ആദ്യമായി വിമാനത്തിൽ കയറിയ 83 വയസുള്ള ഈ മുത്തശ്ശിയുടെ സന്തോഷം കണ്ടോ

Advertisement

കൊച്ചുമകളുടെ വിവാഹത്തിനായി 83–ാം വയസ്സിൽ ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ കയറിയതിന്റെ സന്തോഷത്തിലാണ് ഒരു മുത്തശ്ശി. മുത്തശ്ശിയുടെ വിമാന യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ‘ബഡി മമ്മി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. വിഡിയോ എത്തി നിമിഷങ്ങൾക്കകം തന്നെ നിരവധിപേർ വിഡിയോ കണ്ടുകഴിഞ്ഞു.

യാത്രാടിക്കറ്റുമായി മുത്തശ്ശി വിമാനത്താവളത്തിലേക്കു പോകുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. കുടുംബത്തിനൊപ്പം ഏറെ സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണ് മുത്തശ്ശി വിമാനത്തിൽ കയറാൻ പോകുന്നത്. ‘83–ാം വയസ്സിൽ എന്റെ ആദ്യ വിമാനയാത്ര. പേരക്കുട്ടിയുടെ വിവാഹത്തിനു പോകുകയാണ്.’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്.

വിഡിയോ വൈറലായതോടെ നിരവധി കമന്റുകളും എത്തി. ‘മുത്തശ്ശിയെ കൊണ്ടുപോകാൻ മുൻകൈ എടുത്തവരെ അഭിനന്ദിക്കുന്നു. ആരോഗ്യത്തോടെ കൂടുതൽ യാത്രകൾ ചെയ്യാൻ സാധിക്കട്ടെ.’– എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. മറ്റൊരാൾ അദ്ദേഹത്തിന്റെ മുത്തശ്ശിയുടെ അനുഭവമാണ് പങ്കുവച്ചത്. ‘88–ാം വയസ്സിലാണ് എന്റെ മുത്തശ്ശി ആദ്യമായി വിമാനത്തിൽ കയറുന്നത്. എങ്ങനെയുണ്ടായിരുന്നു യാത്ര എന്ന് ഞങ്ങൾ മുത്തശ്ശിയോടു ചോദിച്ചു. പറക്കുന്ന കപ്പൽ പോലെ തോന്നിയെന്നു മുത്തശ്ശി പറഞ്ഞു. എയർ ഹോസ്റ്റസുമാരുടെ പെരുമാറ്റത്തെയും അവരുടെ സൗന്ദര്യത്തെയും മുത്തശ്ശി പുകഴ്ത്തി.’ ഈ മുത്തശ്ശി ഞങ്ങളുടെ മുത്തശ്ശിമാരെയും ഓർമിപ്പിച്ചു എന്നും പലരും കമന്റ് ചെയ്തു.

Advertisement