പിവി അൻവർ എംഎൽഎക്ക് എതിരെഗുരുതര കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ്

Advertisement

കോഴിക്കോട്.പിവി അൻവർ എം.എൽ.എക്ക് എതിരെ ഗുരുതര കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ്. പിവിആ‍ർ എന്റർടൈൻമെന്റ്സ് എന്ന പേരിൽ പാർടണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി നിയമം മറികടക്കാനാണെന്നാണ് ലാൻഡ് ബോർഡിന്റെ കണ്ടെത്തൽ. റിപ്പോർട്ട് പ്രകാരം 15 ഏക്കർ ഭൂമി കണ്ടുകെട്ടാൻ നിർദേശമുണ്ട്.ഏഴ് ദിവസത്തിനകം പരാതിക്കാർക്കും അൻവറിനും അവരുടെ ഭാ​ഗങ്ങൾ അവതരിപ്പിക്കാം.

പിവി അൻവർ എംൽഎ ഭൂപരിധി നിയമം ലംഘിച്ച് കൊണ്ട് അധിക ഭൂമി കൈവശം വെക്കുന്നു എന്നത് സംബന്ധിച്ച് കെ.വി ഷാജി നൽകിയ പരാതിയിലാണ് ലാൻഡ് ബോർഡ് സിറ്റിംങ് നടത്തിയത്.22 ഏക്കർ ഭൂമിയാണ് അൻവറിന്റെ പക്കലുള്ളത്.
ലാൻഡ് ബോർഡ് ഓതറൈസ്ഡ് ഓഫീസർ സമർപ്പിച്ച അന്തിമ റിപ്പോർട്ട് പ്രകാരം 15 ഏക്കർ ഭൂമി കണ്ടുകെട്ടാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പി വി അൻവറും ഭാര്യ അഫ്സത്തും ചേർന്നാണ് പിവിആ‍ർ എന്റർടൈൻമെന്റ്സ് എന്ന പേരിൽ പാർടണർഷിപ്പ് സ്ഥാപനം തുടങ്ങിയത്. ഭൂപരിധി കടന്ന തിയ്യതിയ്ക്ക് ശേഷമാണ് ഈ സ്ഥാപനം രൂപീകരിച്ചത് എന്നും ഇത് കെഎൽആർ ആക്ട് വകുപ്പ് 83 മറികടക്കാനാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.ഇത് പാർടണർഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാത്തത് ആണെന്നും റിപ്പോർട്ടിൽ ഉണ്ട്. ഡീഡ് ഓഫ് പാർടണർഷിപ്പിന് വേണ്ടി ഉപയോ​ഗിച്ചിരിക്കുന്ന 5000 രൂപയുടെ മുദ്രപത്രം കരാർ ഏർപ്പട്ടവരുടെ പേരിലല്ല എന്നും സ്റ്റാമ്പ് പേപ്പർ വാങ്ങിയത് മൂന്നാം കക്ഷിയുടെ പേരിലെന്നും കണ്ടെത്തലുണ്ട്.ഇത് കേരളാ സ്റ്റാമ്പ് ആക്ടിന്റെ ലംഘനമാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. ഏഴ് ദിവസത്തിനകം പരാതിക്കാർക്കും അൻവറിനും അവരുടെ ഭാ​ഗങ്ങൾ അവതരിപ്പിക്കാം – ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.

Advertisement