അടൂരിലെ കരിക്കിനേത്തിൽ മോഷണം; ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കൾ പിടിയിൽ

Advertisement

പത്തനംതിട്ട: അടൂരിൽ വസ്ത്ര വ്യാപാരശാലയുടെ മേൽക്കൂര കുത്തിപ്പൊളിച്ച് മൂന്ന് ലക്ഷത്തിലധികം രൂപയും വസ്ത്രങ്ങളും മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാനക്കാരായ മൂന്നു പേര്‍ അറസ്റ്റിൽ. ഉത്തർപ്രദേശ് ആഗ്ര സ്വദേശി രാഹുൽ സിങ് (29), സഹോദരൻ ഓം പ്രകാശ് (51), ഉത്തർപ്രദേശ് ഈറ്റ സ്വദേശി അങ്കൂർ (29) എന്നിവരെയാണ് അടൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

അടൂർ ടൗണിലെ കരിക്കനേത്ത് സിൽക്ക് ഗലേറിയ എന്ന വസ്ത്ര വ്യാപാരശാലയിൽ ഒക്ടോബർ 18ന് രാത്രിയാണ് മോഷണം നടന്നത്. അഞ്ചുനില കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള പൈപ്പിലൂടെയാണ് മോഷ്ടാക്കൾ മുകളിൽ കയറിയത്. തുടർന്ന് മേൽക്കൂരയുടെ ഷീറ്റ് ഇളക്കി മാറ്റിയശേഷം മുകളിലത്തെ ഭിത്തി തുരന്ന് അകത്തുകടന്നു. ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും വസ്ത്രങ്ങളുമാണ് മോഷ്ടിച്ചത്. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.

ഉടമയുടെ മൊഴിയില്‍ കേസ് റജിസ്റ്റർ ചെയ്ത പൊലീസ്, വിരലടയാള വിദഗ്ധരുടെയും ശാസ്ത്രീയ അന്വേഷണ സംഘത്തിന്റെയും സാന്നിധ്യത്തിൽ സ്ഥലത്തുനിന്നും പ്രാഥമിക തെളിവുകൾ ശേഖരിച്ചിരുന്നു. സ്ഥാപനത്തിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികൾ ഇതര സംസ്ഥാനക്കാരാണെന്ന് കണ്ടെത്തി. തുടർന്ന് സ്ഥാപനത്തിലെയും പരിസരത്തുള്ള കച്ചവടസ്ഥാപനങ്ങളിലെയും അറ്റകുറ്റപ്പണികൾക്കായി എത്തിയിട്ടുള്ള തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം കാര്യക്ഷമമാക്കി. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായി പരിശോധിച്ചു.

മോഷണം നടത്തിയശേഷം പ്രതികൾ കൊല്ലം ഭാഗത്തേക്കു പോയിട്ടുള്ളതായി മനസ്സിലാക്കിയ പൊലീസ് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തുടർന്ന് മോഷ്ടാക്കൾ കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം എത്തിയതായും, അവിടെയൊരു ലോഡ്ജിൽ തങ്ങിയതായും കണ്ടെത്തി. ലോഡ്ജിൽ നൽകിയ മേൽവിലാസവും ഫോൺ നമ്പരും പരിശോധിച്ചതിൽ ഫോൺ നമ്പർ നിലവിൽ ഉപയോഗത്തിലില്ലാത്തതാണെന്നും മേൽവിലാസം പൂർണമല്ലെന്നും കണ്ടെത്തി. മേൽവിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് വിവരം ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രെയിനിൽ സഞ്ചരിക്കുന്നതായി കണ്ടെത്തി. തുടർന്ന് തമിഴ്നാട്ടിലെ പുളിയൻകുടിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

മോഷണത്തിനു തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ എത്തുമ്പോൾ പ്രതികൾ ഫോൺ ഓഫ് ചെയ്യാറുള്ളതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ട്രെയിനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്തിയ ശേഷം സ്വന്തം നാട്ടിലേക്കു പോകാതെ മറ്റു സ്ഥലങ്ങളിലെത്തി മോഷണം തുടരുന്നതാണ് പ്രതികളുടെ രീതി.

വൈദ്യപരിശോധനയ്ക്ക് ശേഷം അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. പ്രതികൾ സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ളതായി സൂചന ലഭിച്ചു. തൃശൂർ, കുന്നംകുളം, കൊല്ലം, കൊട്ടിയം, വയനാട്, ബത്തേരി, കോഴിക്കോട്, ഫറോക്ക് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ നടന്ന മോഷണങ്ങളിൽ പ്രതികൾക്കു പങ്കുള്ളതായി സംശയമുണ്ട്.

മോഷ്ടിച്ച പണവും വസ്ത്രങ്ങളും പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പിനു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. മൂന്നു പേരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. മുഖ്യപ്രതി രാഹുൽ സിങ് ഓരോ മോഷണത്തിലും പ്രത്യേകം ആളുകളെ തിരഞ്ഞെടുത്ത് കൂടെക്കൂട്ടി വന്നിരുന്നതായും, ഇയാളുടെ സഹോദരനും മൂന്നാം പ്രതിയുമായ ഓം പ്രകാശ് ബെൽറ്റ് കച്ചവടത്തിന്റെ മറവിൽ വിവിധ സ്ഥലങ്ങളിലെത്തി കച്ചവട സ്ഥാപനങ്ങളുടെ വിവരങ്ങൾ ഒന്നാം പ്രതിക്ക് നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. രാഹുൽ സിങ് കൊല്ലത്തെ ഒരു ഹോട്ടലിൽ മുൻപ് കുറച്ചുനാൾ ജോലി നോക്കിയിട്ടുണ്ട്.

Advertisement