മാനവീയം വീഥിയിലെ സംഘര്‍ഷം; കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞു

Advertisement

തിരുവനന്തപുരം: മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കൂടുതല്‍ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശിവയില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ മറ്റുള്ളവരെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.ശനിയാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു ആക്രമണമുണ്ടായത്. പരിപാടി കാണാനെത്തിയ പൂന്തുറ സ്വദേശി അക്സലന്‍ (27) അനുജന്‍ ജനീഷ് എന്നിവരെയാണ് സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. അക്സലനെ സംഘം നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അക്സലന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. കലാപരിപാടിക്കിടെ നൃത്തം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. അക്സലനെ മര്‍ദ്ദിക്കുമ്പോള്‍ ഒരു സംഘം ചുറ്റിലും നൃത്തം വയ്ക്കുന്നതും ആര്‍പ്പുവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ വീഡിയോയില്‍ കാണുന്നത് കൂടാതെ വേറെയും സംഘര്‍ഷങ്ങള്‍ നടന്നതായി കണ്ടെത്തി. ശിവ പിടിയിലായതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. നിലവില്‍ മാനവീയം വീഥിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Advertisement