ബൈക്കില്‍ എത്തിയ കമിതാക്കള്‍ കവര്‍ന്നത് കടയുടമയുടെ മാല, യുവതിയെ പിടികൂടിയപ്പോള്‍ പുറത്തുവന്നത് പൊലീസിനെപ്പോലും ഞെട്ടിച്ച കഥ

Advertisement

അടൂര്‍. ബൈക്കില്‍ എത്തിയ കമിതാക്കള്‍ മാല കവര്‍ന്നുവെന്ന് തങ്കപ്പന്‍ വിളിച്ചുകൂവിയപ്പോള്‍ നാട്ടുകാര്‍ പോലും വിശ്വസിച്ചില്ല,രാത്രി മാലപൊട്ടിച്ചത് ഒരു പെണ്ണോ, പക്ഷേ യുവതിയെ അടൂര്‍ പൊലീസ് അറസ്റ്റുചെയ്ത ശേഷമല്ലേ വിശേഷം അറിയുന്നത്. ആലപ്പുഴ കൃഷ്ണപുരം ചാലക്കല്‍ കോളനിയില്‍ ശിവജി വിലാസത്തില്‍ രമണന്റെ മകള്‍ സരിത (27) ആണ് പിടിയിലായത്.

വെള്ളിയാഴ്ച രാത്രി 8.30 ഓടെ പതിനാലാം മൈലില്‍ ആയിരുന്നു സംഭവം. ഇവിടെ കട നടത്തുന്ന പെരിങ്ങനാട് മേലൂട് അമ്ബാടി ജംഗ്ഷനില്‍ തങ്കപ്പവിലാസത്തില്‍ തങ്കപ്പന്റെ (61) മാലയാണ് പൊട്ടിച്ചത്. സരിതയ്‌ക്കൊപ്പം ഉണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്കപ്പനുമായി പ്രതികള്‍ മല്‍പ്പിടിത്തം ഉണ്ടായി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സരിതയെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ യുവതിയെ കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് :

രാത്രി മാടക്കട അടച്ചശേഷം വീട്ടില്‍ പോകാന്‍ നിന്ന തങ്കപ്പന്റെ അടുത്ത് പ്രതികള്‍ പരിചിത ഭാവത്തില്‍ സമീപിക്കുകയായിരുന്നു. ഇവരെ അവഗണിച്ച് മുന്നോട്ട് സ്‌കൂട്ടറില്‍ സഞ്ചരിച്ചപ്പോള്‍ വാഹനത്തിന് മുന്നില്‍ ബൈക്ക് ക്രോസ് വച്ചു തടഞ്ഞു. തങ്കപ്പന്റെ കഴുത്തില്‍ കിടന്ന 5 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു വന്നയാള്‍ പൊട്ടിച്ചെടുത്തു. പ്രതിരോധിച്ചതോടെ കമിതാക്കള്‍ ആക്രമിച്ചു. നാട്ടുകാര്‍ എത്തിയതോടെ ബൈക്ക് ഓടിച്ച യുവാവ് ഓടിരക്ഷപ്പെട്ടു. സരിതയെയും ഇവര്‍ വന്ന മോട്ടോര്‍ സൈക്കിളും നാട്ടുകാര്‍ തടഞ്ഞുവച്ചു. പൊട്ടിച്ചെടുത്ത സ്വര്‍ണമാല സരിതയുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു.

പതിവ് കുറ്റവാളി

സ്ഥലത്തുനിന്ന് ഓടിപ്പോയ പ്രതിയുടെ പേര് അന്‍വര്‍ഷാ എന്നാണെന്നും ഇയാളും പിടിയിലായ സരിതയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം മോഷണക്കേസുകളില്‍ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. സരിതയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍.എസ് അറിയിച്ചു. അടൂര്‍ സബ് ഇന്‍സ്പെക്ടര്‍ മനീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

Advertisement