സോളാര്‍ ചൂടില്‍ ഉരുകിയൊലിച്ച് കേരള നിയമസഭ

Advertisement

തിരുവനന്തപുരം. സോളാര്‍ ചൂടില്‍ ഉരുകിയൊലിച്ച് കേരള നിയമസഭ. ഉമ്മൻ‌ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ആരോപണങ്ങൾ നിഷേധിച്ച മുഖ്യമന്ത്രി, കോടതിയിൽ സി ബി ഐ സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന് ലഭിച്ചില്ലെന്നും കൂട്ടിച്ചേർത്തു. പ്രതിപക്ഷം ആവശ്യപ്പെട്ടാൽ ഗൂഢാലോചനയിൽ അന്വേഷണത്തിന്റെ സാധ്യത പരിശോധിക്കാമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി

സോളാറിൽ ഉമ്മൻ‌ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോർട്ട് ഉയർത്തിയാണ് പ്രതിപക്ഷം സഭയിൽ ഭരണപക്ഷത്തിനെതിരെ തിരിഞ്ഞത്. വിഷയത്തിൽ സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങൾ ഇങ്ങനെ

മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് ശക്തിയുക്തം ആരോപിച്ചു. ക്രിമിനൽ ഗൂഢാലോചനയിൽ സി ബി ഐ അന്വേഷണത്തിന് സർക്കാർ തയാറുണ്ടോ എന്നും വി ഡി സതീശൻ. പിലാത്തോസിനെപ്പോലെ ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് കൈകഴുകിയാല്‍ തീരില്ല എന്നും സതീശന്‍പറഞ്ഞു.

പ്രതിപക്ഷ ആരോപണങ്ങൾ പക്ഷെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഗൂഢാലോചനയിൽ അന്വേഷണം പ്രഖ്യാപിക്കാൻ തയാറെന്ന സൂചനയും മുഖ്യമന്ത്രി നൽകി

സിബിഐ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന സർക്കാർ വാദം അവിശ്വസനീയമെന്നും പ്രതിപക്ഷം ആരോപിച്ചു. ഗൂഢാലോചനയിൽ പ്രതിപക്ഷം രേഖമൂലം അന്വേഷണം ആവശ്യപ്പെടുമോ എന്നതും സർക്കാർ അക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്നതുമാണ് ഇനി അറിയേണ്ടത്

Advertisement