പെരുമ്പാടി ചുരത്തിൽ അമേരിക്കൻ സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം; രണ്ടാഴ്ച പഴക്കം

Advertisement

കണ്ണൂർ: തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 18–19 വയസ്സുള്ള യുവതിയുടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്.

കണ്ണൂരിൽനിന്നു ബെംഗളൂരുവിലേക്ക് പോകുന്ന പ്രധാന അന്തർസംസ്ഥാന പാതയിലാണു മാക്കൂട്ടം ചുരം. കേരള അതിർത്തിയായ കൂട്ടുപുഴയിൽനിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ചുരത്തിനു സമീപമുള്ള കുഴിയിൽ ബ്രീഫ് കേസ് ഉപേക്ഷിച്ച നിലയിലായിരുന്നു. ഇൻക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങൾ വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്കു മാറ്റി.

കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണു മൃതദേഹം കണ്ടെത്തിയത്. ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നു കർണാടക പൊലീസ് അറിയിച്ചു. അമേരിക്കയിൽനിന്നുള്ള പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന ചുരിദാർ സൂചനയായി കണക്കാക്കിയാണ് അന്വേഷണം.

Advertisement