നവജാത ശിശുവിനെ വനത്തിൽ ഉപേക്ഷിച്ചു; അമ്മ അറസ്റ്റിൽ

Advertisement

മാഞ്ചസ്റ്റർ (ന്യു ഹാംപ്ഷയർ): ക്രിസ്മസ് രാവിൽ കൊടുംതണുപ്പിൽ നവജാത ശിശുവിനെ വനത്തിൽ തിങ്ങിനിറഞ്ഞ മരങ്ങൾക്കിടയിലെ താൽക്കാലിക ഷെഡിൽ ഉപേക്ഷിച്ച മാതാവ് അലക്സാൻഡ്രിയ (29) എക്ക്‌കേഴ്സലിനെ പൊലീസ് പിടികൂടി.
മയക്കുമരുന്നിന് അടിമയും ഭവനരഹിതയുമായിരുന്നു അലക്സാൻഡ്രിയ. ക്രിസ്മസ് രാവിലാണ് ഇവർ കുഞ്ഞിനു ജന്മം നൽകിയത്. ആ സമയത്തു അവിടെ താപനില 18 ഡിഗ്രിയായിരുന്നു. മരങ്ങൾ തിങ്ങിനിറഞ്ഞിരുന്ന വനത്തിൽ താൽക്കാലികമായി കെട്ടിയുയർത്തിയ ടെന്റിലായിരുന്നു ഇവരുടെ പ്രസവം.


തുടർന്നു കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചു സ്ഥലം വിടുകയായിരുന്നുവെന്നു മാഞ്ചസ്റ്റർ പൊലീസ് ചീഫ് ജോൺ സ്റ്റാർ പറഞ്ഞു.കുഞ്ഞിനു ജന്മം നൽകിയ വിവരം ആരോ പൊലീസിനെ അറിയിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ അലക്സാൻഡ്രിയായെ കണ്ടെത്തി ചോദ്യം ചെയ്തെങ്കിലും കുട്ടിയെ എവിടെ ഉപേക്ഷിച്ചു എന്നതു വ്യക്തമായി പറയുവാൻ ഇവർക്കു കഴിഞ്ഞില്ല. ഒടുവിൽ ടെന്റിനെ കുറിച്ചു സൂചന നൽകുകയും പൊലീസ് അവിടെ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു.
വസ്ത്രം ഒന്നും ഇല്ലാതെ കൊടുംതണുപ്പിൽ കഴിഞ്ഞ കുട്ടി ശ്വാസം പോലും എടുക്കാൻ പ്രയാസപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.അറസ്റ്റിലായ യുവതിക്കു താൻ പ്രസവിച്ചുവോ എന്നു പോലും അറിയില്ലായിരുന്നു. അത്രയും മയക്കുമരുന്നിൽ അടിമയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവർ കുറ്റം നിഷേധിച്ചു.

Advertisement