മദ്യ ലഹരിയില്‍ അതിക്രമം; പോലീസുകാരന്‍ പോലീസ് പിടിയില്‍

Advertisement

മദ്യ ലഹരിയില്‍ അതിക്രമം കാട്ടിയ പോലീസുകാരന്‍ പൊലീസ് പിടിയില്‍. തിരുവനന്തപുരം ബേക്കറി ജംക്ഷനില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ടെലികമ്യൂണിക്കേഷന്‍ സിപിഒ ആര്‍.ബിജുവിനാണ് മര്‍ദനമേറ്റത്. വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ബിജുവിനെ നാട്ടുകാര്‍ മര്‍ദിക്കുകയായിരുന്നു. ബിജുവിനും നാട്ടുകാര്‍ക്കുമെതിരെ കേസെടുത്തു.ബിജുവിനെതിരെ നേരത്തെയും പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐയെ ആക്രമിച്ചതിന് നേരത്തെ റിമാന്‍ഡിലായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വകുപ്പുതല നടപടികള്‍ നേരിട്ടിരുന്നു. പട്ടത്തെ ടെലി കമ്മ്യൂണിക്കേഷന്‍ ആസ്ഥാനത്താണ് ബിജു ജോലി ചെയ്യുന്നത്. കോഴിക്കോടായിരുന്ന ബിജുവിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ബാലരാമപുരം സ്വദേശിയാണ്.
കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ ബിജു ബേക്കറി ജംക്ഷനിലെ ലോഡിങ് തൊഴിലാളിയുടെ വീട്ടിലേക്ക് മതില്‍ ചാടി കടക്കുകയായിരുന്നു. ബിജുവിന് പരിചയമുള്ള വീടായിരുന്നില്ല അത്. ലോഡിങ് തൊഴിലാളിയുടെ വീട്ടുകാര്‍ പരിഭ്രാന്തരായി ബഹളംവച്ചു. ലോഡിങ് തൊഴിലാളികളും സുഹൃത്തുക്കളും ചേര്‍ന്ന് വടികള്‍ ഉപയോഗിച്ച് ബിജുവിനെ മര്‍ദിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ബിജുവിനെതിരെയും മര്‍ദിച്ചതിന് ലോഡിങ് തൊഴിലാളികള്‍ക്കെതിരെയും കേസെടുത്തു.

Advertisement