ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്,അതേ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു

Advertisement

കൊച്ചി . ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. വിസ്മയ കേസ്, ഉത്തരാ കൊലപാതകം തുടങ്ങിയ കേസുകളിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ.മോഹൻ രാജ്നെയാണ് നിയമിച്ചത്. കുറ്റപത്രത്തിന്റെ കരട് രേഖ തയ്യാറായെന്നും പ്രോസിക്യൂട്ടറുമായി ചർച്ച ചെയ്ത ശേഷം അന്തിമ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.

പ്രതി അസഫാക് ആലത്തിനെതിരായ കുറ്റപത്രത്തിന്റെ കരട് രേഖ തയ്യാറായിട്ടുണ്ട്. റേഞ്ച് ഡിഐജി ഉൾപ്പടെ ഉള്ള ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് കുറ്റപത്രം തയ്യാറാവുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് ശ്രമമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറുമായി ചർച്ച ചെയ്ത ശേഷം എത്രയും വേഗം അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്നും റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു.

അഡ്വ.മോഹൻ രാജ്നെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. വിസ്മയ കേസ്, ഉത്തരാ കൊലപാതകം, തിരുവനന്തപുരത്തെ വിദേശവനിതയുടെ കൊലപാതകം തുടങ്ങി പല പ്രധാന കേസുകളിലും സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്നു അഡ്വ.മോഹൻരാജ്. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടും ഫോറെൻസിക് വിദഗ്ദരുടെ കണ്ടെത്തലുമാണ് കേസിൽ നിർണായകമാവുക. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകൾ, സാക്ഷിമൊഴികൾ, സിസിടിവി ദൃശ്യങ്ങൾ തുടങ്ങി തെളിവ് ശേഖരണം വിജയകരമായി നടത്താൻ കഴിഞ്ഞു എന്ന് അന്വേഷണസംഘം വിശ്വസിക്കുന്നു.

Advertisement