യുഎൻ മനുഷ്യാവകാശ കൗൺസിൽ : റഷ്യയ്ക്ക് സസ്പെൻഷൻ

Advertisement

ന്യൂയോർക്ക്: ഐക്യരാഷ്ട്രകേന്ദ്രം ഉക്രയ്‌നിലെ സൈനിക നടപടിയുടെ പേരിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്നും റഷ്യയെ സസ്‌പെൻഡ് ചെയ്തു.

യുഎൻ പൊതുസഭയുടേതാണ് നടപടി. അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ 93 അംഗരാജ്യങ്ങൾ പിന്തുണച്ചു. ചൈനയടക്കം 24 രാജ്യങ്ങൾ എതിർത്തു. ഇന്ത്യയടക്കം 58 രാജ്യങ്ങൾ വിട്ടുനിന്നു. മൂന്നിലൊന്ന് രാജ്യങ്ങൾ വിട്ടുനിന്നതോടെയാണ് പ്രമേയം പാസാക്കാൻ സാഹചര്യമുണ്ടായത്. യുഎൻ സമിതിയിൽ നിന്നു അംഗരാജ്യത്തെ സസ്‌പെൻഡ് ചെയ്യുന്നത് അപൂർവ നടപടിയാണ്. 2011ൽ ലിബിയ സമാന നടപടി നേരിട്ടു.

അമേരിക്കൻ പ്രമേയത്തെ പിന്തുണയ്ക്കുകയോ വോട്ടെടുപ്പിൽ നിന്ന്‌ വിട്ടുനിൽക്കുകയോ ചെയ്യുന്ന അംഗരാജ്യങ്ങളോട് സൗഹാർദ നിലപാട് സ്വീകരിക്കില്ലെന്ന് റഷ്യ നേരത്തേ മുന്നറിയിപ്പ് നല്കിയിരുന്നു. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ റഷ്യയ്ക്ക് ഒരുവർഷം കൂടി കാലാവധിയുണ്ട്.

Advertisement