ഡോ. വന്ദന ദാസ് വധത്തിൽ കോടതി ഇടപെടൽ; ‘പ്രോട്ടോക്കോൾ ഉടൻ നടപ്പാക്കണം’

കൊച്ചി: ക്രിമിനൽ നീതി നിർവഹണത്തിന്റെ ഭാഗമായി പൊലീസ് ഡോക്ടർമാർക്കും മജിസ്ട്രേറ്റിനും മുന്നിലെത്തിക്കുന്നവരുടെ കാര്യത്തിൽ പ്രോട്ടോക്കോൾ വൈകരുതെന്നു ഹൈക്കോടതി. യുദ്ധകാലാടിസ്ഥാനത്തിൽ പ്രോട്ടോക്കോൾ നടപ്പാക്കണം. രണ്ടാഴ്ച കൂടി സമയം സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഇനി വൈകരുതെന്നു കോടതി പറഞ്ഞു.

കൊട്ടാരക്കര സംഭവത്തിനു ശേഷവും പിന്നെയും സമാന സംഭവങ്ങൾ ഉണ്ടായതും മജിസ്ട്രേറ്റിനു മുന്നിൽ പോലും പ്രതി ആയുധവുമായെത്തിയതും കോടതി ചൂണ്ടിക്കാട്ടി. പ്രോട്ടോക്കോൾ അന്തിമമാക്കുന്നതിനു മുൻപ് ഡോക്ടർമാരുടെയും ജു‍ഡീഷ്യൽ ഓഫിസർമാരുടെയും സംഘടനകളുടെ അഭിപ്രായം ആരായുന്നതു ഉചിതമാകുമെന്നും പറഞ്ഞു. കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച പശ്ചാത്തലത്തിൽ കോടതി സ്വമേധയാ പരിഗണിച്ച കേസാണിത്. ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷനെയും കെജിഎംഒഎയും കേസിൽ കക്ഷി ചേർത്തു.

വന്ദനയുടെ മാതാപിതാക്കൾക്കു ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ, സർക്കാരാണു തീരുമാനം എടുക്കേണ്ടതെന്നും കോടതി ഉത്തരവിടുന്നില്ലെന്നും കോടതി പറഞ്ഞു. സർക്കാർ തീരുമാനം അറിയിക്കട്ടെ എന്നും വ്യക്തമാക്കി.കേസ് മറ്റന്നാൾ പരിഗണിക്കും.

Advertisement