തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. 68 ഗ്രാമപഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും നാല് നഗരസഭകളും കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ 85 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 1698 നിയോജകമണ്ഡലം/വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഏഴ് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിച്ചു.
അന്തിമ വോട്ടര്‍പട്ടികപ്രകാരം ജില്ലയില്‍ 22,54,848 വോട്ടര്‍മാരുണ്ട്. 10,43,920 (പുരുഷ) 12,10,905 (സ്ത്രീ) 23 (ട്രാന്‍സ്‌ജെന്‍ഡര്‍) ഉള്‍പ്പെടുന്നു. 48 പേര്‍ പ്രവാസികളാണ്.
ജില്ലയില്‍ 5652 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത്. 2514 പുരുഷന്മാരും 3138 വനിതകളും ഉള്‍പ്പെടുന്നു. 1721 പേര്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. ആകെ സ്ഥാനാര്‍ഥികള്‍- 5652. ജില്ലാ പഞ്ചായത്ത്-98, ബ്ലോക്ക് പഞ്ചായത്ത്-523, ഗ്രാമപഞ്ചായത്ത്-4402, കോര്‍പറേഷന്‍-202, നഗരസഭ-427.
ഇലക്ട്രോണിക് വോട്ടിംഗ്‌യന്ത്രങ്ങളുടെ കമ്മീഷനിങ് പൂര്‍ത്തിയാക്കി. പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടാകും. വോട്ടിംഗ് കംപാര്‍ട്ട്മെന്റില്‍ വച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭ/ കോര്‍പറേഷനില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. ഒരു ബാലറ്റ് യൂണിറ്റില്‍ 15 വരെ സ്ഥാനാര്‍ഥികളെയാണ് ക്രമീകരിക്കുന്നത്. 7422 ബാലറ്റ് യൂണിറ്റുകളും 2730 കണ്‍ട്രോള്‍ യൂണിറ്റുകളും സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുണ്ട് . റിസര്‍വ് യൂണിറ്റുകളും സജ്ജമാണ്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13056 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 3264 വീതം പ്രിസൈഡിങ് ഓഫീസര്‍മാരും 3264 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 6528 പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. 4016 പുരുഷന്മാരും 9040 സ്ത്രീകളുമുണ്ട്. ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട് പോളിങ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക.
1698 വാര്‍ഡുകളിലായി 2720 പോളിംഗ് സ്റ്റേഷനുകളുണ്ട്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും ശേഖരണത്തിനും വോട്ടെണ്ണലിനുമായി 16 കേന്ദ്രങ്ങളും.
ഡിസംബര്‍ എട്ട് രാവിലെ എട്ടു മുതലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം. ബസുകളും, മിനി ബസുകളും, കാറുകളും ജീപ്പുകളും ഉള്‍പ്പെടെ 1161 വാഹനങ്ങള്‍ ലഭ്യമാക്കും. 61 പ്രശ്‌നബാധിത ബൂത്തുകളിലേക്ക് വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി.
ജില്ലയിൽ 22,54,848 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്
🔵 ദിന വിശേഷം 🔵 🗓️ 2025 ഡിസംബർ 8 (1201 വൃശ്ചികം 22) | തിങ്കൾ
✨ പ്രധാന സംഭവങ്ങൾ
- നടി ആക്രമണ കേസിൽ എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ വിധി (പ്രതീക്ഷിക്കുന്നത്).
- തെക്കൻ ജില്ലകളിൽ വോട്ടെടുപ്പ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
- ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം പ്രമാണിച്ചുള്ള പ്രത്യേക ചർച്ച പാർലമെന്റിൽ.
⏳ ചരിത്രത്തിൽ ഇന്ന്
- സാർക്ക് (SAARC): 8 ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ നിലവിൽ വന്നു (1985).
- ബഹിരാകാശത്ത് ആണവായുധങ്ങൾ നിരോധിക്കുന്ന കരാറിൽ അമേരിക്കയും സോവ്യയറ്റ് യൂണിയനും ഒപ്പുവെച്ചു (1966).
- കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർക്വേസിന് സാഹിത്യ നോബേൽ ലഭിച്ചു (1982).
- അമേരിക്കൻ പ്രസിഡന്റ് ഐസൻഹോവറിന്‍റെ ‘ആറ്റം ഫോർ പീസ്’ പ്രസംഗം ഐക്യരാഷ്ട്രസഭയിൽ (1953).
🎂 ജന്മദിനം
- ധർമ്മേന്ദ്ര (1935): പ്രശസ്ത ഹിന്ദി നടനും നിർമ്മാതാവും പാർലമെന്റ് അംഗവും, പത്മഭൂഷൺ ജേതാവ്.
- തിലകൻ (1935): മലയാള ചലച്ചിത്ര നടൻ.
- ജോബി മാത്യു (1976): ഭിന്നശേഷി വിഭാഗം പഞ്ചഗുസ്തിയിൽ ലോക ചാമ്പ്യനായ പാലാ സ്വദേശി.
- വാൻ ഇൻഹെൻ ഹൂസ് (1730): പ്രകാശ സംശ്ലേഷണം കണ്ടെത്തിയ ഡച്ച് ശാസ്ത്രജ്ഞൻ.
🕊️ ചരമദിനം
- കാനം രാജേന്ദ്രൻ (2023): സി.പി.ഐ. സംസ്ഥാന സെക്രട്ടറി.
- തോപ്പിൽ ഭാസി (1992): പ്രശസ്ത നാടകകൃത്തും ചലച്ചിത്ര സംവിധായകനും.
- ജോർജ് ബൂൾ (1864): ‘ബൂളിയൻ ആൾജിബ്ര ഓഫ് ലോജിക്’ വികസിപ്പിച്ച ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞൻ.
- ഭായ് പരമാനന്ദ് (1947): ഗദ്ദാർ പാർട്ടി നേതാവ്.
- എൻ. ചന്ദ്രശേഖരൻ നായർ (1993): കേരളത്തിലെ ആദ്യ ഇൻസ്പെക്ടർ ജനറൽ.
- പല്ലാവൂർ അപ്പുമാരാർ (2002): പ്രശസ്ത ഇടയ്ക്ക വാദകൻ.
മലയാള ദിനപത്രങ്ങളിലൂടെ 2025 | ഡിസംബർ 8 | തിങ്കൾ 1201 | വൃശ്ചികം 22 | പൂയം
🎬 വാർത്തകൾ / വിധി
നടിയെ ആക്രമിച്ച കേസ്: ഇന്ന് വിധി
നടിയെ ആക്രമിച്ച കേസില്‍ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. നടൻ ദിലീപ് എട്ടാം പ്രതിയായ കേസിൽ രാവിലെ പതിനൊന്നിനാണ് നടപടികൾ തുടങ്ങുക. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയാണ് കേസിൽ ഒന്നാം പ്രതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. 2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽ വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്.
നടിയ്ക്ക് ഐക്യദാർഢ്യം: WCC
നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടര വർഷം നീണ്ട വിചാരണക്കൊടുവിൽ ഇന്ന് അന്തിമവിധി വരാനിരിക്കെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൺ ഇൻ സിനിമാ കളക്ടീവ്. ഈ കാലയളവിലുടനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അതിജീവിത കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകൾ ഇല്ലെന്ന് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലവർ പ്രതികരിച്ചു.
🚨 രാഹുൽ മാങ്കൂട്ടത്തിൽ കേസ്
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്
ലൈംഗിക പീഡന കേസിൽ ഒളിവില്‍ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനും ഇന്ന് നിർണ്ണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസിൽ ഇതുവരെ കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല.
എംഎൽഎയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തിൽ നിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചത്. ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുൽ കഴിഞ്ഞ 11 ദിവസമായി ഒളിവില്‍ തുടരുകയാണ്.
ഒളിവില്‍ കഴിയാൻ സഹായിച്ച രണ്ടുപേർ പിടിയിൽ
ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവില്‍ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പൊലീസ് പിടികൂടി. ബെംഗളൂരുവിൽ രാഹുലിനെ ഒളിവില്‍ കഴിയാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കർണാടക, തമിഴ്നാട് അതിർത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോർച്യൂണർ കാറും പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
🔥 രാഷ്ട്രീയ വാർത്തകൾ
ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ കത്ത്
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടിയുടെ ഇടപാട് നടന്നെന്നും ചെന്നിത്തല കത്തിൽ പറയുന്നു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാമെന്നും ചെന്നിത്തല കത്തിൽ ആരോപിക്കുന്നു. അതേസമയം രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ പ്രത്യേകാന്വേഷണ സംഘം ബുധനാഴ്ച മൊഴി രേഖപ്പെടുത്തിയേക്കും.
അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ശബരിമല സ്വർണ്ണക്കൊള്ളയിലെ അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് ഒരു അവകാശവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഇടപെടലിൽ ആണെന്നും കടകംപള്ളിയുടെ ചോദ്യം ചെയ്യലും അറസ്റ്റും നീട്ടിക്കൊണ്ട് പോകാനാണ് സർക്കാരിന്റെ ശ്രമമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് മേൽ സമ്മർദം ചെലുത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട കൊട്ടിക്കലാശം പൂർത്തിയായി
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് ആവേശകരമായ കൊട്ടിക്കലാശം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിളെ വോട്ടെടുപ്പ് നാളെ. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബർ 13 ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
[attachment_1](attachment)
ജമാഅത്തെ ഇസ്ലാമി ബന്ധം: എൽഡിഎഫ് – യുഡിഎഫ് വാക്ക് പോര്
ജമാഅത്തെ ഇസ്ലാമി ബന്ധത്തെ ചൊല്ലി വീണ്ടും എൽഡിഎഫ് യുഡിഎഫ് വാക്ക് പോര്. ജമാഅത്തെ നേതാക്കളുമായി താൻ ചർച്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷേ ഒരു ഘട്ടത്തിലും ഇവരുമായി തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നും പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും ജമാഅത്തെ ഇസ്ലാമിയും സിപിഎമ്മും തമ്മിൽ പതിറ്റാണ്ടുകളായുള്ള ബന്ധമാണെന്നും വി ഡി സതീശൻ തിരിച്ചടിച്ചു. അതേസമയം ജമാഅത്തെ ഇസ്ലാമിയെ കൊണ്ടുനടന്നത് സിപിഎം ആണെന്നും യുഡിഎഫിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
ചർച്ച വോട്ടിന് വേണ്ടിയെന്ന് ജമാഅത്തെ ഇസ്ലാമി
ജമാഅത്ത് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് വോട്ടിന് വേണ്ടി തന്നെയാണ്. സിപിഎമ്മിന്റെ ഗുഡ് സർട്ടിഫിക്കറ്റിന്റെ ആവശ്യം ജമാഅത്തിനില്ലെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ അറിയിച്ചു. 2011 ഏപ്രിൽ 3ന് ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു പിണറായിയുമായി ചർച്ച നടത്തിയതെന്നും ശിഹാബ് പുക്കോട്ടൂർ കുറിപ്പിൽ വ്യക്തമാക്കി. ചർച്ച നടന്നില്ലെന്ന പാർട്ടി സെക്രട്ടറിയുടെ നുണ മുഖ്യമന്ത്രി തിരുത്തിയിരുന്നു.
യുഡിഎഫ് എംപിമാരുടെ ചോദ്യം കുനുഷ്ട്: മുഖ്യമന്ത്രി
യുഡിഎഫ് എംപിമാരുടെ കേരളത്തോടുള്ള മനോഭാവമാണ് കൊല്ലം, കോഴിക്കോട് എംപിമാരുടെ ചോദ്യത്തിലൂടെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം അതിദാരിദ്ര്യ മുക്തമായെന്ന പ്രഖ്യാപനം എഎവൈ കാർഡുകൾ റദ്ദാക്കാൻ കാരണമാകുമോയെന്ന് പാർലമെന്റിൽ എൻ കെ പ്രേമചന്ദ്രനും എം കെ രാഘവനും ഉന്നയിച്ചിരുന്നു. പാർലമെന്റിൽ ഇത്തരം കുനുഷ്ട് ചോദ്യങ്ങൾ ചോദിക്കാൻ യുഡിഎഫ് എംപിമാർക്ക് വല്ലാത്ത ആവേശമാണെന്നും എന്നാൽ സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാനും കേന്ദ്ര അവഗണനെക്കിതിരെ ശബ്ദിക്കാനും ഈ ഉത്സാഹമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംവാദത്തിന് തയ്യാറെന്ന് കെ സി വേണുഗോപാൽ
കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് തയ്യാറാണെന്ന് കോഴിക്കോട് പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞതിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ എംപി. മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷമെന്നും സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് തീയതി നിശ്ചയിക്കാമെന്നും കേരളത്തിനു വേണ്ടിയുള്ള എംപിമാരുടെ പാർലമെന്റ് പ്രസംഗങ്ങൾ സൈറ്റിൽ ഉണ്ടെന്നും ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി സിനിമാ നടൻ: മന്ത്രി വി ശിവൻകുട്ടി
കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി സിനിമാ നടനിൽ നിന്ന് ഒരു രാഷ്ട്രീയ പ്രവർത്തകനിലേക്ക് ഇതുവരെ എത്തിയിട്ടില്ല. നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ടെന്നോ ലോക്സഭാ മണ്ഡലങ്ങൾ ഉണ്ടെന്നോ സുരേഷ്ഗോപിക്ക് അറിയില്ല. ആരെയും പുച്ഛത്തോട് കൂടി മാത്രമേ അദ്ദേഹം കാണുകയുള്ളൂവെന്നും മറുപടികൾ പറയുമ്പോൾ കുറച്ചുകൂടി മാന്യമായി പറയണമെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ചെളികൾ ഉള്ളതുകൊണ്ടാണ് താമരകൾ വിരിയുന്നത്: സുരേഷ് ഗോപി
കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരിഞ്ഞു കൊണ്ടിരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. നുണറായിയല്ല നുണറായിസം ആണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും, തൃശ്ശൂർ മേയർ വർഗീസ് നല്ല ആളാണെന്നതിൽ സംശയമില്ലെന്നും എന്നാൽ അദ്ദേഹത്തെ നിയന്ത്രിക്കുന്ന ചില പിശാചുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരിങ്ങാലക്കുട ആശുപത്രി: കേന്ദ്രമന്ത്രിയുടെ വാദം കള്ളപ്രചരണം
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നാലാം നില സുരേഷ് ഗോപി എം.പി യുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതെന്ന കേന്ദ്രമന്ത്രിയുടെ വാക്കുകൾ കള്ള പ്രചരണമെന്ന് മന്ത്രി ആർ ബിന്ദു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നുണകൾ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എം പിയായി സുരേഷ് ഗോപി മാറിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വാർഷിക പദ്ധതിയിലും നബാർഡ് പദ്ധതിയിലും ഉൾപ്പെടുത്തിയാണ് നിർമ്മാണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദേശീയപാത നിർമാണം എൽഡിഎഫ് ആയതുകൊണ്ട്: മുഖ്യമന്ത്രി
നടക്കില്ലെന്ന് പറഞ്ഞ ദേശീയ പാത നിർമാണം നടന്നുവെന്നും ജനങ്ങൾ കൺകുളിർക്കേ കാണുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് ആയതുകൊണ്ടാണ് ദേശീയ പാത ഈ രീതിയിലാക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറിയ കേരളം ലോകത്തെ അദ്ഭുതപ്പെടുത്തുകയാണെന്നും കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
🕌 മത-സാമൂഹികം
മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം: മുനവ്വറലി തങ്ങളുടെ മകളുടെ പ്രസ്താവന തിരുത്തി
മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകൾ നടത്തിയ പ്രസ്താവന തിരുത്തി മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ഹജ്ജ് കർമത്തിലടക്കം സ്ത്രീകൾ പങ്കെടുക്കുന്നുണ്ടെന്നിരിക്കെ പള്ളികളിൽ പ്രവേശന വിലക്കിനെ സംബന്ധിച്ച് ചോദ്യത്തിന് മറുപടിയായിട്ടാണ് ഫാത്തിമ നർഗീസ് അനുകൂലിച്ചത്. എന്നാൽ, വിഷയത്തിൽ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത 16കാരിയായ കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
സൈബർ ആക്രമണം ശരിയല്ല: സാദിഖലി തങ്ങൾ
മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ മുനവ്വറലി തങ്ങളുടെ മകൾ ഫാത്തിമ നർഗീസിനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ട കാര്യമില്ലെന്നും സൈബർ ആക്രമണം ശരിയല്ലെന്നും സാദിഖ് അലി തങ്ങൾ പ്രതികരിച്ചു.
മുസ്ലിം പള്ളി നിർമ്മാണം: തൃണമൂൽ എംഎൽഎയുടെ പ്രസ്താവന
പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ നാലാം തവണയും അധികാരത്തിൽ തിരിച്ചെത്തിക്കാൻ അനുവദിക്കില്ലെന്ന് മുർഷിദാബാദിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ മുസ്ലിം പള്ളി നിർമ്മിക്കാനുള്ള നിർദ്ദേശത്തിന് പിന്നാലെ സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ്സ് എം.എൽ.എ. ഹുമയൂൺ കബീർ. തൃണമൂലിന്റെ മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. മൂർഷിദാബാദിൽ ബാബറി മസ്ജിദിന്റെ മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ടതിന് പിന്നാലെയാണ് പ്രഖ്യാപനം.
🌍 അന്താരാഷ്ട്രം / ദേശീയ
സുഡാനിൽ ഡ്രോൺ ആക്രമണം: 50 പേർ കൊല്ലപ്പെട്ടു
സുഡാനിൽ ഡ്രോൺ ആക്രമണത്തിൽ 33 നഴ്‌സറി കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതിൽ ആഗോളതലത്തിൽ വിമർശനം ശക്തമാകുന്നു. കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്നാണ് വിവിധ ലോകനേതാക്കളും യുണിസെഫുമടക്കം പ്രതികരിച്ചത്. വടക്കൻ സുഡാനിലെ വൈറ്റ് നൈൽ സംസ്ഥാനത്തെ ഒരു നഴ്‌സറി സ്‌കൂളിന് നേരെയാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് സുഡാൻ സർക്കാരും സൈന്യവും ആരോപിച്ചു.
യുക്രെയ്ൻ പിന്തുണ അവസാനിപ്പിക്കാൻ സാധ്യത: ട്രംപ് ജൂനിയർ
യുഎസ് യുക്രെയ്നിനു നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്ത മകൻ, ഡോണൾഡ് ട്രംപ് ജൂനിയർ. യുക്രെയ്നിൽ തിരഞ്ഞെടുപ്പ് നടന്നാൽ വിജയിക്കില്ലെന്ന് സെലെൻസ്‌കിക്ക് അറിയാമെന്നും അതിനാലാണ് യുദ്ധം അവസാനിപ്പിക്കാതെ നീട്ടികൊണ്ടുപോകുന്നതെന്നും റഷ്യയെക്കാൾ അഴിമതി നിറഞ്ഞ രാജ്യം യുക്രെയ്നാണെന്നും ട്രംപ് ജൂനിയർ വിമർശിച്ചു.
ഓപ്പറേഷൻ സിന്ദൂർ: സൈന്യം നിയന്ത്രിത പ്രതികരണം തിരഞ്ഞെടുത്തു – രാജ്‌നാഥ് സിങ്
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യത്തിന് കൂടുതൽ ശക്തമായി പ്രതികരിക്കാനാകുമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എന്നാൽ, സൈന്യം നിയന്ത്രിതവും സൂക്ഷ്മവുമായ പ്രതികരണ രീതിയാണ് തിരഞ്ഞെടുത്തത്. ധൈര്യവും ആത്മനിയന്ത്രണവും ഒരുപോലെ പ്രകടിപ്പിക്കുന്ന വിധം അനിവാര്യമായ കാര്യങ്ങൾമാത്രമേ സൈന്യം ചെയ്തുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഗോവ നിശാക്ലബ്ബ് തീപ്പിടിത്തം: നാലുപേർ അറസ്റ്റിൽ
25 പേർ മരിച്ച ഗോവയിലെ അർപോറയിലുള്ള നിശാക്ലബ്ബിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. റോമിയോ ലേനിന്റെ കീഴിലുള്ള മറ്റു ക്ലബ്ബുകൾ സീൽ ചെയ്തതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഇത്തരത്തിലുള്ള നിയമപരമല്ലാത്ത ക്ലബ്ബുകളെ സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും കൂട്ടിച്ചേർത്തു. പരിപാടി നടക്കുന്നിടത്ത് പടക്കം പൊട്ടിച്ചതാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.
സുബീൻ ഗാർഗിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കും
പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ഡിസംബർ 12ന് കുറ്റപത്രം സമർപ്പിക്കും. സിംഗപ്പൂരിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെ രണ്ട് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ അടങ്ങിയതാണ് കുറ്റപത്രം. കേസിൽ ഗാർഗിന്റെ ബന്ധുവും മാനേജരും പരിപാടി സംഘാടകനും അടക്കം ഏഴുപേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിരുപ്പരങ്കുണ്ട്രം ദീപം: ബിജെപിക്കെതിരെ സ്റ്റാലിൻ
തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. എല്ലാ വർഷത്തെയും പോലെയാണ് ദീപം ഇത്തവണയും തെളിയിച്ചതെന്നും സ്റ്റാലിൻ പറഞ്ഞു.
✈️ വ്യോമയാന വാർത്തകൾ
ഇൻഡിഗോ യാത്രാ പ്രതിസന്ധി ബുധനാഴ്ചയോടെ പരിഹരിക്കും
ബുധനാഴ്ചയോടെ യാത്രാ പ്രതിസന്ധി പൂർണമായും പരിഹരിക്കുമെന്ന് ഇൻഡിഗോ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി ഇൻഡിഗോയുടെ 650 സർവീസുകൾ ഇന്നലെ റദ്ദാക്കി. ഡിജിസിഎ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയാലുടൻ ഇൻഡിഗോ സിഇഒക്കെതിരെ നടപടിയുണ്ടാകും. പ്രതിസന്ധിയിലിടപെട്ട വ്യോമയാന പാർലമെന്ററി സമിതി ഇൻഡിഗോ അധികൃതരെയും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനേയും വിളിച്ചു വരുത്തും.
[attachment_2](attachment)
കണക്കുകൂട്ടലുകൾ പിഴച്ചെന്ന് ഇൻഡിഗോ സി ഇ ഒയുടെ കുറ്റസമ്മതം
വ്യോമയാന മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ഇൻഡിഗോ സി ഇ ഒ പീറ്റർ എൽബേഴ്സ് കുറ്റസമ്മതം നടത്തി. കണക്കുകൂട്ടലുകൾ പിഴച്ചെന്നാണ് അദ്ദേഹം വിശദീകരിച്ചത്. പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് ചട്ടങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും പുതിയ സമയക്രമത്തിനനുസരിച്ച് ജീവനക്കാരെ നിയമിച്ചില്ലെന്നും സർവീസുകൾ കൂട്ടിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും അദ്ദേഹം വിശദീകരിച്ചതായാണ് വിവരം.
റീഫണ്ടായി 610 കോടി രൂപ തിരിച്ച് നൽകി
രാജ്യവ്യാപകമായി വിമാന സർവീസ് തടസപ്പെട്ടതോടെ യാത്രക്കാർക്ക് തിരികെ നൽകാനുള്ള 610 കോടി രൂപയുടെ റീഫണ്ട് ഇൻഡിഗോ എയർലൈൻസ് തിരിച്ച് നൽകി. കേന്ദ്ര സർക്കാർ അന്തിമ നിർദ്ദേശം നൽകിയതോടെയാണ് ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കിയത്.
🔪 മറ്റ് പ്രധാന സംഭവങ്ങൾ
കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ സംഭവത്തിൽ ദില്ലിയിൽ നിന്നുള്ള വിദഗ്ധ സംഘം അന്വേഷണത്തിനെത്തും. ഉടൻ തന്നെ അന്വേഷണം പൂർത്തിയാക്കി കേന്ദ്ര ഗതാഗത മന്ത്രാലയത്തിനും എൻഎച്ച്എഐക്കും റിപ്പോർട്ട് കൈമാറും. അതോടൊപ്പം സമാനമായ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയ നാലിടത്ത് പിഡബ്ല്യുഡി, മൈനിങ് ആൻഡ് ജിയോളജി, ഭൂഗർഭ ജല വകുപ്പ് വിഭാഗത്തിലെ വിദഗ്ധർ പരിശോധിക്കും.
വാൽപ്പാറയിൽ പുലി കടിച്ചുകൊന്ന സംഭവം: വനമേഖല വെട്ടിമാറ്റാൻ തീരുമാനം
തമിഴ്നാട് വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. എസ്റ്റേറ്റേറ്റിന് സമീപത്തുള്ള കാടുകൾ വെട്ടാൻ യോഗത്തിൽ തീരുമാനമായി. ജനവാസ മേഖലയ്ക്ക് സമീപമുള്ള കാടുകളും ചെടികളും അടിയന്തരമായി വെട്ടിമാറ്റാനാണ് നിർദേശം. കൂടാതെ, ഉടൻ തന്നെ ഫെൻസിങ് നടപടികൾ ആരംഭിക്കാനും നിർദേശിച്ചു.
കുനോ ദേശീയോദ്യാനത്തിലെ ചീറ്റക്കുഞ്ഞ് വാഹനമിടിച്ച് ചത്തു
കുനോ ദേശീയോദ്യാനത്തിൽ നിന്ന് പുറത്തുവന്ന ആൺ ചീറ്റക്കുഞ്ഞ് വാഹനമിടിച്ച് ചത്തു. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദേശീയപാതയിൽ വെച്ച് വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ആഗ്ര-മുംബൈ ദേശീയപാതയിൽ ഘാട്ടിഗാവ് ഏരിയയിലാണ് അപകടമുണ്ടായത്.
[attachment_3](attachment)
🏆 കായികം
മെസ്സിയുടെ കരുത്തിൽ ഇന്റർ മിയാമിക്ക് ആദ്യ എം.എൽ.എസ് കപ്പ്
ലയണൽ മെസ്സിയുടെ കരുത്തിൽ ആദ്യമായി എം.എൽ.എസ് കപ്പ് നേടി ഇന്റർ മിയാമി. ലീഗിലെ അവസാന മത്സരത്തിൽ വാൻകൂവർ വൈറ്റ് ക്യാപ്‌സിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്റർ മിയാമി കപ്പിൽ മുത്തമിട്ടത്. മുപ്പത്തിയെട്ടുകാരനായ മെസ്സി നാൽപ്പത്തിനാലാം സീനിയർ കിരീടത്തിനൊപ്പം ലീഗിലെ ഏറ്റവും വിലയേറിയ താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. പി. എസ്.ജി വിട്ട് വന്ന ലയണൽ മെസ്സി മേജർ സോക്കർ ലീഗിലെ നിലനിൽപ്പിനായി പൊരുതുകയായിരുന്ന ഇന്റർ മിയാമിയിൽ വന്ന് ചേർന്നത് 2023ൽ മാത്രമായിരുന്നു.
[attachment_4](attachment)
ഫോർമുല വൺ: ലാൻഡോ നോറിസ് ലോകചാമ്പ്യൻ
ഫോർമുല വൺ കാറോട്ട മത്സരത്തിൽ ലോകചാമ്പ്യനായി മക്ലാരന്റെ ലാൻഡോ നോറിസ്. തുടർച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടെത്തിയ റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റപ്പനെ തകർത്ത് നോറിസ് കന്നി ഫോർമുല വൺ കിരീടം സ്വന്തമാക്കി.
📈 സാമ്പത്തികം
ഓഹരി വിപണിയിൽ 72,284 കോടിയുടെ വർധന
ഓഹരി വിപണിയിൽ പത്തുമുൻനിര കമ്പനികളിൽ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തിൽ വർധന. കഴിഞ്ഞയാഴ്ച അഞ്ചു കമ്പനികളുടെ വിപണി മൂല്യത്തിൽ ഒന്നടങ്കം 72,284 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ടിസിഎസും ഇൻഫോസിസുമാണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച സെൻസെക്‌സ് 5.7 പോയിന്റിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
- **കൂടിയ കമ്പനികൾ (വിപണി മൂല്യ വർധന):** ടിസിഎസ് (35,909 കോടി), ഇൻഫോസിസ് (23,404 കോടി), ബജാജ് ഫിനാൻസ് (6,720 കോടി), ഭാരതി എയർടെൽ (3,791 കോടി), ഐസിഐസിഐ ബാങ്ക് (2,458 കോടി).
- **കുറഞ്ഞ കമ്പനികൾ (വിപണി മൂല്യ ഇടിവ്):** റിലയൻസ് (35,116 കോടി), എൽഐസി (15,559 കോടി), എസ്ഐബി (7,522 കോടി).
- ഇടിവ് ഉണ്ടായിട്ടും വിപണി മൂല്യത്തിൽ **റിലയൻസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്** നിലനിൽക്കുന്നത്.
[attachment_5](attachment)
📚 വിദ്യാഭ്യാസം / പുസ്തകം
കൈറ്റിന് ദേശീയ അംഗീകാരം
ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കൈറ്റിന് **എഡ്യൂക്കേഷൻ ടെക്നോളജി ട്രാൻസ്‌ഫോർമേഷൻ അവാർഡ്** ലഭിച്ചു. കേരളത്തിലെ സ്‌കൂളുകൾക്കായി കൈറ്റ് സജ്ജമാക്കിയ നിർമിതബുദ്ധി അധിഷ്ഠിത ‘സമഗ്ര പ്ലസ് എ ഐ’ ലേണിംഗ് പ്ലാറ്റ്ഫോമിനാണ് ഈ ദേശീയ അംഗീകാരം.
ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ
ലോകരാഷ്ട്രങ്ങളിൽ അടിമജീവിതം എങ്ങനെയൊക്കെയായിരുന്നുവെന്ന അന്വേഷണംകൊണ്ട് വ്യത്യസ്തത പുലർത്തുന്ന അപൂർവ്വമായ പുസ്തകം. ഏതെങ്കിലും ഒരു രാജ്യത്തിന്റെ ചരിത പുസ്തകമല്ല; ഇവിടെ ചരിത്രം മനുഷ്യസമൂഹം അനുഭവിച്ചുതീരുന്ന ജീവിതത്തിന്റെ പരിഛേദം മാത്രമാണ്. ദീർഘകാലത്തെ സാഹസിക ഗവേഷണങ്ങളുടെ ഭാഗമായ ഈ പുസ്തകം മനുഷ്യാവസ്ഥയുടെ സങ്കീർണ്ണതകളിലേക്ക് വിരൽചൂണ്ടുന്നു. **’ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ’**. സാംസീ കൊടുമൻ. കൈരളി ബുക്സ്. വില 617 രൂപ.
🎥 ചലച്ചിത്രം / ഹ്രസ്വചിത്രം
ഹ്രസ്വചിത്രം ‘ഡാർക്ക് എന്റ്’ റിലീസിന്
പ്രിക്സ് പ്രൊഡക്ഷൻസിന്റെ നിർമ്മാണത്തിൽ സായ് പ്രിയൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം **’ഡാർക്ക് എന്റ്’** റിലീസിന്. ചിത്രം യൂട്യൂബിൽ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. കാർത്തിക് പ്രസാദും, നടി ധ്വനി ലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡുഡു ദേവസ്സിയാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
‘രെട്ട തല’ ഈ മാസം 25 ന് തിയേറ്ററിലെത്തും
ആക്ഷൻ ഹീറോ അരുൺ വിജയുടെ പുതിയ തമിഴ് ചിത്രം **’രെട്ട തല’** പ്രേക്ഷകരിലേക്ക്. ക്രിസ് തിരുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ മാസം 25 ന് ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. അടിമുടി ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പൂർണ്ണ നഗ്നതയോടെ ഇരട്ട വേഷത്തിൽ കാണുന്ന കഥാപാത്രമാണ് ഹൈലൈറ്റ്. യുവ നടി സിദ്ധി ഇദ്നാനിയാണ് നായിക.
🚗 ഓട്ടോമൊബൈൽ
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം ഇ- വിറ്റാര; ബുക്കിങ് ജനുവരി മുതൽ
പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ **ഇ- വിറ്റാര** ജനുവരി മുതൽ ബുക്കിങ് ആരംഭിക്കും. നിലവിൽ ഇതിന്റെ ഉൽപ്പാദനം ഗുജറാത്ത് പ്ലാന്റിൽ ആരംഭിച്ചിട്ടുണ്ട്. യൂറോപ്യൻ വിപണിയിലേക്ക് കാർ കയറ്റുമതി ചെയ്ത് തുടങ്ങിയിട്ടുമുണ്ട്. ഇ- വിറ്റാരയുടെ മൂന്ന് വകഭേദങ്ങൾ (ഡെൽറ്റ, സീറ്റ, ആൽഫ) ഇന്ത്യൻ വിപണിയിൽ ലഭിക്കും. രണ്ട് പവർട്രെയിൻ ഓപ്ഷനുകളും പരമാവധി **543 കിലോമീറ്റർ ദൂരപരിധിയും** ഇ വിറ്റാര വാഗ്ദാനം ചെയ്യുന്നു. പത്തു കളർ ഓപ്ഷനുകളിലാണ് വാഹനം വിപണിയിൽ എത്തുക.
🍎 ആരോഗ്യം
അത്താഴം ആരോഗ്യകരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അത്താഴം ശരിയായ രീതിയിലല്ലെങ്കിൽ അത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കും. വൈകുന്നേരം ഏഴ് മണിക്ക് മുൻപായി അത്താഴം കഴിക്കുന്നതാണ് നല്ലത്. എളുപ്പത്തിൽ ദഹിക്കുന്ന ലഘുവായ ഭക്ഷണം തിരഞ്ഞെടുക്കുക. ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കി ഉയർന്ന പോഷകമൂല്യമുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം.
- **സമയം:** വൈകുന്നേരം ഏഴ് മണിക്ക് മുൻപ്.
- **ഭക്ഷണം:** എളുപ്പത്തിൽ ദഹിക്കുന്ന ലഘുവായ ഭക്ഷണം.
- **ഉൾപ്പെടുത്തേണ്ടവ:** പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ (ചിക്കൻ, പയർവർഗങ്ങൾ, പച്ച ഇലക്കറികൾ). കാർബോഹൈഡ്രേറ്റ് കുറഞ്ഞവ (പനീർ, ടോഫു, പയർ, ബീൻസ്).
- **ഒഴിവാക്കേണ്ടവ:** ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ, തൈര്.
[attachment_6](attachment)
നടുക്കം, ചവറയിൽ മുത്തശ്ശിയുടെ കഴുത്തറുത്ത് കൊന്ന് കട്ടിലിനടിയിൽ ചാക്കിൽക്കെട്ടിവെച്ചു ചെറുമകൻ
കൊല്ലം ചവറയിൽ മുത്തശ്ശിയുടെ കഴുത്തറുത്ത് കൊന്ന് കട്ടിലിനടിയിൽ ചാക്കിൽക്കെട്ടിവെച്ചു ചെറുമകൻ
ചവറ വട്ടത്തറ കണിയാന്റെയ്യത്ത് തെക്കതിൽ വീട്ടിൽ സുലേഖ ബീവി (70) ആണ് കൊല്ലപ്പെട്ടത്
കൊച്ചുമകൻ ഷഹനാസ് (28) നെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തു.
സുലേഖ ബീവിയുടെ തല കട്ടിലിനടിയിൽ കവറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി
കൊലപാതകം കണ്ട ഷഹനാസിന്റെ മാതാവ് മുംതാസ് ആത്മഹത്യക്ക് ശ്രമിച്ചു
ഷഹനാസ് ലഹരിയ്ക്ക് അടിമയെന്ന് ചവറ പോലീസ്
അന്ന് മഞ്ജു വാര്യർ പറഞ്ഞു,ഇതിൽ കൃത്യമായ ഗൂഡാലോചന നടന്നിട്ടുണ്ട്, ആ മൊഴിയും നിർണ്ണായകമായി
കൊച്ചി. നടിയെ ആക്രമിച്ച കേസിൽ വിധി വരുമ്പോൾ മലയാള സിനിമയിൽ ഉണ്ടായ മാറ്റങ്ങളും ചർച്ച ആകുന്നുണ്ട്. ഒരു കേസുകൊണ്ട് ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞു എങ്കിൽ അതും നടിയെ ആക്രമിച്ച കേസായിരിക്കും. അമ്മ എന്ന സംഘടന തന്നെ രണ്ടായി പിളർന്നത് ഉൾപ്പെടെ നടന്നത് നിരവധി സംഭവ വികാസങ്ങൾ .
2017 ഫെബ്രുവരി 19. നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സിനിമ പ്രവർത്തകർ എല്ലാം ദർബാർ ഹാളിൽ ഒത്തുചേരുന്നു. പലരും സംസാരിച്ചു. ചിലർ രോഷാകുലരായി, ചിലർ വികാര നിർഭരരായി. അന്ന് ഉറച്ച വാക്കുകൾ പറഞ്ഞത് ഒരാൾ. നടി മഞ്ജു വാര്യർ. ഇതിൽ കൃത്യമായ ഗൂഡാലോചന നടന്നിട്ട് ഉണ്ട്. തെളിയിക്കപ്പെടണമെന്നായിരുന്നു നടിയുടെ വാക്കുകൾ. ഇവിടെ തുടങ്ങുന്നു സിനിമ മേഖല തന്നെ മാറ്റി മറിച്ച സംഭവ വികാസങ്ങൾ.
ദിലീപ് അറസ്റ്റിൽ ആയതിനു ശേഷം അന്നത്തെ അമ്മ പ്രസിഡന്റ് ആയിരുന്ന നടൻ മമ്മൂട്ടിയുടെ വീട്ടിൽ അമ്മ സംഘടനയിലെ ആളുകൾ യോഗം ചേരുന്നു. അന്ന് യുവതാരങ്ങൾ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തതും സംഘടനയ്ക്ക് വലിയ ക്ഷീണം ഉണ്ടാക്കി. യോഗത്തിന് ഉള്ളിലേക്ക് കയറുന്നതിന് മുൻപുള്ള നടൻ പ്രിഥ്വിരാജിന്റെ നിലപാടും അന്ന് ശ്രദ്ധേയമായിരുന്നു.
സിനിമയ്ക്ക് ഉള്ളിൽ സ്ത്രീകൾ നിരവധി പ്രശനങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് പറഞ്ഞു അമ്മയിലെ ചില വനിതാ താരങ്ങൾ സംഘടന വിട്ടു. വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടന ഉയർന്ന് വന്നു. നിലപാട് എടുത്തതിന്റെ പേരിൽ സിനിമയിൽ അവസരങ്ങൾ കുറയുന്നു എന്ന് നടിമാരുടെ വെളിപ്പെടുത്തലും സിനിമയ്ക്ക് ഉള്ളിലെ പവർ ഗ്രൂപ്പിനെ തുറന്ന് കാണിക്കുന്നത് ആയിരുന്നു.
വുമൺ ഇൻ സിനിമ കളക്റ്റീവിലെ ചില അംഗങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് എത്തി സിനിമയ്ക്ക് ഉള്ളിലെ പ്രശ്നങ്ങൾ പരാതിയായി നൽകി. തുടർന്ന് അന്വേഷിക്കുന്നതിനു സർക്കാർ ഹേമ കമ്മീഷനെ നിയോഗിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം പുറത്ത് വന്ന വിവാദങ്ങളും മലയാള സിനിമക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്നതാണ്.
അതി നിർണായകം മഞ്ജുവിന്റെ മൊഴി
നടിയെ ആക്രമിച്ച കേസ്
നിർണായകമാവുക മഞ്ജു വാര്യരുടെ മൊഴി
കാവ്യമായുള്ള ബന്ധത്തിൻ്റെ പേരിൽ ദിലീപുമായി വീട്ടിൽ വഴക്കുണ്ടാകാറുണ്ടെന്ന് മഞ്ജു വാര്യർ
അതാണ് വിവാഹമോചനത്തിലെത്തിയത്
കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് തന്നെ ആദ്യം അറിയിച്ചത് അതിജീവിതയാണെന്ന് ദിലീപ് സംശയിച്ചിരുന്നുവെന്നും മഞ്ജുവിൻ്റെ മൊഴി
ജമാ അത്തെ ഇസ്ലാമിയുള്ള സഹകരണത്തെ ചൊല്ലി വാക്പോര് തുടർന്ന് നേതാക്കൾ
കോഴിക്കോട്. ജമാ അത്തെ ഇസ്ലാമിയുള്ള സഹകരണത്തെ ചൊല്ലി വാക്പോര് തുടർന്ന് നേതാക്കൾ.
ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി നേരത്തേ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ച ജമാഅത്തെ ഇസ്‍ലാമിയുടെ ആവശ്യപ്രകാരമായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി വോട്ടാണ് തങ്ങളോട് ആവശ്യപ്പെട്ടത് എന്ന് വിശദീകരിച്ച് ജമാഅത്തെ ഇസ്ലാമി നേതൃത്വം രംഗത്തെത്തി
ജമഅത്തെ ഇസ്ലാമിയുമായി സിപിഐഎം സഹകരിച്ചിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണം പൂർണമായി നിഷേധിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി എകെജി സെന്ററിൽ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രി സമ്മതിച്ചു. ചർച്ച നടത്തിയത് ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ ആവശ്യപ്രകാരമെന്നും അവർ പ്രശ്നക്കാർ ആണെന്ന് അവരോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി
എന്നാൽ സിപിഐഎമ്മിൽ നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ ആയിരുന്നില്ല കൂടിക്കാഴ്ച്ചയെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഫേസ്ബുക്കിൽ കുറിച്ചു//സിപിഐഎം ചോദിച്ചത് വോട്ടാണ്, അത് നൽകുകയും ചെയ്തെന്ന് സെക്രട്ടറി വിശദീകരിച്ചു.LDF ന് ബന്ധം ജമാത്തെ ഇസ്ലാമിയുമായി നേരിട്ടെന്നും എന്നാൽ യുഡിഎഫിന് വെൽഫയർ പാർട്ടിയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ
സിപിഐഎം വായ്താരി പോലെ ഒരേ ആയുധം ഉപയോഗിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്ത് ഇപ്പോഴും പലയിടങ്ങളിൽ CPIM-ജമാഅത്തെ ഇസ്ലാമി ബന്ധമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു
മരിച്ചു പോയ ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാമെന്നു പറഞ്ഞ് 30 കോടി തട്ടിയെടുത്ത കേസില്‍ സംവിധായകന്‍ അറസ്റ്റില്‍
മരിച്ചു പോയ ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാമെന്നു പറഞ്ഞ് 30 കോടി തട്ടിയെടുത്ത കേസില്‍ സംവിധായകന്‍ അറസ്റ്റില്‍. ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് ആണ് അറസ്റ്റിലായത്. ഇന്ദിരാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകന്‍ ഡോ. അജയ് മുര്‍ദിയ നല്‍കിയ പരാതിയിലാണ് നടപടി. നേരത്തെ പരാതിയുമായി ബന്ധപ്പെട്ട് വിക്രം ഭട്ട്, ഭാര്യ ശ്വേതാംബരി ഭട്ട്, ഇവരുടെ മകള്‍ കൃഷ്ണ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
രാജസ്ഥാന്‍ പൊലീസും മുംബൈ പൊലീസും സംയുക്തമായി സംയുക്തമായി നടത്തിയ ദൗത്യത്തില്‍ ഭാര്യാ സഹോദരിയുടെ വീട്ടില്‍ നിന്നാണ് വിക്രം ഭട്ടിനെ അറസ്റ്റ് ചെയ്തത്. ഡോ. അജയ് മുര്‍ദിയയുടെ പരാതിയില്‍ വിക്രം ഭട്ട് അടക്കമുള്ളവര്‍ക്കെതിരെ ഒരാഴ്ച മുന്‍പാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പിന്നാലെയാണ് അറസ്റ്റ്. 200 കോടി രൂപ ലാഭം വാഗ്ദാനം ചെയ്തണ് പണം വാങ്ങിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. വിക്രം ഭട്ടിനെ ഉദയ്പുരിലേക്ക് കൊണ്ടു പോകാനായി രാജസ്ഥാന്‍ പൊലീസ് ബാന്ദ്ര കോടതിയില്‍ ട്രാന്‍സിറ്റ് റിമാന്‍ഡ് അപേക്ഷ സമര്‍പ്പിക്കും.
നിർണ്ണായകമായത് ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകൾ
തിരുവനന്തപുരം. നടിയെ അക്രമിച്ച കേസിന് വഴിത്തിരിവായത് അന്തരിച്ച സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളാണ്.
ദിലീപിനെതിരെയുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേരളം ഞെട്ടലോടെയാണ് കേട്ടത്. തെളിവുകളടക്കം അന്വേഷണസംഘത്തിന് കൈമാറിയാണ് കേസിന്റെ നിർണായക ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ രംഗപ്രവേശനം ചെയ്തത്
നടിയെ അക്രമിച്ച കേസിൽ അന്വേഷണസംഘം അല്പം ഒന്ന് പകച്ചുനിൽക്കുന്ന ഘട്ടത്തിലാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ.അന്വേഷണ സംഘത്തിന്റെ നിർണായക നീങ്ങൾക്ക് ഈ വെളിപ്പെടുത്തലുകൾ സഹായകരമായി.നടിയെ ആക്രമിക്കുന്ന ദൃശ്യം ദിലീപ് ആലുവയിലെ വീട്ടിലിരുന്ന് കണ്ടു എന്നതായിരുന്നു ബാലചന്ദ്രകുമാറിന്റെ ഏറ്റവും പ്രധാനപ്പെട്ട വെളിപ്പെടുത്തൽ.ഒരു വിഐപിയാണ് വിഷ്വൽ വീട്ടിലെത്തിച്ചത്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്നും 2021 അവസാനത്തോടെ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മൊഴിനൽകി.ഒന്നാംപ്രതി പൾസർസുനി ദിലീപിന്റെ പരിചയക്കാരനാണെന്നും ദിലീപിന്റെ വീട്ടിൽ ഇയാൾ വരുന്നത് താൻ കണ്ടിട്ടുണ്ടെന്നുമുള്ള നിർണായക വിവരവും ദിലീപിന്റെ ശബ്ദരേഖ സഹിതം ബാലചന്ദ്രകുമാർ അന്വേഷണസംഘത്തിന് കൈമാറി.റിമാൻഡിൽ ആയിരുന്ന കാലത്ത് ബാലചന്ദ്രകുമാറിനെ ജയിലിൽ അടക്കം വിളിച്ച് ഇക്കാര്യങ്ങൾ പുറത്തു പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ തുടരന്വേഷണത്തിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകളും ചുമത്തി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എറണാകുളം സി.ജെ.എം കോടതി രഹസ്യമൊഴിയായി രേഖപ്പെടുത്തി.
പരസ്യ പ്രതികരണം നടത്തിയതോടെ ബാലചന്ദ്ര കുമാറിന് വധഭീഷണി വരെയുണ്ടായി.നാൽപ്പതിൽ കൂടുതൽ തവണയാണ് പ്രധാന സാക്ഷിയായി ബാലചന്ദ്രകുമാറിനെ കോടതി വിസ്തരിച്ചത്.
ഒടുവിൽ കേരളം ഞെട്ടലോടെ കേട്ടിരുന്ന നടി ആക്രമിച്ച കേസിന്റെ വിധി വരുമ്പോൾ അത് കേൾക്കാൻ ബാലചന്ദ്രകുമാറെന്ന സംവിധായകനില്ല.2025 ഡിസംബറിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ അദ്ദേഹം അന്തരിച്ചു.
സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
സ്ത്രീകളെ ബാധിക്കുന്ന പ്രധാന രോഗമാണ് ക്യാൻസർ. ഓരോ വർഷവും ലോകമെമ്പാടും ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ക്യാൻസർ ബാധിതരാകുന്നുണ്ട്. ക്യാൻസറിനെക്കുറിച്ചുള്ള പല തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുമുണ്ട്. ഇതിനെതിരെ അവബോധം വളർത്തേണ്ടത് വളരെ പ്രധാനമാണ്. സാധാരണ ക്യാൻസറുകളിൽ മൂന്നിൽ രണ്ട് കേസുകളെങ്കിലും കൃത്യമായ രോഗനിർണയത്തിലൂടെ സുഖപ്പെടുത്താവുന്നതുമാണ്.
സ്ത്രീകളിൽ ക്യാൻസർ ബാധിച്ച് കഴിഞ്ഞാൽ വിവിധ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്
സ്തനാർബുദം, ഗർഭാശയമുഖ ക്യാൻസർ, ഗർഭപാത്രത്തിലെ ക്യാൻസർ, അണ്ഡാശയത്തിലെ ക്യാൻസർ, ശ്വാസകോശ ക്യാൻസർ, വൻകുടലിലെ ക്യാൻസർ, സ്കിൻ ക്യാൻസർ എന്നിവയെല്ലാം ഇന്ത്യയിലെ സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന അർബുദങ്ങളാണ്. സ്ത്രീകളിൽ ക്യാൻസർ ബാധിച്ച് കഴിഞ്ഞാൽ വിവിധ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. സമ്മർദ്ദം, വാർദ്ധക്യം, ഹോർമോൺ മാറ്റങ്ങൾ അല്ലെങ്കിൽ ക്ഷീണം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ അവഗണിക്കാറാണ് പതിവ്.
പാരമ്പര്യം, പ്രായം, പൊണ്ണത്തടി എന്നിവയെല്ലാം ക്യാൻസർ വരാനുള്ള സാധ്യതയെ സ്വാധീനിക്കുന്ന ഘടങ്ങളാണ്
പാരമ്പര്യവും, ജനിതകവും, പാരിസ്ഥിതികവുമായ കാരണങ്ങൾക്കൊപ്പം ജീവിതശൈലിയുമായും ബന്ധപ്പെട്ടും ക്യാൻസർ വരാനുള്ള സാധ്യത പലരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പാരമ്പര്യം, പ്രായം, പൊണ്ണത്തടി, മദ്യത്തിന്റെ ഉപയോഗം, പുകയിലയുടെ ഉപയോഗം, ഭക്ഷണക്രമം (വറുത്ത ഭക്ഷണങ്ങൾ, റെഡ് മീറ്റ്) എന്നിവയെല്ലാം ക്യാൻസർ വരാനുള്ള സാധ്യതയെ സ്വാധീനിക്കുന്ന ഘടങ്ങളാണ്.
നേരത്തെയുള്ള സ്ക്രീനിംഗ്, മെഡിക്കൽ കൺസൾട്ടേഷൻ, ജീവിതശൈലി മാറ്റങ്ങൾ എന്നിവ രോഗത്തെ നേരത്തെ കണ്ടെത്താൻ സഹായിക്കും.
സ്ത്രീകൾക്ക് അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറ്റവും മികച്ച ആയുധങ്ങളിൽ ഒന്നാണ് അവബോധം. നേരത്തെയുള്ള സ്ക്രീനിംഗ്, മെഡിക്കൽ കൺസൾട്ടേഷൻ, ജീവിതശൈലി മാറ്റങ്ങൾ എന്നിവ രോഗത്തെ നേരത്തെ കണ്ടെത്താൻ സഹായിക്കും. സ്ത്രീകളിൽ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
അമിതക്ഷീണമാണ് ആദ്യത്തെ ലക്ഷണം
ഉറക്കക്കുറവ് മൂലം ക്ഷീണം തോന്നുന്നത് സാധാരണമാണ്. എന്നാൽ എത്ര വിശ്രമിച്ചിട്ടും ക്ഷീണം മാറുന്നില്ലെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണെണ്ടത് പ്രധാനമാണ്. രക്താർബുദത്തിന്റെയും മറ്റ് അർബുദങ്ങളുടെയും പ്രാരംഭ ഘട്ടങ്ങളിൽ വിട്ടുമാറാത്ത ക്ഷീണം പ്രധാനപ്പെട്ട ലക്ഷണമായി വിദഗ്ധർ പറയുന്നു.
രക്തസ്രാവം, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം
ആർത്തവത്തിനിടയിലെ അസാധാരണമായ രക്തസ്രാവം, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം അല്ലെങ്കിൽ അസാധാരണമായ സ്രവങ്ങൾ എന്നിവയും സെർവിക്കൽ, ഗർഭാശയ അല്ലെങ്കിൽ അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം. ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ഡോക്ടറെ കാണണം.
സ്തനത്തിലോ കക്ഷത്തിലോ നീണ്ടുനിൽക്കുന്ന വേദനയോ കട്ടിയോ അനുഭവപ്പെടുക
സ്തനത്തിന്റെ ആകൃതിയിലോ വലുപ്പത്തിലോ ഉണ്ടാകുന്ന മാറ്റം, ചർമ്മത്തിലെ മാറ്റങ്ങൾ, മുലഞെട്ടിലെ മാറ്റങ്ങൾ, മുലഞെട്ട് ഉള്ളിലേക്ക് വലിയുക, മുലഞെട്ടിൽ നിന്ന് രക്തം കലർന്നതോ അല്ലാത്തതോ ആയ സ്രവം (Discharge) വരിക, മുലഞെട്ടിന് ചുറ്റുമുള്ള ചർമ്മത്തിൽ തടിപ്പ് എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. സ്തനത്തിലോ കക്ഷത്തിലോ നീണ്ടുനിൽക്കുന്ന വേദനയോ കട്ടിയോ അനുഭവപ്പെടുക. ഇവയെല്ലാം ബ്രെസ്റ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.
തുടർച്ചയായ വയറു വീർക്കൽ, മലബന്ധം, വയറിളക്കം
തുടർച്ചയായ വയറു വീർക്കൽ, മലബന്ധം, വയറിളക്കം എന്നിവ അണ്ഡാശയ അല്ലെങ്കിൽ വൻകുടൽ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ലക്ഷണങ്ങൾ കൂടുതൽ നാൾ നീണ്ട് നിൽക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക.
വിട്ടുമാറാത്ത വേദന പ്രത്യേകിച്ച് പെൽവിസ്, അസ്ഥികൾ, വയറ് അല്ലെങ്കിൽ പുറം
വിട്ടുമാറാത്ത വേദന പ്രത്യേകിച്ച് പെൽവിസ്, അസ്ഥികൾ, വയറ് അല്ലെങ്കിൽ പുറം എന്നിവിടങ്ങളിൽ വേദന അനുഭവപ്പെട്ടാൽ അവഗണിക്കരുത്. തുടർച്ചയായ വേദന പല തരത്തിലുള്ള കാൻസറിന്റെയും പ്രാരംഭ ലക്ഷണമാകാം.
ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന മിനി ഹിറ്റാച്ചി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു, നിരവധി വാഹനങ്ങൾ തകർന്നു
കോട്ടയം. പാലായില്‍ ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന മിനി ഹിറ്റാച്ചി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു. പാലാ ബൈപ്പാസിൽ കോഴാ ജംഗ്ഷനില്‍ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. ലോറി റോഡിലെ ഹമ്പില്‍ കയറിയപ്പോൾ കെട്ടുപൊട്ടി മണ്ണുമാന്തി യന്ത്രം റോഡില്‍ വാഹനങ്ങളുടെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഒരു ഓട്ടോറിക്ഷ, 3 കാറുകള്‍ എന്നിവയ്ക്ക് കേടുപാടുകളുണ്ട്. ഓട്ടോറിക്ഷയുടെ മുന്‍വശം പൂർണ്ണമായി തകര്‍ന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരികേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കാറുകള്‍ക്കും സാരമായ തകരാറുകളുണ്ട്. റോഡില്‍ വീണ യന്ത്രത്തിന്റെ ചെയിന്‍ പൊട്ടുകയും ചെയ്തു. അപകടത്തെ .തുടര്‍ന്ന് പാലാ ബൈപ്പാസിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പാലാ പോലീസ് സ്ഥലത്തെത്തി.





































