ഒരുമിച്ച് മദ്യപാനം, ചെറിയ വഴക്ക് കത്തിക്കുത്തായി; 2 പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ

Advertisement

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ രണ്ടുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേല്പിച്ച കേസിൽ പ്രതികള്‍ പിടിയിൽ. വെങ്ങാനൂർ വില്ലേജിൽ പനങ്ങോട് മിലേനിയം റോഡിൽ കുഞ്ച് വീട് മേലെ വീട്ടിൽ ദിലീഷ് (40), പനങ്ങോട് പെരുമരം ആയില്യം വീട്ടിൽ ശ്യാം രാജ് ( 47 )എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വെങ്ങാനൂർ സ്വദേശിയായ മനോരഞ്ജിത്തിനെയും കൊച്ചുവാവ എന്ന് വിളിക്കുന്ന ആനന്ദിനെയുമാണ് പ്രതികൾ ഗുരുതരമായി കുത്തി പരിക്കേല്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒറ്റശേഖരമംഗലം സ്വദേശിയായ ഷാജി എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന കോവളം മുട്ടയ്ക്കാട് ചിറയിലെ വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളുമായ അഞ്ചുപേരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.

അക്രമം നടന്ന ഉടനെ തന്നെ ഷാജി ഒളിവിൽ പോയി. കൂടെയുണ്ടായിരുന്ന ദിലീഷ് , ശ്യാം രാജ് എന്നിവരെ കോവളം സി.ഐ. ബിജോയിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, സുരേഷ്, അനിൽകുമാർ, എ.എസ്.ഐ .മുനീർ , സി.പി. ഒ മാരായ സജിത്ത്, അശോകൻ, ഷൈജു, ശ്യം സുധീർ എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Advertisement