ഓണക്കുടിയിൽ മുന്നിൽ ഇരിങ്ങാലക്കുട, പിന്നാലെ കൊല്ലം; പക്ഷേ കൈയ്യടി ചിന്നകനാലിന്, കാരണം!

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം പൊടിപൊടിക്കുകയാണ്. അതിനിടയിലാണ് മദ്യ വിൽപ്പനയും ഇക്കുറി പൊടി പൊടിച്ചെന്ന കണക്കുകൾ പുറത്തുവന്നത്. ഇത്തവണത്തെ ഓണക്കാലത്ത് സംസ്ഥാനത്ത് വിറ്റു പോയത് കോടിക്കണക്കിന് രൂപയുടെ മദ്യമാണ്. ഉത്രാട ദിനം വരെയുള്ള കണക്കുകൾ വച്ച് നോക്കിയാൽ ഇക്കുറി കഴിഞ്ഞ തവണത്തെ റെക്കോർഡും ഭേദിച്ചെന്ന് വ്യക്തമാകും. ഉത്രാട ദിനം വരെയുള്ള കഴിഞ്ഞ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യവിൽപ്പനയാണ് ബെവ്കോ നടത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയിരുന്നത്. അതായത് ഇക്കുറി 41 കോടിയുടെ മദ്യമാണ് അധികമായി വിറ്റുപോയത്.

ഉത്രാട ദിവസത്തെ മാത്രം കണക്ക് പരിശോധിച്ചാൽ 121 കോടി രൂപയുടെ മദ്യം വിൽപ്പനയാണ് നടന്നത്. ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞ വർഷമാകട്ടെ ഔട്ട് ലൈറ്റുകളിലൂടെ 112. 07 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇക്കുറി ഉത്രാട കുടിയിൽ മുന്നിലെത്തിയത് ഇരിങ്ങാലക്കുടയാണ്. 1. 06 കോടിയുടെ മദ്യ വിൽപ്പനയാണ് ഇരിങ്ങാലക്കുടയിൽ നടന്നത്. കൊല്ലമാണ് ഇക്കാര്യത്തിൽ രണ്ടാമതുള്ളത്. കൊല്ലം ആശ്രമം ഔട്ട് ലെറ്റും വിൽപ്പനയിൽ ഒരു കോടി കടന്നു. ഇവിടെ 1.01 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്. എന്നാൽ ചിന്നകനാലാണ് ഇക്കുറി മദ്യ വിൽപ്പനയിൽ ഏറ്റവും കയ്യടി നേടുന്നത്. ഉത്രാട ദിനത്തിൽ ഏറ്റവും കുറവ് മദ്യ വിൽപന നടന്ന ഔട്ട് ലെറ്റ് എന്ന ഖ്യാതി ഇക്കുറി ചിന്നകനാൽ സ്വന്തമാക്കി. ഇവിടെ 6. 32 ലക്ഷം രൂപയുടെ വിൽപ്പന മാത്രമാണ് ഉത്രാട ദിനത്തിൽ നടന്നത്.

അതേസമയം വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്നാണ് ബെവ്‌കൊ എം ഡി പ്രതികരിച്ചത്. അന്തിമ വിറ്റുവരവ് കണക്കു വരുമ്പോള്‍ വില്‍പ്പന ഇനിയും ഉയരുമെന്നാണ് ബെവ്‌കോ എം ഡി പറയുന്നത്.

Advertisement