കെഎസ്ആർടിസിയിൽ 1,21,110 രൂപയുടെ പണം തട്ടൽ; ജീവനക്കാരൻ നിർമിച്ചത് 12 വ്യാജ രസീത് ബുക്കുകൾ

Advertisement

പാലക്കാട്: കെഎസ്ആർടിസി പാലക്കാട് ഡിപ്പേ‍ായിലെ ബജറ്റ് ടൂറിസം സെല്ലിൽ നിന്നു പണം വെട്ടിക്കാൻ സെൽ കോ ഓർഡിനേറ്റർ വ്യാജമായി അച്ചടിച്ചത് 12 രസീത് ബുക്കുകൾ. ഇതുപയേ‍ാഗിച്ച് 1,21,110 രൂപ തട്ടിയെടുത്തതായി കെഎസ്ആർടിസി ഒ‍ാഡിറ്റ് വിഭാഗം (വിജിലൻസ്) നടത്തിയ പരിശേ‍ാധനയിൽ കണ്ടെത്തി. ബസ് സർവീസ് നടത്തുന്ന തീയതിക്കു മുൻപുതന്നെ വ്യാജ രസീത് ഉപയോഗിച്ചു യാത്രക്കാരിൽ നിന്നു തുക കൈപ്പറ്റിയായിരുന്നു തട്ടിപ്പ്.

യാത്രകളുടെ വരുമാനം റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. പ്രാഥമികാന്വേഷണ റിപ്പേ‍ാർട്ടിന്റെ അടിസ്ഥാനത്തിൽ പാലക്കാട് യൂണിറ്റിലെ കണ്ടക്ടറും ബജറ്റ് സെൽ കേ‍ാ ഒ‍ാർഡിനേറ്ററുമായ കെ.വിജയശങ്കറിനെ കേ‍ാർപറേഷൻ സസ്പെൻഡ് ചെയ്തു. സംഭവത്തെ തുടർന്ന്, 2021 നവംബർ 15നു പാലക്കാട് ഡിപ്പോയിൽ ആരംഭിച്ച ബജറ്റ് ടൂറിസം സർവീസ് സെല്ലിലെ മുഴുവൻ പണമിടപാടും പരിശേ‍ാധിക്കാൻ ആരംഭിച്ചു.

വിജയശങ്കർ കൂടുതൽ പണം കൈക്കലാക്കിയിട്ടുണ്ടെന്നാണു സൂചന. വിഷയത്തിൽ കോർപറേഷൻ ആഭ്യന്തര വിഭാഗവും അന്വേഷണം നടത്തും. ടൂറിസം സെൽ സംഘടിപ്പിച്ച രണ്ടു ബജറ്റ് യാത്രകളുടെ വരുമാനത്തിൽ നിന്നാണ് ഇയാൾ 1,21,110 രൂപ തട്ടിയെടുത്തത്. മേയ് 20ന് ഗവി, വയനാട് യാത്രകളുടെ വരുമാനം ഒ‍ാഫിസിൽ നൽകിയില്ല.

തുക ഒ‍ാൺലൈൻ മുഖേന അയച്ചു എന്നു ജീവനക്കാരൻ അവകാശപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നു ക്ലസ്റ്റർ ഓഫിസർ റിപ്പേ‍ാർട്ട് ചെയ്തു. പാലക്കാട് – വയനാട് സർവീസിൽ നിന്ന് 58,110 രൂപയും പാലക്കാട് – ഗവി സർവീസിൽ നിന്ന് 63,000 രൂപയുമാണു വരുമാനം. സംഭവത്തിനു പിന്നിൽ കൂടുതൽ പേരുണ്ടേ‍ാ എന്നും അന്വേഷിക്കുന്നുണ്ട്.

കോർപറേഷന്റെ പണം കൈക്കലാക്കിയ ജീവനക്കാരനിൽ നിന്ന് അതു തിരിച്ചുപിടിക്കും. ഇയാൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നതും പരിഗണനയിലാണ്. ഇപ്പേ‍ാൾ നടക്കുന്ന വിശദപരിശേ‍ാധനയുടെ റിപ്പേ‍ാർട്ട് ലഭിച്ച ശേഷമായിരിക്കും തുടർ നടപടി. പാലക്കാട് ഡിപ്പേ‍ായിലെ പെ‍ാതുസ്ഥിതിയും നിരീക്ഷിച്ചുവരികയാണ്.

Advertisement