രണ്ട് മക്കളെ പതിനഞ്ചാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞു കൊന്ന കേസില്‍ യുവാവിനും കാമുകിക്കും വധശിക്ഷ നടപ്പാക്കി

Advertisement

രണ്ടു മക്കളെ അപ്പാര്‍ട്ട്മെന്റിന്റെ പതിനഞ്ചാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞു കൊന്ന കേസില്‍ ചൈനയില്‍ യുവാവിനും കാമുകിക്കും വധശിക്ഷ നടപ്പാക്കി. മാരകമേറിയ വിഷം കുത്തിവെച്ചാണ് ഇരുവര്‍ക്കും ശിക്ഷ നടപ്പാക്കിയതെന്ന് ചൈന ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ സുപ്രീം കോടതിയാണ് ഇരുവരുടെയും വധശിക്ഷക്ക് അംഗീകാരം നല്‍കിയത്. ഷാങ് ബോ, കാമുകി യെ ചെങ്ചെന്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
രണ്ട് കുട്ടികളെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവം ചൈനയില്‍ രാജ്യവ്യാപകമായ രോഷത്തിന് കാരണമായിരുന്നു. 2020-ലാണ് ഇവര്‍ രണ്ടു കുട്ടികളെയും കൊന്നത്. കുട്ടികളെ കൊന്നത് യുവാവ് ആയിരുന്നെങ്കിലും പ്രേരിപ്പിച്ചത് കാമുകിയായിരുന്നു.
ഷാങ്ങിന് രണ്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഒരു വയസ്സുള്ള ആണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. പുതിയ ബന്ധത്തില്‍ കുട്ടികള്‍ തടസമാകുമെന്ന് കരുതിയാണ് ക്രൂരത നടത്തിയത്. താന്‍ വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്ന് പറയാതെയുമാണ് ഷാങ് യെയുമായി ബന്ധം ആരംഭിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഫെബ്രുവരിയില്‍ ഇയാള്‍ തന്റെ അന്നത്തെ ഭാര്യ ചെന്‍ മെയിലിനെ വിവാഹമോചനം ചെയ്തു. എന്നാല്‍ മക്കളെ കൊല്ലാന്‍ ചെങ് ചെന്‍ നിര്‍ബന്ധിച്ചു.
താന്‍ ചെയ്ത കാര്യങ്ങളില്‍ ഷാങ് ദുഃഖിതനായി എന്ന് കാണിക്കുന്ന വീഡിയോകള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പിന്നീട് പ്രത്യക്ഷപ്പെട്ടു. ഇയാള്‍ തല ചുവരില്‍ ഇടിക്കുന്നതിന്റെയും അനിയന്ത്രിതമായി കരയുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.

Advertisement