കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദത്തിലേക്ക്

Advertisement

കൊച്ചി. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദത്തിലേക്ക്. സിപിഎമ്മിന്‍റെ രാഷ്ട്രീയ വൈരാഗ്യം എന്നു മാത്രമാണ് കോണ്‍ഗ്രസ് ഇതിനെ വിലയിരുത്തുന്നത്. ഡിജിറ്റൽ തെളിവുകളുടെ അടക്കം പശ്ചാത്തലത്തിലാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പറയുന്നുവെങ്കിലും ഏറെക്കാലത്തിനുശേഷം ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങള്‍ ലാക്കാക്കിയാണ് അറസ്റ്റെന്ന വാദം തീരെ തള്ളാനും രാഷ്ട്രീയ നിരീക്ഷകര്‍ക്കാവുന്നില്ല.

സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചന എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. സർക്കാരിനെ ഭരിക്കുന്നത് ഭയമാണ്.പ്രതിപക്ഷത്തെ നിശബ്ദമാക്കാം എന്ന് കരുതേണ്ട,ഇന്ന് കേരളത്തിൻറെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണ്. കള്ള കേസുകൾ യുഡിഎഫ് ചെറുക്കും.നരേന്ദ്രമോദിയുടെ കാർബൺ കോപ്പിയാണ് പിണറായി ചെയ്യുന്നത്. രാത്രിയിൽ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്താൻ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നാളെ വൈകുന്നേരം സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.

ആവശ്യമെങ്കിൽ കെ സുധാകരനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.അതേസമയം തനിക്കൊരു ഭയവുമില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഇല്ലെന്നും കെ സുധാകരൻ അറസ്റ്റിന് ശേഷം പ്രതികരിച്ചു. ഇടക്കാല ജാമ്യം ലഭിച്ചതിനാൽ കെ സുധാകരനെ 50000 രൂപയുടെ, ബോണ്ടിൻമേൽ ജാമ്യത്തിൽ വിട്ടു.

ഹൈക്കോടതിയിൽ നിന്ന് ഇടക്കാല മുൻകൂർ ജാമ്യം നേടിയാണ് ചോദ്യം ചെയ്യലിനായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് മോൻസൻ്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി എത്തിയത്. രാവിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് പുറപ്പെടും മുൻപ് മാധ്യമങ്ങളെ കണ്ട കെ പി സി സി പ്രസിഡൻ്റ് ഒരാശങ്കയും ഇല്ലന്നാണ് പറഞ്ഞത്.

ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു .വൈകീട്ട് 6 മണിയോടെ അറസ്റ്റ്. കൃത്യമായ തെളിവുകൾ കയ്യിലുണ്ടെന്നും അത് കൊണ്ട് തന്നെയാണ് അറസ്റ്റെന്നും അന്വേഷണ സംഘം വിശദീകരിച്ചു.

ചോദ്യം ചെയ്യലിൽ പണം കൊടുത്തുവെന്ന് പറയപ്പെടുന്ന ദിവസം കലൂരിലെ മോൻ സൻ്റെ വീട്ടിൽ പണം കൈമാറി എന്ന് പറയപ്പെടുന്ന ദിവസം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഓർമ്മയില്ലെന്നായിരുന്നു സുധാകരൻ്റെ മറുപടി. ഫോട്ടോകളും തെളിവുകളും കാണിച്ചപ്പോൾ സമ്മതിച്ചു. എന്നാൽ താൻ പണം വാങ്ങിച്ചെന്ന് സുധാകരൻ സമ്മതിച്ചില്ല. കെ പി സി സി അധ്യക്ഷൻ്റെ മൊഴിയുടെ പശ്ചാത്തലത്തിൽ സുധാകരൻ്റെ എറണാകുളത്തെ വിശ്വസ്തൻ എ ബിൻ എബ്രഹാമിനെ കൂടി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം

കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷനേതാവിനെയും കേസില്‍കുടുക്കിയത് വളരെ ധൃതഗതിയിലായിരുന്നു എന്നതും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശവും സൈബര്‍ പോരാളികളുടെ പ്രചരണവും ഇത് രാഷ്ട്രീയ വിഷയമാണെന്ന് എടുത്തുകാട്ടുന്നുണ്ട്. ബിജെപി അധ്യക്ഷനെ ശബരിമല വിഷയത്തില്‍ നാടൊട്ടുക്ക് കേസെടുത്ത് നെട്ടോട്ടമോടിച്ചത് പില്‍ക്കാലത്തേക്കുള്ള ഒരു ടെസ്റ്റ് ആയിരുന്നുവെന്നും രാഷ്ട്രീയ വൈരനിര്യാതനം എങ്ങനെയായിരിക്കും എന്നതിന്‍റെ സിപിഎം മോഡല്‍ ആയിരുന്നു അതെന്നും നിരീക്ഷകര്‍ കരുതുന്നു.

Advertisement