അതിരപ്പള്ളിയില്‍ നിന്ന് മലമുഴക്കി വേഴാമ്പലുകളുടെ കൂട്ടപ്പലയാനം; ആശങ്കയോടെ പരിസ്ഥിതി പ്രവര്‍ത്തകര്‍

Advertisement


തൃശ്ശൂര്‍: അതിരപ്പള്ളിയില്‍ നിന്ന് വന്‍ തോതില്‍ മലമുഴക്കി വേഴാമ്പലുകള്‍ വിട്ടു പോകുന്നതായി റിപ്പോര്‍ട്ട്. അതിരപ്പള്ളിയിലെ പിള്ളപ്പാറയില്‍ നിന്നാണ് ഇവ കൂട്ടത്തോടെ ഒഴിഞ്ഞ് പോകുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇത് സ്വഭാവിക പ്രക്രിയ ആയി വിലയിരുത്താമെങ്കിലും വന്‍ തോതില്‍ മരങ്ങള്‍ ഇവിടെ നിന്ന് മുറിച്ച് മാറ്റുന്നതാണ് ഇതിന് കാരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. തൊട്ടടുത്ത തോട്ടങ്ങളില്‍ നിന്ന് മരങ്ങള്‍ വീഴുന്നതിന്റെ ഒച്ചയും ബഹളവും മൂലമാണ് ഇവ ഇവിടെ നിന്ന് വിട്ടുപോകുന്നതെന്നും ഇവര്‍ വിലയിരുത്തുന്നു.

ഇത്തരത്തില്‍ പക്ഷികള്‍ ഒരു സ്ഥലം വിട്ട് മറ്റൊരിടത്തേക്ക് പോകുന്നത് സ്വഭാവിക പ്രക്രിയ ആണെന്നാണ് പശ്ചിമഘട്ട മലമുഴക്കി വേഴാമ്പല്‍ ഫൗണ്ടേഷന്റെ സ്ഥാപകയായ കെ എച്ച് അമൃത ബച്ചന്റെ അഭിപ്രായം. ഇതൊരു കൂട്ടമാറ്റമാണ്. അല്ലാതെ കൂട്ട ദേശാനമല്ലെന്നും അവര്‍ പറയുന്നു. വര്‍ഷത്തില്‍ രണ്ട് തവണ ഇവ ഇത്തരം സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ അവര്‍ മുട്ടയിടാന്‍ അടുത്ത ഇടം തേടാറുണ്ട്. മെയ്-ജൂണ്‍ മാസത്തിലാണ് ഇത് സാധാരണയായി സംഭവിക്കുക. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. അതിരപ്പള്ളിയില്‍ നിന്ന് എടമലയാറിലേക്കോ ഷോളയാറിലേക്കോ ഇവര്‍ പോകുന്നു. ഷോളയാറില്‍ നിന്ന് പറമ്പിക്കുളത്തേക്കോ നെല്ലിയാമ്പതിയിലേക്കോ പോകാറുമുണ്ട്. ഇക്കൂട്ടത്തില്‍ ആണ്‍ പക്ഷികളും പെണ്‍പക്ഷികളും കുഞ്ഞുങ്ങളും ഉണ്ടാകാറുണ്ട്. ഇതിനെ ദേശാടനമായി കാണാനാകില്ല. ഇതവയുടെ സാമൂഹ്യവത്ക്കരണത്തിന്റെ ഭാഗമാണ്. അടുത്ത കാലത്തേക്കുള്ള ഇണയെ തെരഞ്ഞെടുക്കലും മറ്റും സംഭവിക്കുന്നത് ഈ ഘട്ടത്തിലാണ്.

ഡിസംബറില്‍ മുട്ടയിടുന്ന സമയമാണ് അപ്പോള്‍ അവ ധാരാളം പഴങ്ങള്‍ കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കും. ഇത് കഴിഞ്ഞാല്‍ അവ തിരിച്ച് വരാറുമുണ്ട്. അതിരപ്പള്ളി -വാഴച്ചാല്‍ മേഖലകളില്‍ നാല് ഇനത്തില്‍ പെട്ട മലമുഴക്കി വേഴാമ്പലുകളെയും കാണാറുണ്ട്. രണ്ട് വര്‍ഷമായി ഈ മേഖലയില്‍ വന്‍ തോതില്‍ മരങ്ങള്‍ മുറിച്ച് മാറ്റുന്നുണ്ട്. നൂറ് കണക്കിന് ആഞ്ഞിലിയും ഇരുളും മണി മരുതും മറ്റുമാണ് ഇവിടെ നിന്ന് മുറിച്ച് നീക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. മനുഷ്യ ഇടപെടലില്ലാത്ത സ്ഥലമാണ് ഇവ ജീവിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കാറുള്ളത്.

Advertisement