ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു, വിവിധ കേന്ദ്രങ്ങളിൽ വൻ പോലീസ് സന്നാഹം

Advertisement

പത്തനംത്തിട്ട: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് തുടരുന്ന സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിരവധി പോലീസുകാരെ നിയോഗിച്ചു. ഓരോ ദിവസവും നിരവധി ഭക്തരാണ് സന്നിധാനത്ത് ദർശനത്തിനായി എത്തിച്ചേരുന്നത്. പല ഘട്ടങ്ങളിലും തിരക്ക് നിയന്ത്രണാതീതമായി മാറിയതോടെയാണ് വൻ പോലീസ് സന്നാഹം ഒരുക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാൻ പമ്പയിലെയും, സന്നിധാനത്തെയും പോലീസ് സേന പൂർണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.

തിരക്ക് പരിഗണിച്ച് ആശുപത്രികളിലെ ആംബുലൻസിന്റെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ സേവനത്തിനായി രണ്ട് ആംബുലൻസുകൾ മാത്രമായിരുന്നു സജ്ജമാക്കിയിരുന്നുള്ളൂ. ഇതിന് പുറമേ, ഒരു ഓഫ് റോഡ് ആംബുലൻസ് കൂടി എത്തിച്ചിട്ടുണ്ട്. ശാരീരിക അവശതകളെ തുടർന്ന് ഇന്നലെയും നിരവധി തീർത്ഥാടകരെയാണ് സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സും ദുരന്തനിവാരണ സേനയും രംഗത്തെത്തിയിട്ടുണ്ട്.

തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ശബരിമലയിലെ ദർശന സമയം നീട്ടാൻ തീരുമാനമായിട്ടുണ്ട്. ദർശന സമയം ഒരു മണിക്കൂർ നീട്ടാനാണ് തന്ത്രി അനുമതി നൽകിയത്. ഇത് പ്രകാരം, ഇനി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഭക്തരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചതിനാൽ, ശബരിമലയിൽ ദർശനത്തിനുള്ള ക്യു 18 മണിക്കൂറിലധികമാണ് നീണ്ടുനിന്നത്.

Advertisement