ക്ലാസില്‍ ‘ഫാര്‍ട്ട് സ്പ്രേ’ അടിച്ചു; ആറ് കുട്ടികള്‍ ആശുപത്രിയില്‍

Advertisement

ന്യൂയോർക്ക്: അമേരിക്കയിലെ ടെക്സാസിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ പ്രാങ്ക് വരുത്തിവെച്ചത് വലിയ പ്രശ്നങ്ങൾ. ടെക്സാസിലെ കാനി ക്രീക്ക് സ്കൂളിലാണ് സംഭവം. സ്കൂളിൽ “ഫാർട്ട് സ്പ്രേ”യുമായി എത്തിയ ഒരു കൂട്ടം ഹൈസ്കൂൾ വിദ്യാർത്ഥികളാണ് പ്രാങ്കിന് പിന്നിൽ പ്രവര്‍ത്തിച്ചിരുന്നത്.

കുട്ടികള്‍ മറ്റാരും അറിയാതെ ക്ലാസ് മുറിയിൽ ഫാര്‍ട്ട് സ്പ്രേ അടിച്ചു. പിന്നാലെ സ്കൂള്‍ മുഴുവനും അസഹനീയമായ ദുർഗന്ധം നിറ‍ഞ്ഞു. ഇതേ തുടർന്ന് ശാരീരകാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. എന്നാല്‍, കൂടുതൽ കുട്ടികളിലും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങിയതോടെ സ്കൂളിന് അവധി നൽകി വിദ്യാർത്ഥികളെ വീടുകളിലേക്ക് തിരിച്ചയക്കേണ്ടി വന്നു.

അസുഖകരമായ ദുർഗന്ധം, എന്തോ വാതക ചോർച്ചയാണെന്നാണ് ആദ്യം സ്കൂള്‍ അധികൃതര്‍ കരുതിയത്. ഇതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിളിച്ചതനുസരിച്ച് അഗ്നിശമന ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും ഒരു ടീമായി സ്കൂള്‍ പരിസരം മുഴുവനും അരിച്ച് പെറുക്കി. എന്നാല്‍ മൂന്ന് ദിവസത്തോളം അന്വേഷിച്ചിട്ടും ദുര്‍ഗന്ധത്തിന്‍റെ ഉറവിടം കണ്ടെത്താനായില്ല. ഒടുവിൽ പ്രാങ്കിൽ ഉൾപ്പെ‍ട്ട വിദ്യാർത്ഥികളിൽ ഒരാൾ തന്നെ സ്കൂള്‍ അധികൃതരുടെ അടുത്ത് കുറ്റസമ്മതം നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളില്‍ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സ്കൂൾ കെട്ടിടം മുഴുവനും ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം ഗ്യാസ് ഡിറ്റക്‌ഷൻ ഉപകരണങ്ങൾ ഉപയോഗിച്ച് വിശദമായി പരിശോധിച്ചെങ്കിലും ചോർച്ചയുടെയോ തീപിടിത്തത്തിന്‍റെയോ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. എന്നാല്‍, ആദ്യ ദിവസം തന്നെ കടുത്ത ദുർഗന്ധം മൂലം കടുത്ത തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആറ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതൽ വഷളായി. കൂടാതെ കുറഞ്ഞത് എട്ട് പേർക്കെങ്കിലും അസ്വാസ്ഥ്യം അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് ഒരാഴ്ചയോളം സ്കൂളിന് അവധി നല്‍കി.

ഇതിനിടയിലാണ് പ്രാങ്കിൽ പങ്കാളികളായ വിദ്യാർത്ഥികൾ കുറ്റസമ്മതവുമായി സ്കൂള്‍ അധികൃതരുടെ അടുത്തെത്തിയത്. മനുഷ്യ വിസർജ്യത്തിന്‍റെയും ഛർദ്ദിയുടെയും മണം പുറത്ത് വിടുന്ന ഹെൻസ്‌ഗോക്റ്റ് ഫാർട്ട് സ്പ്രേയാണ് വിദ്യാർത്ഥികൾ സ്കൂളിൽ പ്രയോഗിച്ചത്. വിദ്യാർത്ഥികൾ കുറ്റമേറ്റതോടെയാണ് ഇതുമായി ബന്ധപ്പെട്ട ദുരൂഹതകൾ അവസാനിച്ചു. വിദ്യാർത്ഥികൾക്കെതിരെ എന്തെങ്കിലും നടപടി എടുത്തോ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Advertisement