അനന്തപുരി എഫ്എം അടച്ചു; കോഴിക്കോട് റിയല്‍ എഫ്എം നിലയവും വൈകാതെ നിലയ്ക്കും

Advertisement

തിരുവനന്തപുരത്തെ അനന്തപുരി എഫ്എമ്മിന്റെ പ്രക്ഷേപണം നിര്‍ത്തി. മീഡിയം വേവ് പ്രസരണികളുള്ള സ്ഥലങ്ങളിലെ പ്രാദേശിക വിനോദ ചാനലുകളായ എഫ്എം സ്റ്റേഷനുകള്‍ പ്രസാര്‍ഭാരതി നിര്‍ത്തിയിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് അനന്തപുരി എഫ്എം അടച്ചുപൂട്ടിയത്. കോഴിക്കോട് റിയല്‍ എഫ്എം നിലയവും വൈകാതെ നിലയ്ക്കും.
നിലവില്‍ ഈ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്ന പ്രധാന പരിപാടികള്‍ ആകാശവാണി നിലയങ്ങളിലൂടെ എഫ്എം ഫ്രീക്വന്‍സി വഴി കേള്‍ക്കാം. തിരുവനന്തപുരത്ത് മറ്റൊരു എഫ്എം പ്രസരണി കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഇന്നലെ പ്രക്ഷേപണം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശമെത്തിയപ്പോഴാണ് തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥര്‍പോലും വിവരമറിഞ്ഞത്. 2005ല്‍ കേരളപ്പിറവി ദിനത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ലക്ഷക്കണക്കിന് ശ്രോതാക്കളുള്ള എഫ്എമ്മിന്റെ അപ്രതീക്ഷ അടച്ചുപൂട്ടലിനെതിരെ പ്രതിഷേധം ശക്തമാണ്. വിനോദത്തിനൊപ്പം ജനോപകാരപ്രദമായ കൂടുതല്‍ പരിപാടികള്‍ ഉള്‍ക്കൊള്ളിക്കുന്ന നയത്തിന്റെ ഭാഗമായാണ് പ്രക്ഷേപണം നിര്‍ത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.

Advertisement