സുന്ദരമായ വാട്ടര്‍ മെട്രോ വിഭാവനം ചെയ്യാന്‍ മാത്രം ആള്‍ താമസം കേരള മന്ത്രി സഭയില്‍ ആരുടെ തലയിലുണ്ട്, സന്ദീപ് വാര്യര്‍

Advertisement

കൊച്ചി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷ പൂര്‍വം നാടിന് സമര്‍പ്പിച്ച പദ്ധതികളില്‍ പ്രധാനമായിരുന്നു കൊച്ചി വാട്ടര്‍ മെട്രോയും വന്ദേഭാരത് എക്സ്പ്രസും. ഒരു തീവണ്ടി ലഭിക്കുന്നത് ഇത്രമാത്രം ആഘോഷിക്കാനുണ്ടോ എന്ന ചോദ്യം ഒരു വിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചിരുന്നു. വാട്ടര്‍ മെട്രോയുടെ ഉടമസ്ഥര്‍ ആര് എന്ന വിഷയത്തിലും ചര്‍ച്ച വന്നു.

യുപിഎ സര്‍ക്കാര്‍ രാജ്യം ഭരിച്ചിരുന്ന വേളയില്‍ കേരളത്തിലൂടെ അനുവദിച്ച ട്രെയിനുകളുടെ എണ്ണം കാണിച്ചായിരുന്നു യുഡിഎഫ് വന്ദേഭാരതിനെ നേരിട്ടത്. ഇതിനിടെ വാട്ടര്‍ മെട്രോ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് എല്‍ഡിഎഫ് പ്രൊഫൈലുകളും പ്രചരിപ്പിച്ചു. എല്‍ഡിഎഫിന്‍റെ സംഭാവന പ്രധാനമന്ത്രിക്ക് ഉദ്ഘാടനത്തിനു വിട്ടുകൊടുക്കുമോ എന്ന സ്വാഭാവിക സംശയവും ഉയര്‍ന്നു.എന്നാല്‍ തലേദിവസം കൊച്ചിയിലെത്തിയ പ്രധാനമന്ത്രി പിറ്റേദിവസം തിരുവനന്തപുരത്തുപോയി ഓണ്‍ലൈനില്‍ വാട്ടര്‍മെട്രോ ഉദ്ഘാടനം ചെയ്തതും സംശയമായി. ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.

വാട്ടര്‍ മെട്രോ പദ്ധതിയെ പുകഴ്ത്തിയ സന്ദീപ് വാര്യര്‍, ഇത് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്ന പ്രചാരണം വ്യാജമാണ് എന്ന് പറയുന്നു. മുഖ്യമന്ത്രിയും പരിവാരങ്ങളും വാട്ടര്‍ മെട്രോയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നു എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. വാട്ടര്‍ മെട്രോയുടെ ഉടമസ്ഥര്‍ കെഎംആര്‍എല്‍ ആണ്. അതിന്റെ ഉടമസ്ഥര്‍ കേന്ദ്രവും കേരളവുമാണെന്നും സന്ദീപ് വാര്യര്‍ വിശദീകരിക്കുന്നു.

വാട്ടര്‍ മെട്രോയ്ക്കുള്ള നിക്ഷേപത്തിന്റെ വലിയൊരു ഭാഗം ജര്‍മന്‍ ഫണ്ടിങ് ഏജന്‍സിയായ കെഡബ്ല്യുഎഫ് ആണ്. കേന്ദ്രത്തിന് വാട്ടര്‍ മെട്രോയില്‍ തുല്യ പങ്കാളിത്തമുള്ളത് കൊണ്ടാണ് പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിന് വിളിച്ചത്. അല്ലെങ്കില്‍ പിആര്‍ വര്‍ക്കിനുള്ള അവസരം പിണറായി വിജയന്‍ വിട്ടുകൊടുക്കുമോ എന്നും സന്ദീപ് ചോദിക്കുന്നു. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ… കൊച്ചി വാട്ടര്‍ മെട്രോ, എന്റെ അഭിപ്രായത്തില്‍ കേരളം കണ്ട ഏറ്റവും ക്രിയാത്മകമായ വികസന പദ്ധതിയാണ്. കൊച്ചിയെ കൂടുതല്‍ സുന്ദരവും സുഗമവുമാക്കുന്നുണ്ട് വാട്ടര്‍ മെട്രോ. ഇതിന് പുറകില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. വാട്ടര്‍ മെട്രോ ആലപ്പുഴക്കും കോട്ടയത്തിലേക്കും തൃശൂരിലേക്കും (പണ്ട് കാലത്ത് തൃശൂര്‍ നഗരമധ്യത്തില്‍ അരിയങ്ങാടിയില്‍ വലിയ കടത്ത് വഞ്ചികള്‍ വന്നിരുന്നു ) വിപുലീകരിക്കണം എന്നാണ് എന്റെ ആഗ്രഹം. അതിരിക്കട്ടെ , വാട്ടര്‍ മെട്രോയുടെ പേരിലും ചില വ്യാജ അവകാശവാദങ്ങള്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും പ്രചരിപ്പിക്കുന്നുണ്ട്

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണത്രെ വാട്ടര്‍ മെട്രോ. സത്യമെന്താണ്? വാട്ടര്‍ മെട്രോ ഉടമസ്ഥര്‍ കെഎംആര്‍എല്‍ ആണ്. അഥവാ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കൊച്ചി മെട്രോ ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥര്‍ കേന്ദ്രവും കേരളവും തുല്യമായാണ്. വാട്ടര്‍ മെട്രോക്ക് ഇന്‍വെസ്റ്റ്മെന്റ് ഭൂരിഭാഗവും ജര്‍മ്മന്‍ ഫണ്ടിങ് ഏജന്‍സി ആയ കെ ഡബ്ള്യുഎഫ് ആണ്. ആകെ ചിലവുള്ള 819 കോടിയില്‍ 579 കോടിയും ജര്‍മ്മന്‍ വായ്പയാണ്. ബാക്കി നിസ്സാര തുക കെഎംആര്‍എല്‍ വിഹിതവും. കേന്ദ്ര സര്‍ക്കാര്‍ കെഎംആര്‍എല്ലിന്റെ തുല്യപങ്കാളി ആയത് കൊണ്ടാണ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ വിളിക്കേണ്ടി വന്നത്. അല്ലെങ്കില്‍ പിആര്‍ വര്‍ക്കിനുള്ള ഒരവസരം വിട്ടു കൊടുക്കുന്ന നല്ല മനിതനാണ് കേരള മുതലമൈച്ചര്‍ എന്ന് കരുതുന്നുണ്ടോ നിഷ്‌കളങ്കരേ? കേരളം മുഴുവന്‍ എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ എന്ന നിലക്ക് പിണറായിയുടെ ഫ്‌ളക്‌സും അപദാനങ്ങളും നിറഞ്ഞേനേ. മാത്രമല്ല ഞാന്‍ നേരത്തെ പറഞ്ഞത് പോലെ സുന്ദരമായ വാട്ടര്‍ മെട്രോ വിഭാവനം ചെയ്യാന്‍ മാത്രം ആള്‍ താമസം കേരള മന്ത്രി സഭയില്‍ ആരുടെ തലയിലുണ്ട്?

Advertisement