സുന്ദരികളെ ആകർഷിക്കാൻ കൈയിൽ പെട്രോളിയം ജെല്ലി കുത്തിവച്ചു; പിന്നാലെ കിട്ടിയത് ‘റഷ്യൻ പോപ്പേ’ എന്ന പേര് !

Advertisement

ലോകമെങ്ങുമുള്ള ആളുകളുടെ സൗന്ദര്യ സങ്കൽപങ്ങൾ വ്യത്യസ്തമാണ്. ചില സമൂഹത്തിൽ അത്ലറ്റിക് ശരീരമാണ് സൗന്ദര്യമെങ്കിൽ മറ്റ് ഇടങ്ങളിൽ അല്പം തടിച്ച ശരീരങ്ങളിലാണ് സൗന്ദര്യം കണ്ടെത്തുന്നത്. ആഫ്രിക്കൻ സമൂഹങ്ങളിൽ ഇക്കാര്യത്തിൽ മറ്റ് സമൂഹങ്ങളെ അപേക്ഷിച്ച് ഏറെ വൈരുധ്യങ്ങൾ കാണാൻ കഴിയും.

സമൂഹങ്ങളെ പോലെ തന്നെ വ്യക്തികളിലും ഇത്തരത്തിൽ സൗന്ദര്യ സങ്കൽപങ്ങൾ വ്യത്യസ്തമാണെന്ന് കാണാം. റഷ്യൻ വംശജനായ കിറിൽ തെരേഷിൻ എന്ന 26 -കാരൻ അത്തരത്തിൽ വ്യത്യസ്തമായ സൗന്ദര്യ സങ്കൽപങ്ങൾ സൂക്ഷിക്കുന്ന ഒരാളാണ്. സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹം ‘ജോണി ബ്രാവോ’ എന്ന ആനിമേറ്റഡ് കഥാപാത്രവുമായി താരതമ്യം ചെയ്യപ്പെടുന്നു. എന്നാൽ ‘റഷ്യൻ പോപ്പേ’ എന്ന പേരിലാണ് കിറിൽ തെരേഷിൻ ഏറെ ശ്രദ്ധേയൻ.

ഇ സി സെഗാർ 1929 -ൽ ആദ്യമായി ജീവൻ കൊടുത്ത കാർട്ടൂൺ കഥാപാത്രമാണ് ‘പോപ്പേ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ‘Popeye the Sailor’. പോപ്പേയുടെത് പോലെ വലിയ മസിലുകള്ളുള്ള കൈകളാണ് കിറിൽ തെരേഷിനുമുള്ളത്. കിറിൻറെ സൗന്ദര്യ സങ്കല്പങ്ങളിൽ വലിയ മസിലുകൾക്ക് എന്നും സ്ഥാനമുണ്ട്. പ്രത്യേകിച്ചും സ്ത്രീകളെ ആകർഷിക്കാൻ വലിയ മസിലുകൾ വേണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതിനായിട്ടാണ് തൻറെ കൈകളിൽ പെട്രോളിയം ജെല്ലി കുത്തിവച്ചതെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇന്ന് അദ്ദേഹത്തിൻറെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ മറ്റുള്ളവർ അദ്ദേഹത്തെ പരിഹസിക്കുന്നതിനാണ് കമൻറുകൾ കുറിക്കുന്നത്. അദ്ദേഹത്തിൻറെ ഒരു വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പ് “എപ്പോഴാണ് ലെഗ് ഡേ?”, ‘ അധികം വൈകുന്നതിന് മുമ്പ് വൈദ്യസഹായം തേടണം.’ എന്നിങ്ങനെയാണ് അവ.

മസിൽ പെരുപ്പിക്കാൻ കുത്തിവച്ച പെട്രോളിയം ജെല്ലി, ഇന്ന് അദ്ദേഹത്തിൻറെ കൈകളിലെ രക്തയോട്ടം തടസ്സപ്പെടുത്തുന്നതും ടിഷ്യൂകളുടെ നാശവും ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമായി മാറി. ജെല്ലിയും കേടായ ടിഷ്യുവും നീക്കം ചെയ്യുന്നതിനായി അദ്ദേഹം ഒന്നിലധികം തവണ ശസ്ത്രക്രിയകൾക്ക് വിധേയനായി. മസിലുകൾ മുറിച്ച് മാറ്റുന്നതിനുള്ള സാധ്യത പോലും തേടിയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അത്തരമൊരു നീക്കം മരണത്തിന് സാധ്യതയുണ്ടെന്ന ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ആദ്യം സസ്യ എണ്ണ തൻറെ കൈകളിൽ കുത്തിവച്ചിരുന്നുവെന്നും എന്നാൽ അത് ശാശ്വതമായ ഫലം നൽകാതെ വന്നപ്പോൾ വാസ്ലിൻ അധിഷ്ഠിത ജെല്ലി കുത്തിവച്ചെന്നും ഇത് കൈയുടെ ഗണ്യമായ വലുപ്പത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു. “സുന്ദരികളായ സ്ത്രീകളെ” ആകർഷിക്കുന്നതിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നതെന്നും കിറിൻ കൂട്ടിച്ചേർക്കുന്നു. രണ്ട് വർഷം മുമ്പ് കൈകളിൽ ജീവൻ രക്ഷാ ശസ്ത്രക്രിയ നടത്തിയെങ്കിലും, വീർക്കുന്ന പേശികൾ ഒരു വലിയ വിഷയമായി തുടരുന്നതായും കിറൻ പറയുന്നു.

Advertisement