മുൻ കാമുകിക്ക് ഇന്ത്യയിലേക്ക് ക്ഷണം? പരസ്യമായി വഴക്ക്, പങ്കാളി ക്ലാർക്കിന്റെ മുഖത്തടിച്ചു

സിഡ്നി: പങ്കാളി ജെയ്ഡ് യാൻബ്രോയുമായി പൊതുസ്ഥലത്തു കലഹിച്ചതിന്റെ പേരിൽ വിവാദത്തിലായി ഓസ്ട്രേലിയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. ഒരു ഓസ്ട്രേലിയൻ മാധ്യമമാണ് മൈക്കൽ ക്ലാർക്ക് കാമുകിയോട് പരസ്യമായി കലഹിച്ച കാര്യം റിപ്പോർട്ട് ചെയ്തത്.

ക്ലാർക്ക് പറ്റിച്ചെന്ന് ആരോപിച്ച ജെയ്ഡ് ഓസ്ട്രേലിയയിലെ ക്യൂൻസ്‍ലാൻഡിൽവച്ച് താരത്തെ അടിച്ചതായും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെയ്ഡിന്റെ സഹോദരി ജാസ്മിന്റെ കൂട്ടുകാരനും ടിവി അവതാരകനുമായ കാൾ സ്റ്റെഫാനോവിച് ഇരുവരെയും ശാന്തനാക്കാൻ ശ്രമിച്ചതായും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലുണ്ട്.

ക്ലാർക്ക് മുൻ കാമുകി പിപ് എഡ്‍വാർ‌ഡിനൊപ്പം ചേർന്ന് ചതിച്ചെന്നാണ് ജെയ്ഡിന്റെ ആരോപണം. ഇന്ത്യയിലേക്ക് തനിക്കൊപ്പം വരാൻ പിപ് എഡ്‍വാർഡിനെ ക്ലാർക്ക് ക്ഷണിച്ച സന്ദേശങ്ങളും ജെയ്ഡ് താരത്തിന് മുൻപിൽ കാണിക്കുന്നുണ്ട്. ആരോപണങ്ങൾ നിഷേധിച്ച ക്ലാർക്കിന്റെ മുഖത്ത് ജെയ്ഡ് പല വട്ടം അടിച്ചു.

സംഭവം വിവാദമായതിനു പിന്നാലെ ക്ലാർക്കുമായുള്ള സ്പോൺസർഷിപ്പ് ഡീലിൽ നിന്ന് പലരും പിന്മാറിയതായാണ് വിവരം. ഇതിനിടെ ബോർഡർ–ഗാവസ്കർ ട്രോഫിയിലെ കമന്ററി പാനലിൽ നിന്നും ക്ലാർക്കിനെ മാറ്റിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

ബിസിസിഐയ്ക്കും സ്റ്റാർ സ്പോർട്സിനുമാണ് കമന്ററി പാനലിനെ തീരുമാനിക്കാനുള്ള അധികാരം. സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ മുൻ നായകന് എതിരായ ആരോപണങ്ങളിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം തുടങ്ങിയതായാണു വിവരം.

Advertisement