന്നത് അന്തസുള്ള കാര്യാമാണോ എന്നും മന്ത്രി എം ബി രാജേഷ്

കൊല്ലത്തെ രണ്ട് ക്ഷേത്ര മൈതാനികൾ നവകേരള സദസിന് വേദിയാക്കുന്നതിനെ തിരെ നൽകിയ ഹർജികൾ ഇന്ന് ഹൈകോടതി പരിഗണിക്കും.




👉വയനാട്ടിലെ ആളെക്കൊല്ലി കടുവയെ തിരിച്ചറിഞ്ഞു. WWL 45 എന്ന നമ്പരിലുള്ള13 വയസുള്ള ആൺകടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു.

👉കെ പി സി സി ട്രഷറർ വി പ്രതാപചൻ്റെ മരണം : ആരാപണ വിധേയർ നിയമനടപടിയിലേക്ക്



കേരളീയം 🌴


🙏സംസ്ഥാനത്തെ ഒരു ക്യാമ്പസിലും ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളിക്കു ബദല്‍ വെല്ലുവിളിയുമായി ഗവര്‍ണര്‍. 16 ന് കോഴിക്കോടെത്തുന്ന താന്‍ 18 വരെ കാലിക്കട്ട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എസ്എഫ്ഐയുടെ വെല്ലുവിളിയോടെ യൂണിവേഴ്സിറ്റി കാമ്പസിലേക്കു താമസം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

🙏മുഖ്യമന്ത്രി പിണറായി വിജയനു ചുമ. സംസാരിക്കാന്‍ ശബ്ദമില്ലാതെ ചങ്ങനാശേരിയിലെ നവ കേരള സദസ് വേദിയില്‍ പ്രസംഗം നിര്‍ത്തിവച്ചു. വേദിയിലെ ലൈറ്റിങ്ങിലും മുഖ്യമന്ത്രി പരാതി പറഞ്ഞിരുന്നു. തൊട്ടുമുന്നില്‍ ലൈറ്റ് വച്ചിരിക്കുന്നതിനാല്‍ ജനക്കൂട്ടത്തെ കാണാന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.


🙏ശബരിമല തീര്‍ത്ഥാടകര്‍ക്കായി ചെന്നൈ – കോട്ടയം റൂട്ടില്‍ സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍. നാളെ മുതല്‍ 25 വരെയാണ് സര്‍വീസ് നടത്തുക. 15, 17, 22, 24 തീയതികളില്‍ ചെന്നൈയില്‍നിന്ന് രാവിലെ നാലരയ്ക്കു പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. പിറ്റേന്നു രാവിലെ 4.40 ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍ എത്തും.



🙏കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആം ആദ്മി അക്കൗണ്ടു തുറന്നു. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ നെടിയക്കാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി സ്ഥാനാര്‍ത്ഥി ബീന കുര്യനെ കെജ്രിവാള്‍ അഭിനന്ദിച്ചു. നാലു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. കോണ്‍ഗ്രസിന്റെ സീറ്റാണ് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തത്.



🙏നവകരള സദസ് ബസിനെതിരെ ഷൂ എറിഞ്ഞ കേസിലെ പ്രതി ബേസില്‍ പാറേക്കുടിയെ തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞു. പൊലീസ് എത്തിയതോടെ സംഘര്‍ഷം ഒഴിവായി. ബേസില്‍ പാറേക്കുടിയെ പൊലീസ് സ്ഥലത്തുനിന്ന് മാറ്റി.

🙏പോരിനിടയിലും ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് ഏഴ് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് പണം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണു രാജ്ഭവനില്‍ പൗര പ്രമുഖര്‍ക്കു ക്രിസ്മസ് വിരുന്ന് നടന്നത്.


ദേശീയം 🇳🇪

🙏കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സന്ദര്‍ശക ഗാലറിയില്‍നിന്ന് എംപിമാര്‍ ഇരിക്കുന്ന ചേംബറിലേക്കു ചാടി മുദ്രാവക്യം മുഴക്കിയ രണ്ടു പേരടക്കം അഞ്ചു പേര്‍ അറസ്റ്റിലായി. ആറു പേരുള്ള സംഘത്തിലെ ആറാമനെ പോലീസ് തെരയുന്നു.


🙏 പിടിയിലായവരില്‍ ഒരാള്‍ യുവതിയാണ്. മൈസൂരു സ്വദേശിയായ എന്‍ജിനീയറിംഗ് ബിരുദധാരി ഡി. മനോരഞ്ജനും സാഗര്‍ ശര്‍മയുമാണ് പാര്‍ലമെന്റിനകത്തുനിന്നു പിടിയിലായത്. ബിജെപിയുടെ മൈസൂരു എംപി പ്രതാപ് സിന്‍ഹ നല്‍കിയ പാസ് ഉപയോഗിച്ചാണ് ഇവര്‍ അകത്തു കയറിയത്. പാര്‍ലമെന്റിനു പുറത്തു പ്രതിഷേധിച്ച ഹരിയാന സ്വദേശിനി 42 കാരി നീലം, മഹാരാഷ്ട്ര സ്വദേശി 25 കാരന്‍ അമോല്‍ ഷിന്‍ഡെ എന്നിവരും പിടിയിലായി.


🙏താമസിക്കാന്‍ ഇടം നല്‍കിയ അഞ്ചാമനെ രാത്രിയിലാണു പിടികൂടിയത്. ‘താനാശാഹീ നഹീ ചലേഗി’ (ഏകാധിപത്യം അനുവദിക്കില്ല) എന്നു മുദ്രാവാക്യം മുഴക്കിയാണു പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്കു ചാടിവീണത്.

🙏ശൂന്യവേള ആരംഭിക്കാനിരിക്കെയാണു പാര്‍ലമെന്റിന്റെ സന്ദര്‍ശക ഗാലറിയില്‍നിന്ന് രണ്ടു പേര്‍ എംപിമാരുടെ ഇരിപ്പിടങ്ങളിലേക്കു ചാടിയത്. ഇവരില്‍ ഒരാള്‍ ഗാലറിയില്‍ തുങ്ങിക്കിടന്നു മഞ്ഞപുക വമിപ്പിച്ചു. ഷൂസിനടിയില്‍ ഒളിപ്പിച്ചിരുന്ന പുക വമിക്കുന്ന സ്ഫോടകവസ്തു പ്രയോഗിക്കുകയായിരുന്നു



🙏താഴേക്കു ചാടിയ അക്രമി സ്പീക്കറുടെ ചേംബറിലേക്കു പോകാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് എംപി ഗുര്‍ജിത് സിംഗ് ഔജലിയാണു പിടികൂടിയത്. അയാളുടെ കൈയിലുണ്ടായിരുന്ന മഞ്ഞ പുക വമിക്കുന്ന സാധനം പിടിച്ചുവാങ്ങി പുറത്തേക്കെറിഞ്ഞു. ആംആദ്മി പാര്‍ട്ടി എംപി ഹനുമാന്‍ ബെനിവാളും അക്രമിയെ പിടികൂടാനുണ്ടായിരുന്നു.

🙏പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. സിആര്‍പിഎഫ് ഡിജി അനീഷ് ദയാല്‍ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

🙏 ലോക്സഭയിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പാര്‍ലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള വിശദീകരണം തേടി. സിസിടിവി കാമറകള്‍ അടക്കം പരിശോധിക്കുന്നുണ്ട്.

🙏പാര്‍ലമെന്റില്‍ സുരക്ഷ വര്‍ധിപ്പിച്ചു. എംപിമാരെ പ്രത്യേക ഗേറ്റിലൂടെ കടത്തിവിടും. മാധ്യമ പ്രവര്‍ത്തകര്‍ക്കും പാര്‍ലമെന്റ് ജീവനക്കാര്‍ക്കും വെവ്വേറെ ഗേറ്റ് ഒരുക്കും. സന്ദര്‍ശക ഗാലറിയില്‍ ഗ്ലാസ് മറ സജ്ജമാക്കും. സന്ദര്‍ശക പാസ് അനുവദിക്കുന്നതില്‍ താതക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.



🙏പാര്‍ലമെന്റിലേക്കു പ്രവേശിക്കാന്‍ അക്രമികള്‍ക്കു പാസ് നല്‍കിയ ബിജെപി എംപിയെ പുറത്താക്കണമെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വയ്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ എംപിയുടെ പാസുമായാണ് അക്രമികള്‍ എത്തിയിരുന്നതെങ്കില്‍ എന്തല്ലാം സംഭവിക്കുമായിരുന്നു. പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച രാജ്യത്തെ ഞെട്ടിച്ചെങ്കിലും നിസാരവത്ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം.

🙏പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായപ്പോള്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും എവിടെയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് എംപി അടക്കമുള്ളവരാണ് ഒട്ടും ഭയമില്ലാതെ അക്രമികളെ പിടികൂടിയത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

🙏ലോക്സഭയിലെ സന്ദര്‍ശക ഗാലറിയില്‍നിന്നു താഴേക്കു ചാടിയവരില്‍ ഒരാള്‍ തന്റെ മകനാണെന്ന് മനോരഞ്ജന്റെ അച്ഛന്‍ ദേവരാജ്. മകന് ഏതെങ്കിലും പ്രസ്ഥാനങ്ങളുമായി ബന്ധമില്ലെന്നും എന്‍ജിനിയറിംഗ് പഠിച്ചെങ്കിലും ജോലി ശരിയായില്ലെന്നും ദേവരാജ് പറഞ്ഞു. കൃഷി ചെയ്യാന്‍ തന്നെ സഹായിക്കാറുണ്ട്. സമൂഹത്തിനു ദോഷകരമായി അവന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവനെ തൂക്കിലേറ്റണമെന്നും ദേവരാജ് പറഞ്ഞു.

🙏ഡല്‍ഹി ഹൈക്കോടതിയില്‍ വനിതാ അഭിഭാഷകരുടെ കൂട്ടത്തല്ല്. ഹൈക്കോടതി കാന്റീനില്‍ ഉണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഇരിപ്പിടത്തെച്ചൊല്ലിയാണ് വഴക്കുണ്ടായത്. ഒരു വനിതാ അഭിഭാഷക മറ്റൊരു മുതിര്‍ന്ന വനിതാ അഭിഭാഷകയെ തല്ലുന്നതും വീഡിയോയിലുണ്ട്.



🙏മധ്യപ്രദേശില്‍ വീണ്ടും അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ പൊതുഇടങ്ങളില്‍ മാംസ വില്‍പന നിരോധിച്ചു. ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും അനിയന്ത്രിതമായ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും നിരോധിച്ചു. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ മന്ത്രിസഭ യോഗത്തിലാണു തീരുമാനം.

🙏തമിഴ് സീരിയല്‍ സിനിമ നടനായ രാഹുല്‍ രവിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി തമിഴ്നാട് പൊലീസ്. ഗാര്‍ഹിക പീഡനത്തിനു ഭാര്യ ലക്ഷ്മി എസ് നായര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ രാഹുല്‍ രവി ഒളിവിലാണ്.



🙏മുംബൈയിലെ സബര്‍ബന്‍ ട്രെയിനിലെ ലേഡീസ് കോച്ചില്‍ യുവതിയോടൊപ്പം നൃത്തം ചെയ്ത പൊലീസുകാരനെതിരേ അച്ചടക്ക നടപടി. വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് എസ് എഫ് ഗുപ്ത എന്ന പൊലീസുദ്യോഗസ്ഥനെതിരേ നടപടിയെടുത്തത്.


🇦🇺 അന്തർദേശീയം 🇦🇽

🙏സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച മൂന്നു സൈനികര്‍ കുറ്റക്കാരെന്ന് ജപ്പാനിലെ കോടതി. റിന ഗൊനോയി എന്ന 24 കാരിയായ സൈനിക ഉദ്യോഗസ്ഥ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം യുട്യൂബ് വീഡിയോയിലൂടെയാണ് വെളിപെടുത്തിയത്.


🏏 കായികം🏏


🙏ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയെ രണ്ട് ഗോളിന് തകര്‍ത്ത് ചെന്നൈയിന്‍ എഫ്‌സി. ചെന്നൈയിന്റെ രണ്ട് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു.

🙏ഇന്ത്യാ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണിപ്പോള്‍. ആദ്യ മത്സരം മഴ മുടക്കിയപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ ജയം ദക്ഷിണാഫ്രിക്കക്കൊപ്പമായിരുന്നു.

Advertisement