കോട്ടയത്തിനു പുറമേ ഒരു സീറ്റ് കൂടി വേണം, കേരളാ കോൺഗ്രസ് എം

Advertisement

തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തിനു പുറമേ ഒരു സീറ്റ് കൂടി ആവശ്യപ്പെടാൻ കേരളാ കോൺഗ്രസ് എം തീരുമാനം.
പത്തനംതിട്ട,ഇടുക്കി,ചാലക്കുടി സീറ്റുകളിലൊന്നാണ് ആവശ്യം.സീറ്റ് ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്നും കൂടിയാലോചിച്ച് തീരുമാനിക്കുമെന്നുമാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ നിലപാട്.

കേരള കോൺഗ്രസ്സ് എമ്മിന്റെ കോട്ടയം സീറ്റിൽ സിപിഎം കൈവയ്ക്കില്ല.
ഇതിനു പുറമേ ഒരു സീറ്റാണ് പാർട്ടിയുടെ ആവശ്യം.പത്തനംതിട്ട ലക്ഷ്യം വെയ്ക്കുന്നതിനു പിന്നിൽ കാരണങ്ങൾ നിരവധി.പത്തനംതിട്ട ലോക്സഭ മണ്ഡലം ഉൾകൊള്ളുന്ന കാഞ്ഞിരപ്പള്ളിയും,പൂഞ്ഞാറും ശക്തി കേന്ദ്രങ്ങളാണ് ഇവിടെ കേരള കോൺഗ്രസിന് എം.എൽ.എമാരുമുണ്ട്. പരമ്പരാഗത ശക്തി കേന്ദ്രമായ ഇടുക്കിയും
കേരള കോൺഗ്രസ്സ് എം ആഗ്രഹിക്കുന്നു. ഭരണത്തിലുള്ളതിനാല്‍ ശക്തി തിരികെ ലഭിച്ച നിലയിലാണ് പാര്‍ട്ടി പെരുമാറുന്നത്.
ഇടുക്കി ലഭിച്ചാൽ യുഡിഎഫിൽ നിന്ന് തിരിച്ചു പിടിക്കാമെന്ന ഉറപ്പാകും മാണി കോൺഗ്രസ് മുന്നണി നേതൃത്വത്തിന് നൽകുക. ഇതു രണ്ടും കിട്ടിയില്ലെങ്കിൽ ചാലക്കുടി വേണമെന്ന് കേരളാ കോൺഗ്രസ് ആവശ്യപ്പെടും.
എല്ലാവർക്കും സീറ്റ് ആവശ്യപ്പെടാമെന്നും
കൂട്ടായി ആലോചിച്ചു തീരുമാനം എടുക്കാമെന്നും എല്‍ഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതികരിച്ചു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 20ൽ 16 സീറ്റിലും സിപിഎമ്മോ അവർ പിന്തുണയ്ക്കുന്ന സ്വതന്ത്രരോ ആണ് മത്സരിച്ചത്.നാലു സീറ്റിൽ സിപിഐയും. എല്‍ഡിഎഫ് നേതൃത്വം എന്ത് തീരുമാനിക്കും എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ കൗതുകം.

Advertisement