റേഷന്‍ കടപ്പുറത്തെ വല്ലാത്തൊരു ചാകര

Advertisement

 നിർദോഷി.

   ലോകത്തിലേക്ക് ഏറ്റവും രുചികരമായ ഭക്ഷണം, ഏറ്റവും കൂടുതലായി വയറ് കാഞ്ഞിരിക്കുമ്പോൾ കഴിക്കുന്നതാണെന്ന് നിർദോഷി എവിടെയോ വായിച്ചിട്ടുണ്ട്. അതിന് സമാനമായ ഒരവസ്ഥയാണ് ഇപ്പം നമ്മടെ ഭക്ഷ്യവകുപ്പിൽ വന്ന് ചേർന്നുകൊണ്ടിരിക്കുന്നത്.  വിരൽ ഞെക്ക് യന്ത്രം  വന്നതിനെ തുടർന്ന് വലുതായൊന്നും കിട്ടാതായ റേഷൻ കടക്കാരെ മാസപ്പടി വഴി പിഴിയാൻ പണി പതിനെട്ടും പയറ്റി വന്ന ജില്ലാ ഭക്ഷ്യവിതരണ അധികാരികൾക്ക് ഗ്രഹണിക്കാലത്ത് കിട്ടിയ ചക്കക്കൂട്ടാൻ ആവുകയാണ് തിരോന്തരത്തെ മേലാവ് അടുത്തിടെ ഇറക്കിയ ഒരുത്തരവ്. ഉത്തരവെന്ന് പറഞ്ഞാൽ ഒരൊന്നൊന്നര ഉത്തരവ്. മരുഭൂമിയിൽ പെയ്തിറങ്ങിയ മന്നാ പോലെ വന്ന ഈ ഉത്തരവ് നടപ്പാക്കി തുടങ്ങുന്ന നാളിലേക്ക് മണിക്കൂറുകളെണ്ണി കഴിയുകയാണ് സാറൻമാർ. 

  വ്യാപാരികളുടെ അനന്തരാവകാശികൾക്ക് റേഷൻ കട കൊടുക്കുന്നതിന് താലൂക്ക് തോറും സാമന്തൻമാരെ വച്ച് ലക്ഷം ലക്ഷം പിരിച്ച് ഒരു വിഹിതം രാഷ്ട്രീയത്തിലെ തണൽമരച്ചോട്ടിൽ വായ്ക്കരിയിട്ട് വിലസിയൊരു വീരാംഗനയ്ക്ക് വിരമിക്കും മുമ്പ് താമ്രപത്രം നൽകി യാത്രയാക്കിയ അത്ര പഴക്കമില്ലാത്തൊരു കഥ കിഴക്കിന്റെ വെനീസിൽ പാണൻമാർ ഇപ്പോഴും പാടി നടക്കുന്നുണ്ട്. ചതി പറ്റിയത് വൈകി മാത്രം അറിഞ്ഞ മേലാവ് പിന്നീട് ചെയ്ത പ്രായശ്ചിത്തങ്ങളൊക്കെയും പാറപ്പുറത്ത് ഒഴിച്ച വെള്ളം പോലെ ആയിരുന്നു. മഹതിയുടെ ചെയ്തികളെപ്പറ്റി ആരെങ്കിലും ഒന്ന് ‘ഉറക്കെ കരഞ്ഞിരുന്നെങ്കിൽ..’ എന്ന് പശ്ചാത്താപവിവശനായി അദ്ദേഹം വിലപിച്ചു പോലും. കോടതി പിരിഞ്ഞിട്ട് വാദം പറഞ്ഞാൽ എന്ത് ഗുണം സാറേ എന്നല്ലാതെ എന്ത് ചോദിക്കാൻ.

നിർദോഷി വായിച്ചറിഞ്ഞ ഒരുദാഹരണം കോറിയെന്ന് മാത്രം. അതവിടെ നിൽക്കട്ടെ.

  അന്ന് പറ്റ് പറ്റി, മൂക്കള പിഴിഞ്ഞ് മുണ്ടിൽ തൂത്ത് നടന്ന അതേ മേലാവ് തന്നെയാണ് ഇപ്പോൾ 14 ജില്ലകളിലും അഴിമതിക്കുള്ള അനന്തസാധ്യതകളുടെ ജനവാതിലുകൾ തുറന്നിട്ടു കൊണ്ട് പുതിയൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. സംഭവം സിംപിളാണ്. പവർഫുളും. സംസ്ഥാനത്ത് ആകമാനം ഏതാണ്ട് ആയിരത്തോളം റേഷൻ കടകൾ അനുവാദിക്കാനുള്ള തീരുമാനം സർക്കാർ തലത്തിൽ കൈക്കൊണ്ടു കഴിഞ്ഞിരിക്കുകയാണല്ലോ. റേഷൻ കട അനുവദിക്കാനുള്ള അധികാരം നേരത്തേ നിലനിന്ന കേരള റേഷനിംഗ് ഉത്തരവും ഇപ്പോഴത്തെ കേരള ടാർജറ്റഡ് പബ്ലിക്ക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം(കൺട്രോൾ) ഉത്തരവും പ്രകാരം ജില്ല സപ്ലൈ ഓഫീസർമാർക്കാണ്. അവർക്ക് മുന്നിൽ ഫയൽ എത്തുംമുമ്പ് ഒരുപാട് ഘട്ടങ്ങൾ ഉണ്ട്. ആ ഘട്ടങ്ങളെയെല്ലാം അപ്രസക്തമാക്കും വിധം ഓരേ അപേക്ഷകനെയും ഒറ്റക്ക് ഇൻറർവ്യൂ നടത്തി മാർക്ക് നൽകി യോഗ്യത നിശ്ചയിക്കാൻ അധികാരം കൊടുത്തിരിക്കുകയാണ്.

  ഈ വണ്ടി എവിടെ ചെന്ന് ഇടിച്ചുനിൽക്കുമെന്നും രാഷ്ട്രീയ,ഭരണ നേതൃത്വങ്ങൾ ചെയ്യാത്ത തെറ്റിന് എത്രമേൽ പഴികേൾക്കേണ്ടി വരുമെന്നും കണ്ടു തന്നെ അറിയണം. വെറും വായ ചവക്കുന്ന മാതേവന്മാര്‍ മേലാവിൽ നിന്ന് കിട്ടിയ ഈ അവൽ കണ്ടാൽ വിടുമോ? ഇല്ലേയില്ല എന്നാണ് നിർദോഷിയുടെ പക്ഷം. അർഹതപ്പെട്ടവന് നിയമാസൃതം കിട്ടേണ്ട നീതിക്ക് മേൽ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് ആറാട്ട് നടത്താനുള്ള തീട്ടൂരമാണ് ഈ ഉത്തരവ്. മറുവശത്ത് അഴിമതി എന്നെ സുകുമാരകലയുടെ സമസ്ത സാധ്യതകളിലും ഗവേഷണ ബിരുദമുള്ളവർക്ക് അത് യഥേഷ്ടം പ്രയോഗത്തിൽ വരുത്താനുള്ള കൈച്ചിട്ടും.

   ഇന്റർവ്യൂ നടത്തി പരമാവധി പത്തിൽ മാർക്ക് നൽകാനാണ് ജില്ലാതല മേലാവിന് അനുമതിയും അധികാരവും കിട്ടിയിരിക്കുന്നത്. അപേക്ഷകന്റെ തലവര നിശ്ചയിക്കുന്ന ആ മാർക്കിന് പകരമായി എന്തെല്ലാം കണിയും കാഴ്ചയുമായി വെക്കേണ്ടി വരുമോ ആവോ? ഉത്തരവ് ഇറക്കിയ മേലാവിനോട് നിർദോഷിക്ക് ഒന്നേ ഉപദേശിക്കാനുള്ളൂ. ഏത് കുരുപൊട്ടിയ നേരത്താണോ ആവോ ഇങ്ങനെയൊന്ന് ഇറക്കാൻ തോന്നിയതെന്ന് പറഞ്ഞ് കളസച്ചുവടും കീറി നടക്കേണ്ടി വരരുത്.

   ഇത്തരം വളയമില്ലാ ചാട്ടങ്ങളൊക്കെ ഒന്ന് പരണത്ത് വച്ചിട്ട് ആ ഞെക്ക് യന്ത്രം ഒന്ന് കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ നടപടി എടുത്താൽ കേമമായിരുന്നു. യന്ത്രത്തിന്റെ ഗർഭഗൃഹത്തിൽ നിറക്കേണ്ട ഒ.ടി.പിയുടെ പേരിൽ റേഷൻ കടകളിൽ നടക്കുന്ന പിതൃസ്മരണകൾ റേഷൻ കടക്കാരുടെ പ്രതിരോധ മതിലിൽ തട്ടി അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നത് കാരണം ഉദ്യോഗസ്ഥരിലേക്ക് സംക്രമിക്കുന്നില്ല എന്നേയുള്ളൂ. എന്നിരുന്നാലുംനാട്ടുകാരന്റെ ആ വിളി എല്ലാ ഉടയോൻമാരെയും ചേർത്ത് പിടിച്ചാണ് സർ. 

തന്തക്ക് വിളി കേട്ട് മടുത്തൊരു റേഷൻ കടക്കാരന്റെ രോദനമായിട്ടുകൂടി നിർദോഷിയെ കേട്ടാലും സന്തോഷം.

   അഴിമതിസാധ്യതയുടെ ചെറുനാമ്പുകൾ തളിരാടുമ്പോൾ തരളിത മാനസരാകുന്ന ഭക്ഷ്യവകുപ്പിലെ കുന്നിൻപുറംകാന്തിക്കൂട്ടങ്ങൾ മേലാവിന് സ്തുതിഗീതങ്ങൾ രചിച്ച് സംഗീതസംവിധാനം നിർവ്വഹിച്ചു തുടങ്ങിയിട്ടുണ്ടെന്ന കരക്കമ്പിയും നാട്ടിൽ പ്രചരിക്കുന്നുണ്ട്. അത്യുന്നതങ്ങളിലേക്ക് അത് എത്തുന്നില്ലെന്ന് മാത്രം.

Advertisement