കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ച വെബ്‍സൈറ്റ് നടത്തിയതിന് ഇന്ത്യൻ ഡോക്ടർ യുകെയിൽ ജയിലിലായി

Advertisement

ലണ്ടൻ: കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ച വെബ്‍സൈറ്റ് നടത്തിയതിന് ഇന്ത്യൻ വംശജനായ ഡോക്ടർ യുകെയിൽ ജയിലിലായി. ല്യൂഷാമിൽ താമസിച്ചിരുന്ന സെക്യാട്രിസ്റ്റ് ഡോ. കബീർ ഗാർഗ് (33) ആണ് കഴിഞ്ഞ വർഷം പൊലീസിന്റെ പിടിയിലാവുകയും തുടർന്ന് ഇപ്പോൾ ശിക്ഷിക്കപ്പെടുകയും ചെയ്‍തത്. ആഗോള തലത്തിൽ 90,000ൽ അധികം അംഗങ്ങളുള്ള ഒരു അശ്ലീല വെബ്‍സൈറ്റിന്റെ മോഡറേറ്റർമാരിൽ ഒരാളായിരുന്നു ഇയാൾ.

ജൂൺ 23ന് വൂൾവിച്ച് ക്രൗൺ കോടതി ഇയാൾക്ക് ആറ് വർഷം ജയിൽ ശിക്ഷയാണ് വിധിച്ചത്. ഒപ്പം ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ആജീവനാന്തം ഇയാളെ ഉൾപ്പെടുത്തുകയും ചെയ്‍തു. കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതിന് സൗകര്യം ചെയ്യുക, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, നിരോധിതമായ ചിത്രങ്ങൾ കൈവശം വെയ്ക്കുക തുടങ്ങിയ എട്ട് കുറ്റങ്ങളിൽ ഇയാൾ ഇക്കഴിഞ്ഞ ജനുവരി മാസം കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു.

കുട്ടികളുടെ ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കുന്ന പ്രവൃത്തികൾ വലിയ തോതിൽ ഇയാളിൽ നിന്നുണ്ടായതായി നാഷണൽ ക്രൈം ഏജൻസി ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടികളെ പീഡിപ്പിക്കുന്ന ലൈംഗിക ചൂഷകർക്ക് ഡാർക്ക് വെബ്ബിലൂടെ അശ്ലീല ചിത്രങ്ങൾ കൈമാറുകയും ക്രൂരമായ ശിശു പീഡനത്തെക്കുറിച്ച് ഇവരുമായി സംസാരിക്കുകയും ചെയ്‍തിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ആയിരക്കണക്കിന് വെബ്‍സൈറ്റുകൾ ഡാർക്ക് വെബ്ബിലുണ്ടെങ്കിലും ശമ്പളം പോലുമില്ലാതെ ഇത്തരമൊരു വെബ്‍സൈറ്റിന് വേണ്ടി ധാരാളം സമയം ചെലവഴിച്ച് പ്രവർത്തിക്കുന്നവർ വളരെ കുറവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അന്താരാഷ്‍ട്ര തലത്തിലുള്ള അന്വേഷണ ഏജൻസികളുമായി സഹകരിച്ച് 2022 നവംബറിൽ ഇയാളുടെ ഫ്ലാറ്റിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ ഇയാളുടെ ലാപ്‍ടോപ്പിൽ അശ്ലീല വെബ്‍സൈറ്റിന്റെ മോഡറേറ്റർ അക്കൗണ്ട് ലോഗിൻ ചെയ്‍ത നിലയിലായിരുന്നു.

Advertisement