ഭർതൃവീട്ടിൽ താമസിക്കാൻ ഭയമെന്ന് ഷൈമോൾ അമ്മയോടു പറഞ്ഞു; പിന്നാലെ മരണം: ഭർത്താവ് അറസ്റ്റിൽ

Advertisement

ഏറ്റുമാനൂർ (കോട്ടയം): ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അതിരമ്പുഴ ശ്രീകണ്ഠമംഗലം, പനയത്തിക്കവല പാക്കത്തുകുന്നേൽ അനിൽ വർക്കി (26) യെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അതിരമ്പുഴ കാട്ടൂപ്പാറ ഷൈമോൾ സേവ്യർ(24) ആണ് മരിച്ചത്.

ഈ മാസം ഏഴിനു രാവിലെയാണ് ഷൈമോളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

മകളെ നെഞ്ചുവേദനയെ തുടർന്നു ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും ഉടൻ വരണമെന്നും ഭർത്താവിന്റെ വീട്ടുകാർ ഷൈമോളുടെ അമ്മയെ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. മകളെ അപായപ്പെടുത്തിയതാണോയെന്ന സംശയത്തെ തുടർന്നാണ് ഷൈമോളുടെ മാതാവ് ഷീല ഷാജി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്.

മരിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് മകൾ ഫോൺ ചെയ്തിരുന്നുവെന്നും തന്നെ ഭർത്താവ് ഉപദ്രവിക്കുന്നതായി പറഞ്ഞെന്നും അമ്മ ഷീല പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ ഷൈമോളുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പ്രണയത്തിലായിരുന്ന ഇരുവരും നാലു വർഷം മുൻപാണ് വിവാഹിതരായത്. രണ്ടു വയസ്സുള്ള കുട്ടിയുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഷൈമോൾ അവസാനമായി സ്വന്തം വീട്ടിൽ എത്തിയത്. അന്നാണ് ഭർത്താവ് ഉപദ്രവിക്കുന്ന കാര്യം വീട്ടുകാരോട് വെളിപ്പെടുത്തിയത്. കൂടാതെ ഭർതൃവീട്ടിൽ താമസിക്കാൻ ഭയമാണെന്നും മകൾ പറഞ്ഞിരുന്നതായി ഷീല പറയുന്നു. ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ എന്തെങ്കിലും ജോലി നോക്കി കുട്ടിയെ വളർത്തണമെന്നു തീരുമാനത്തിലായിരുന്നു ഷൈമോൾ. അതിനുള്ള തയാറെടുപ്പിനിടയിലാണ് മരണം. അതിനാൽ ആത്മഹത്യയാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഷൈമോളുടെ വീട്ടുകാർ പറയുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടം ചെയ്ത മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചു.

Advertisement