ഏക സിവില്‍കോഡ്, തെരുവിലിറങ്ങിയുളള പ്രക്ഷോഭം വേണ്ടെന്ന് കോണ്‍ഗ്രസ്സ്

Advertisement

തിരുവനന്തപുരം . ഏക സിവില്‍കോഡ് വിഷയത്തില്‍ തെരുവിലിറങ്ങിയുളള പ്രക്ഷോഭം വേണ്ടെന്ന് കോണ്‍ഗ്രസ്സ്. വിഷയത്തില്‍ സിപിഎമ്മിന് രാഷ്ട്രീയ മേല്‍ക്കൈ ലഭിക്കുന്നത് ഒഴിവാക്കിയുളള പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. കൂടിയാലോചനകളില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ നേതൃയോഗത്തില്‍ വിമർശനമുന്നയിച്ചു. തലസ്ഥാനമാറ്റം ആവശ്യപ്പെട്ട ഹൈബി ഈഡനെതിരെ കെപിസിസി നേതൃയോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തി

ഏകസിവില്‍ കോഡിനെതിരാണ്. പക്ഷേ പ്രത്യക്ഷ സമരത്തിനോ പ്രതിഷേധത്തിനോ പ്രക്ഷോഭത്തിനോ ഇല്ലെന്നാണ് കോണ്‍ഗ്രസ്സ് നേതൃയോഗത്തിലെ ധാരണ. പകരം, സെമിനാർ – സംവാദ രൂപത്തിലുളള പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. കോഴിക്കോട് ആയിരിക്കും പ്രചരണവേദി. സമുദായ സംഘടനകളുള്‍പ്പെടെയുളളവരെ വേദിയിലെത്തിക്കാനും കോണ്‍ഗ്രസ്സ് ശ്രമിക്കും. ഏകസിവില്‍ കോഡില്‍ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതിനുളള രാഷ്ട്രീയ പ്രചരണം നടത്താനും കോണ്‍ഗ്രസ്സ് നേതൃയോഗത്തില്‍ ധാരണയായി. അതിനിടെ, പാർട്ടിയില്‍ കൂടിയാലോചനകളും ചർച്ചകളും ഇല്ലെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ വിമർശനമുന്നയിച്ചു.

മണ്ഡലം കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ മാനദണ്ഡം വേണമെന്ന് ബെന്നി ബഹനാനും കെ സി ജോസഫും ആവശ്യപ്പെട്ടു. ബ്ലോക്ക് പുനഃസംഘടനക്ക് സമാനമായാണ് മണ്ഡലം ഭാരവാഹികളെയും നിശ്ചയിക്കുന്നതെങ്കില്‍, പാർട്ടിയിലെ ഐക്യം തകരുമെന്ന മുന്നറിയിപ്പും ഇരുനേതാക്കളും നല്‍കി. ബ്ലോക്ക് പുനഃസംഘടനയില്‍ പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളെ അവഗണിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. മണ്ഡലം പുനഃസംഘടനയില്‍ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. തലസ്ഥാന മാറ്റ ആവശ്യമുന്നയിച്ച ഹൈബി ഈഡനെതിരെയും കൊടിക്കുന്നില്‍ വിമർശനമുന്നയിച്ചു. ഹൈബിയുടേത് അനവസരത്തിലുളള നീക്കമെന്നായിരുന്നു കൊടിക്കുന്നിലിന്‍റെ കുറ്റപ്പെടുത്തല്‍. ഇക്കാര്യത്തില്‍ പാർട്ടിക്ക് കൃതൃമായ നിലപാട് വേണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു

Advertisement