20 വർഷത്തെ അജ്ഞാതവാസം, ഒടുവിൽ വീണ്ടും ഗുരുവായൂരെത്തി, പരിചയക്കാരൻ കണ്ടു; കൊലക്കേസ് പ്രതി പിടിയിൽ

Advertisement

തൃശ്ശൂർ: കൊലക്കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ. ചാമക്കാല പോണത്ത് റെജി എന്ന തമിഴൻ റെജി (42) യെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നീണ്ട 20 വർഷത്തിന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ റെജിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നാട്ടിൽ ഒരു കൊലപാതകം ചെയ്ത ശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങിയതായിരുന്നു റെജി.

കൊടുങ്ങല്ലൂർ ചാമക്കാലയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിലാണ് റെജി കഴിഞ്ഞ ഇരുപത് വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്നത്. 2003 ഡിസംബറിൽ ചാമക്കാല സ്വദേശിയായ ശ്രീനാഥിനെ ചാമക്കാല ഹൈസ്‌കൂളിന്റെ പരിസരത്തുവച്ച് ഷിജിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിച്ച് വാളുകൊണ്ട് വെട്ടി മൃതപ്രായനാക്കി എടുത്തുകൊണ്ടുപോയി തോട്ടിൽ വെള്ളത്തിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിലെ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ട ബാലൻ എന്നറിയപ്പെടുന്ന റെജി സംഭവത്തിന് ശേഷം പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു.

സംഭവശേഷം റെജി ചാമക്കാലയിൽനിന്ന് രക്ഷപ്പെട്ട് കോയമ്പത്തൂർ ഉക്കടത്ത് എത്തി ചായക്കടയിൽ ജോലി നോക്കുകയും പോലീസ് അന്വേഷിച്ച് എത്തിയ സമയം കടയുടെ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വിവിധ ജോലികളിൽ ഏർപ്പെടുകയും ശേഷം കോയമ്പത്തൂരിലെ രാമനാഥപുരത്ത് എത്തി അവിടത്തെ മാടുകച്ചവടക്കാരന്റെ ഇറച്ചിക്കടയിൽ ജോലി നോക്കുകയും തുടർന്ന് അവിടെയുള്ള തമിഴ്‌നാട്ടുകാരിയെ വിവാഹം കഴിച്ച് വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ ജീവിച്ചു വരികയുമായിരുന്നു.

ഇതിനിടയിൽ പ്രതിയെ ഗുരുവായൂർ അമ്പലത്തിൽ വച്ച് നാട്ടുകാരിൽ ആരോ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം നിരവധി സി.സി.ടിവികൾ പരിശോധിച്ചതിൽ പ്രതി കോയമ്പത്തൂർ ബസിൽ കയറുന്നത് കണ്ടെത്തി. തുടർന്ന് ബസ് കണ്ടക്ടറെ കണ്ട് ചോദിച്ചതിൽ പ്രതി കോയമ്പത്തൂരിലെ രാമനാഥപുരത്ത് ഇറങ്ങിയതായി മനസിലാക്കി. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിക്ക് രാമനാഥപുരത്തുള്ള ബന്ധങ്ങളെ കുറിച്ച് സൂചന ലഭിക്കുകയും അന്വേഷണസംഘം വേഷം മാറി റെജി ജോലി ചെയ്തിരുന്ന ഇറച്ചിക്കടയിൽ എത്തി ഇറച്ചി വാങ്ങി. ഇതിനിടെ തന്ത്രപൂർവം പ്രതിയുടെ വിവിധ ഫോട്ടോകൾ എടുത്ത് നാട്ടിൽ റെജിയെ പരിചയമുള്ള ആളുകൾക്ക് അയച്ചുകൊടുത്ത് പ്രതി തന്നെയാണെന്ന് ഉറപ്പുവരുത്തിയതി.

ഇതിനുശേഷം ഇറച്ചിക്കട വളഞ്ഞ് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. തൃശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌ഗ്രെയുടെ നിർദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള എസ്.ഐമാരായ സുനിൽ പി.സി, പ്രദീപ് സി.ആർ, സി.പി.ഒ. ബിജു സി.കെ, സി.പി.ഒ. നിഷാന്ത് എ.ബി. എന്നിവരടങ്ങിയ അന്വേഷണസംഘമാണ് തമിഴ്‌നാട് രാമനാഥപുരത്തുനിന്ന് പ്രതിയെ പിടികൂടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here