വിദ്വേഷ പ്രചാരണം , കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു

Advertisement

തിരുവനന്തപുരം . കളമശേരി സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു.ഒരു മതവിഭാഗത്തിെനതിരെ പ്രചാരണം നടത്തി ലഹളക്ക് ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.ഇതുകൂടാതെ സംസ്ഥാനത്താകെ 24 പേര്‍ക്കെതിരെ കൂടി വിദ്വേഷ പ്രചാരണത്തിന് കേസെടുത്തിട്ടുണ്ട്.കേസെടുത്തത് കൊണ്ട് രാജീവ് ചന്ദ്രശേഖർ പേടിച്ചോടില്ലെന്നു കേന്ദ്ര മന്ത്രി വി.മുരളീധരൻ പ്രതികരിച്ചു.

കളമശേരി സ്ഫോടനത്തിന് പിന്നാലെ തീവ്രവാദികളായ ഹമാസിനെ ക്ഷണിച്ച് ജിഹാദിന് അവസരം കൊടുക്കുന്ന കേരളത്തിലെ രാഷ്ട്രീയത്തിന്റെ ഫലമാണ് സ്ഫോടനമെന്നു രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.വിവിധ പരാതികൾ ലഭിച്ചതിനു പിന്നാലെ പൊലീസിലെ സൈബര്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ഈ കുറിപ്പ് വിദ്വേഷപ്രചാരണമാണെന്ന് കണ്ടെത്തി.പിന്നാലെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കണമെന്ന ലക്ഷ്യത്തോടെ മനപൂർവം ലഹളയ്ക്ക് ശ്രമിച്ചെന്നും ഒരു മതവിഭാഗത്തിനെതിരെ പ്രചാരണം നടത്തിയെന്നുമുള്ള പരാമര്‍ശമാണ് എഫ്.ഐ.ആറിലുള്ളത്.കേസ് മതധ്രൂവീകരണം ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാർ നീക്കമാണെന്നും കേന്ദ്ര മന്ത്രി മുരളീധരൻ.

സ്ഫോടനത്തെ പലസ്തീന്‍ വിഷയവുമായി ചേര്‍ത്ത് പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ കെ.പി.സി.സി ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ നടപടിയായിട്ടില്ല. അതേസമയം സംസ്ഥാനത്താകെ 24 കേസുകളെടുത്തു.വിദ്വേഷ പ്രചാരണം നടത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് ഡി.ജി.പിയുടെ നിര്‍ദേശം.

Advertisement