Home Blog Page 730

സിപിഎമ്മിന്‍റെ കൊടുംക്രൂരത വെളിച്ചത്തുകൊണ്ടുവന്ന ചങ്കൂറ്റം,ആരാണ് എ പി ഷൗക്കത്തലി?

കൊച്ചി. സിപിഎമ്മിനെ എക്കാലത്തേയും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട ടി പിവധക്കേസില്‍ പാര്‍ട്ടിയുടെ തോലുപൊളിച്ച് വെയിലത്ത് നിര്‍ത്തിയത് ഒരു അന്വേഷണോദ്യോഗസ്ഥന്‍റെ വീറാണ്, എപി ഷൗക്കത്തലിയുടെ.എത്രയോ കേസുകളില്‍ ഉന്മൂലനം നടപ്പാക്കിയിട്ടും ഇന്നും മറുപടി പറഞ്ഞു തീരാത്തകേസാണ് സ്വന്തം പാര്‍ട്ടിയുടെ പൊക്കിള്‍കൊടിബന്ധം വിട്ട നേതാവിനെ വെട്ടിയരിഞ്ഞു തള്ളിയ ക്രൂരത. ആ സിങ്കെ തിരിച്ചു വരുമ്പോള്‍ പലരുടെയും ചങ്കിടിക്കുമെന്ന് ഉറപ്പാണ്.

2023ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ നവകേരള യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അന്വേഷണത്തിന് ഉത്തരവിട്ടതോടെ എ പി ഷൗക്കത്തലി എന്ന പേര് വീണ്ടും ശ്രദ്ധനേടുകയാണ്. അന്വേഷണ സംഘത്തിന്റെ തലവനാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പിയായ എ പി ഷൗക്കത്തലി. രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ പല കേസുകളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ കേരള പൊലീസിലെ ‘സിങ്കം’ എന്ന് പേരെടുത്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഷൗക്കത്തലി ടിപി കേസ് സൂത്രധാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ നടുറോഡില്‍ കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല കൊടി സുനി ഉള്‍പ്പെടെയുള്ള കൊടും ക്രിമിനലുകളെ അകത്താക്കിയതും ഷൗക്കത്തലിയാണ്.

ഇവിടെ ഭരണത്തിലുള്ള പാര്‍ട്ടിക്ക് നീതികിട്ടിയാല്‍പോരാ തങ്ങള്‍ക്ക് ലഭിച്ച നീതിനിഷേധം തിരികെ നല്‍കുകകൂടിവേണം, ,ഷൗക്കത്തലി വളയുമോ എന്ന് കണ്ടറിയാം.

1995ല്‍ ഒന്നാം റാങ്കോടെ കേരള പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി കരിയര്‍ ആരംഭിച്ച ഷൗക്കത്തലി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥനാണ്. എന്‍ഐഎയുടെ ഭീകരവാദ വിരുദ്ധ ഓപ്പറേഷന്‍ സ്‌പെഷലിസ്റ്റായാണ് അദ്ദേഹം അറിയപ്പെടുന്നത്.

2014ല്‍ ദേശീയ അന്വേഷണ ഏജന്‍സിയിലെത്തിയ ടിപി ചന്ദ്രശേഖരന്‍ വധക്കേസ്, കനകമല കേസ്, തമിഴ്നാട്ടിലെ ഒട്ടേറെ ഭീകരവാദ കേസുകള്‍, പാരീസ് ഭീകരാക്രമണ കേസില്‍ ഫ്രഞ്ച് ഏജന്‍സികളുമായി ചേര്‍ന്നുള്ള അന്വേഷണം എന്നിവയിലെല്ലാം ഷൗക്കത്തലി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ സ്‌പെഷലിസ്റ്റായാണ് ഷൗക്കത്തലി അറിയപ്പെടുന്നത്.

2020-ലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ചുമതലയേറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ മുഖ്യപ്രതികളായ സ്വപ്നാ സുരേഷിനേയും സന്ദീപിനേയും അറസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തലശ്ശേരി ഡിവൈഎസ്പിയായിരുന്ന സമയത്താണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനി, ഷാഫി, കിര്‍മാണി മനോജ് എന്നിവരെയും സിപിഎം നേതാക്കളായ പികെ കുഞ്ഞനന്തനെയും പി മോഹനനേയും അറസ്റ്റു ചെയ്തത്. പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അന്വേഷണത്തില്‍ ഡിവൈഎസ്പി അടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്.

പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അന്വേഷണത്തില്‍ ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ഒരു ഡിവൈഎസ്പി അടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. നവകേരള യാത്ര ആലപ്പുഴയിലൂടെ കടന്നുപോയപ്പോള്‍ മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാട്ടിയ നിലവിലെ ആലപ്പുഴ എംഎല്‍എയും അന്നത്തെ കെ എസ് യു ജില്ലാ പ്രസിഡന്റുമായ എ ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ് സന്ദീപും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഈ അക്രമത്തെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് വിശേഷിപ്പിച്ചത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

തുടക്കത്തില്‍ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചെങ്കിലും കോടതി ഇടപെടലിലൂടെയാണ് പിന്നീട് കേസെടുത്തത്. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതികളെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു, മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെ എം ചന്ദ്രശേഖരന്‍ സമിതിയുടെ ചെയര്‍മാനും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ കണ്‍വീനറുമാണ്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സാമ്പത്തിക വിദഗ്ധന്‍ ഡോ. നാരായണ, സിഡിഎസ് ഡയറയക്ടര്‍ ഡോ.വീരമണി എന്നിവരാണ് സമിതി അംഗങ്ങള്‍. അധികാരമേറ്റെടുത്തതിന് പിന്നാലെ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള ധവളപത്രം പുറത്തിറക്കുമെന്നത്. ഇക്കാര്യത്തിലാണ് പ്രത്യേക സമിതിയെ രൂപീകരിച്ചിരിക്കുന്നത്.

നാലംഗ സമിതി എത്രയും വേഗം ദൗത്യം പൂര്‍ത്തീകരിക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിനിടെ ഇന്ന് കിഫ്ബി മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മിനി ആന്റണിയും ഉന്നത ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിയെ കണ്ടത്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമഗ്ര അവലോകനം മുഖ്യമന്ത്രി നടത്തും.

പരാജയം സിപിഎമ്മിന്റെയോ ഇടതുമുന്നണിയുടെയോ അവസാനമല്ല, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പാർട്ടി അതിശക്തമായി തിരിച്ചുവരും, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം സിപിഎമ്മിന്റെയോ ഇടതുമുന്നണിയുടെയോ അവസാനമല്ലെന്നും, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പാർട്ടി അതിശക്തമായി തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂർ നിടിയേങ്ങയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണമാറ്റത്തിന് ശേഷമുള്ള പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇനിയങ്ങോട്ട് പാർട്ടിക്ക് വലിയ ഉത്തരവാദിത്തമാണ് വരാൻ പോകുന്നതെന്നും, ജനങ്ങൾ പാർട്ടിയുടെ മേൽ അർപ്പിച്ചിട്ടുള്ള വിശ്വാസ്യതയാണ് തങ്ങളുടെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ പത്ത് വർഷത്തെ ഭരണകാലയളവിൽ കേരളത്തെ വലിയ രീതിയിൽ മുന്നോട്ട് നയിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പരമ്പരാഗത മേഖലകളെ തകർച്ചയിൽ നിന്ന് ഉയർത്തിക്കൊണ്ടുവരാനും ശാസ്ത്ര സാങ്കേതിക രംഗത്ത് അഭൂതപൂർവ്വമായ വളർച്ച കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. എല്ലാ പ്രതിസന്ധികളിലും ‘സർക്കാർ തങ്ങളോടൊപ്പമുണ്ട്’ എന്ന ബോധം ജനങ്ങളിൽ ഉണ്ടാക്കാൻ സാധിച്ചു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി ജനക്ഷേമ പദ്ധതികളാണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത്. ഇതെല്ലാം ചെയ്തെങ്കിലും ഒരു ഭരണമാറ്റം വേണമെന്നാണ് ഇത്തവണ ജനങ്ങൾ ആഗ്രഹിച്ചത്. ആ ജനവിധിയെ പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

ക്ഷേമ പെന്‍ഷന്‍ വിതരണം 25 മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷ, ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു.
ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തും എന്നത് യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. നിലവില്‍ 2000 രൂപയാണ് ക്ഷേമ പെന്‍ഷന്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്.

ദിവസവും കഞ്ഞിവെള്ളം കുടിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ

പലപ്പോഴും ഉപയോഗമില്ലാതെ കളയുന്ന ഒന്നാണ് കഞ്ഞിവെള്ളം. എന്നാൽ ഇതിന് നിങ്ങൾ അറിയാത്ത നിരവധി ഗുണങ്ങളുണ്ട്. ഇനി മുതൽ കഞ്ഞിവെള്ളം വെറുതെ കളയേണ്ട. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

ദിവസവും കഞ്ഞിവെള്ളം കുടിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്.

ആന്റിഓക്സിഡന്റ് ഗുണങ്ങൾ

കഞ്ഞിവെള്ളത്തിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലിനെ ചെറുക്കാനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും.

ചർമ്മം തിളക്കമുള്ളതാക്കുന്നു

കരുവാളിപ്പ് അകറ്റി തിളക്കമുള്ള ചർമ്മം ലഭിക്കാൻ ദിവസവും കഞ്ഞിവെള്ളം കുടിക്കുന്നത് ഗുണകരമാണ്. ഇത് മുഖത്തെ പാടുകൾ ഇല്ലാതാക്കാനും സഹായിക്കും.

ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ

കഞ്ഞിവെള്ളത്തിൽ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ വീക്കം, പാടുകൾ എന്നിവയെല്ലാം അകറ്റാൻ സഹായിക്കും.

കൊളാജൻ

ദിവസവും കഞ്ഞിവെള്ളം കുടിക്കുന്നത് കൊളാജൻ ഉത്പാദനം കൂട്ടുന്നു. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും.

നോർവേയിൽ മാധ്യമങ്ങൾക്ക് മറുപടി നൽകിയത് പാലാക്കാരൻ; കേന്ദ്ര വിദേശകാര്യ സെക്രട്ടറി സിബി ജോർജിൻ്റെ വാക്കുകൾ വൈറലാകുന്നു

ന്യൂഡൽഹി: നോർവീജിയൻ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി സിബി ജോർജ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും ചോദ്യംചെയ്ത മാധ്യമപ്രവർത്തകയ്ക്ക് വിദേശകാര്യ സെക്രട്ടറി സിബി ജോർജ് വിശദമായ മറുപടി നൽകിയത്.

Also Read:മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, സർക്കാരിനും കൊച്ചിൻ-തിരുവമ്പാടി ദേവസ്വം ബോർഡുകൾക്കും നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ചോദ്യത്തിന് മറുപടി നൽകിയില്ലെന്ന നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ്ങിൻ്റെ വിമർശനത്തിന് പിന്നാലെയായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാ‍ർത്താസമ്മേളനം വിളിച്ചതും ചോദ്യ​ങ്ങൾക്ക് മറുപടി നൽകിയതും. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം അടക്കം ചൂണ്ടിക്കാട്ടി ഹെല്ലെ ലിങ് എക്സിലൂടെ വിമർശിച്ചിരുന്നു.

“ഞങ്ങൾ എന്തിന് ഇന്ത്യയെ വിശ്വസിക്കണം?”, “ഇന്ത്യൻ മാധ്യമങ്ങളിൽ നിന്നുള്ള കടുത്ത ചോദ്യങ്ങൾ പ്രധാനമന്ത്രി നേരിടുമോ?” എന്നീ ചോദ്യങ്ങൾക്കായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ മറുപടി. വാ‍ർത്താസമ്മേളനത്തിൽ സിബി ജോർജ് നൽകിയ മറുപടി ഇങ്ങനെ: “എന്തുകൊണ്ട് ഇങ്ങനെ, എന്തുകൊണ്ട് അങ്ങനെ എന്ന് പലരും ചോദിക്കുന്നത് ഞങ്ങൾ കേൾക്കാറുണ്ട്. എന്നാൽ എനിക്ക് ഒരു കാര്യം പറയാനുണ്ട്. ലോകജനസംഖ്യയുടെ ആറിൽ ഒന്ന് ഇന്ത്യയിലാണ്, എന്നാൽ ലോകത്തിലെ പ്രശ്നങ്ങളുടെ ആറിലൊന്ന് ഇവിടെയില്ല. ജനങ്ങളുടെ മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്ന ഒരു ഭരണഘടന നമുക്കുണ്ട്. നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് തുല്യമായ അവകാശങ്ങളുണ്ട്, അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്”.

“ഇവിടെ എത്രത്തോളം വാർത്തകളാണ് ഉണ്ടാകുന്നതെന്ന് നിങ്ങൾക്കറിയാമോ? ഓരോ ദിവസവും വൈകുന്നേരം എത്ര ബ്രേക്കിങ് ന്യൂസുകളാണ് വരുന്നത്. ഡൽഹിയിൽ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് ഭാഷകളിലുമായി കുറഞ്ഞത് 200 ടിവി ചാനലുകളെങ്കിലും ഉണ്ട്,. ഇന്ത്യയുടെ വ്യാപ്തിയെക്കുറിച്ച് ആളുകൾക്ക് ഒരു ധാരണയുമില്ല. അവർക്ക് ഒന്നും അറിയില്ല. ഏതോ വിവരദോഷികളായ എൻജിഒകൾ പ്രസിദ്ധീകരിക്കുന്ന ഒന്നോ രണ്ടോ വാർത്താ റിപ്പോർട്ടുകൾ വായിച്ചിട്ട് അവർ വന്ന് ചോദ്യങ്ങൾ ചോദിക്കുകയാണ്”.

“1947ൽ തന്നെ നമ്മുടെ സ്ത്രീകൾക്ക് നമ്മൾ വോട്ടവകാശം നൽകി. നമുക്ക് സ്വാതന്ത്ര്യം ലഭിച്ച ആദ്യ ദിവസം മുതൽ എല്ലാവർക്കും ഒരേപോലെ വോട്ടവകാശവും ലഭിച്ചു. സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾക്ക് ശേഷം മാത്രം സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ നിരവധി രാജ്യങ്ങളെ എനിക്കറിയാം. ഞങ്ങൾ സമത്വത്തിൽ വിശ്വസിക്കുന്നു; ഞങ്ങൾ മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്നു. ആരുടെയെങ്കിലും അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവർക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഞങ്ങൾ അഭിമാനിക്കുന്നു”- സിബി ജോർജ് പറഞ്ഞു.

ആരാണ് സിബി ജോർജ്?

കോട്ടയം ജില്ലയിലെ പാലായിലുള്ള പൊടിമറ്റം കുടുംബാംഗമാണ് മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനായ സിബി ജോർജ്. നിലവിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) യായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം മുൻപ് ജപ്പാൻ, സ്വിറ്റ്സർലൻഡ്, കുവൈറ്റ് അടക്കം വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്.

പെട്രോൾ വാങ്ങിയത് സോന, വാങ്ങിയതോ വാങ്ങിപ്പിച്ചതോ

കോഴിക്കോട്.  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

പെട്രോള്‍ പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോനയെന്ന് സ്ഥിരീകരിക്കുന്നതാണ് ദൃശ്യങ്ങള്‍. കാറിനുള്ളില്‍ തീപിടിക്കാന്‍ കാരണം പെട്രോളെന്നും, കാറിലെ തീപിടുത്തം ആസൂത്രിതം എന്നും പൊലീസ് പറയുന്നു. മരിച്ച സോനയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവത്തുംചാലില്‍ രജിന്‍ ലാലിന്റെ ഭാര്യ സോനയാണ് കഴിഞ്ഞ ദിവസം തീപ്പിടിത്തത്തില്‍ മരിച്ചത്. കാര്‍ ഓടിച്ച ഭര്‍ത്താവ് രജിന്‍ലാലിന് തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞെങ്കിലും പിന്‍സീറ്റില്‍ കിടക്കുകയായിരുന്ന സോന വാതില്‍ ലോക്കായതിനാല്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

കാറിനുള്ളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. തീ പിടിക്കാന്‍ കാരണം പെട്രോള്‍ എന്ന് പൊലീസ് കണ്ടെത്തുമ്പോള്‍ സോനയുടെ മരണത്തില്‍ ദുരൂഹതയേറുകയാണ്. നടുവണ്ണൂര്‍ റോഡിലെ സിസിടിവിയില്‍ കന്നാസുമായി പോകുന്ന സോനയുടെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. പെട്രോള്‍ പമ്പില്‍ നിന്നും സോന തന്നെയാണ് പെട്രോള്‍ വാങ്ങുന്നത്. ഇതോടെ കാറിലെ തീപിടുത്തം ആസൂത്രിതം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സോന ആത്മഹത്യ ലക്ഷ്യമിട്ട് പെട്രോൾ വാങ്ങിയതാണോ മറ്റാരെങ്കിലും പറഞ്ഞതനു സരിച്ച് വാങ്ങിയതോ എന്ന് കണ്ടെത്തേണ്ടതുണ്ട്.

സോനയുടെ ഭര്‍ത്താവ് രജിന്‍ ലാല്‍ 65 ശതമാനത്തിലധികം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിനുള്ളില്‍ നിന്നും പെട്രോളിന്റെ മണം വന്നപ്പോള്‍ തന്നെ എന്താണ് എന്ന് സോനയോട് ചോദിച്ചെന്നും, മറുപടി ലഭിക്കും മുമ്പ് തീ പടരുകയായിരുന്നു എന്നുമാണ് രജിന്‍ ലാലിന്റെ മൊഴി. സോനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, ആസൂത്രിത കൊലപാതകമെന്നുമാണ് സോനയുടെ കുടുംബത്തിന്റെ ആരോപണം. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരവധി ദുരവസ്ഥകള്‍ ഉണ്ടായിരുന്നതായും, രജിന്‍ ലാലിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും സോനയുടെ കുടുംബം ആരോപിക്കുന്നുണ്ട്.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, സർക്കാരിനും കൊച്ചിൻ-തിരുവമ്പാടി ദേവസ്വം ബോർഡുകൾക്കും നോട്ടീസ്

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് 17 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് പുര ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിൻ, തിരുവമ്പാടി ദേവസ്വം എന്നീ ബോർഡുകൾക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂൺ 16 നകം വിശദീകരണം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി.

Also Read: വിജയ് ഏത് സമയത്തും വീഴും, തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങാൻ സ്റ്റാലിന്‍റെ നിർദേശം; സോഷ്യൽ മീഡിയ പിടിച്ചടക്കാനും ആഹ്വാനം

തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ ഏപ്രിൽ 21-ാം തീയതിയാണ് വൻ സ്ഫോടനമുണ്ടായത്. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടു. വെടിക്കെട്ടുശാല പ്രവർത്തിച്ചതിന് സമീപത്തെ പാടശേഖരത്തിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. 500 മീറ്റർ അകലെവരെ ശരീരഭാഗങ്ങൾ തെറിച്ചുവീണിരുന്നു. ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണം നടത്തുന്നതിനായി നിയോ​ഗിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഏലിയാമ്മ ഔസേപ്പ് (73) ആണ് മരിച്ചത്. കഴിഞ്ഞ 15നാണ് ഏലിയാമ്മ മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌കജ്വരം ബാധിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചത്.
ഏലിയാമ്മക്ക് എങ്ങനെയാണ് മസ്തിഷ്‌കജ്വരം ബാധിച്ചതെന്ന് പരിശോധിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്കായി പോകുന്നയാളായിരുന്നു. കനാലിലോ മറ്റ് മലിനജലത്തിലോ കുളിച്ചിട്ടുണ്ടോ എന്നുള്‍പ്പെടെയാണ് പരിശോധിക്കുന്നത്.

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുകയാണ്. കോഴിക്കോട് ഒരാഴ്ചക്കിടെ രണ്ടുപേരെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനത്തില്‍ കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

വിജയ് ഏത് സമയത്തും വീഴും, തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങാൻ സ്റ്റാലിന്‍റെ നിർദേശം; സോഷ്യൽ മീഡിയ പിടിച്ചടക്കാനും ആഹ്വാനം

ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ‘തമിഴക വെട്രി കഴകം’ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ വൻ അണിയറ നീക്കങ്ങൾ സജീവമാകുന്നു. വിജയ് നയിക്കുന്ന പുതിയ തമിഴ്‌നാട് സർക്കാർ ‘ഏതുനിമിഷവും താഴെ വീഴാമെന്നും’, അതിനാൽ വരാനിരിക്കുന്ന ഒരു ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി പ്രവർത്തകർ ഇപ്പോൾ തന്നെ സജ്ജരാകണമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ എം കെ സ്റ്റാലിൻ ഡിഎംകെ അണികൾക്ക് കർശന നിർദ്ദേശം നൽകി.

Also Read: അംബാനിയും അദാനിയും തകർന്നടിയും, രാജ്യത്തിന് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി; ‘കഠിനകാലം വരുന്നു, വൻ സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വീശും’

കഴിഞ്ഞ ദിവസം പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് അദ്ദേഹം ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ ഒറ്റയ്ക്ക് നേടിയ ടിവികെ, അഞ്ച് സീറ്റുകളുള്ള കോൺഗ്രസിന്‍റെയും പുറത്തുനിന്ന് പിന്തുണയ്ക്കുന്ന നാല് ഡിഎംകെ സഖ്യകക്ഷികളുടെയും ( രണ്ട് സീറ്റുകൾ വീതമുള്ള വിസികെ, സിപിഐ, സിപിഎം, ഐയുഎംഎൽ) പിന്തുണയോടെയാണ് നിലവിൽ ഭൂരിപക്ഷം തെളിയിച്ചിരിക്കുന്നത്.

ഇതിന് പുറമെ, കഴിഞ്ഞ ആഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 25 അണ്ണാ ഡിഎംകെ വിമത എംഎൽഎമാരുടെ പിന്തുണയും മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കുണ്ട്. എന്നാൽ, പുറത്തുനിന്ന് പിന്തുണ നൽകുന്ന വിസികെ, സിപിഐ, സിപിഎം, ഐയുഎംഎൽ എന്നീ പാർട്ടികൾ പിന്തുണ പിൻവലിച്ചാലോ, അതല്ലെങ്കിൽ തമിഴ്‌നാട് സ്പീക്കറോ കോടതിയോ ഈ 25 അണ്ണാ ഡിഎംകെ വിമത എംഎൽഎമാരെ അയോഗ്യരാക്കിയാലോ വിജയ് സർക്കാർ വൻ പ്രതിസന്ധിയിലാകുമെന്നും സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയുണ്ടാകുമെന്നുമാണ് ഡിഎംകെ കണക്കുകൂട്ടുന്നത്.

ഇടക്കാലത്ത് നേരിട്ട ഈ വൻ പരാജയത്തിൽ നിന്നും ഡിഎംകെ ശക്തമായി തിരിച്ചുവരുമെന്ന് സ്റ്റാലിൻ അണികളെ ഓർമ്മിപ്പിച്ചു. “ഈ തോൽവി താൽക്കാലികം മാത്രമാണ്. നിലവിലെ ഭരണം ഏതുനിമിഷവും തകരാം. സമാന്തരമായി 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് തമിഴ്‌നാട് സാക്ഷ്യം വഹിച്ചേക്കാം. നമ്മൾ ശക്തമായി തിരിച്ചുവരികയും വിജയിക്കുകയും ചെയ്യും,” സ്റ്റാലിൻ പറഞ്ഞു. കഴിഞ്ഞ ദിവസം അണികളെ അഭിസംബോധന ചെയ്യവെ, തമിഴ്‌നാട്ടിൽ ‘ഉദയസൂര്യൻ’ (ഡിഎംകെ ചിഹ്നം) ഒരിക്കലും അസ്തമിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തന്‍റെ സ്വന്തം മണ്ഡലമായ കൊളത്തൂരിലെ പരാജയമുൾപ്പെടെയുള്ള
ഈ കനത്ത തിരിച്ചടിയുടെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വിജയ്‌യുടെ ടിവികെ പാർട്ടി ബഹുദൂരം മുന്നിലാണെന്ന് സമ്മതിച്ച സ്റ്റാലിൻ, ഡിഎംകെയുടെ സൈബർ സാന്നിധ്യം വൻതോതിൽ വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്തു. “ഒരുകാലത്ത് നമ്മൾ ചായക്കടകളിൽ സംസാരിച്ചിരുന്ന രാഷ്ട്രീയം ഇനി സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സംസാരിക്കണം,” അദ്ദേഹം പറഞ്ഞു.

പരാജയത്തിന്‍റെ യഥാർത്ഥ കാരണങ്ങൾ പഠിക്കാനും പൊതുജനങ്ങളിൽ നിന്ന് നേരിട്ട് ഫീഡ്‌ബാക്ക് സ്വീകരിക്കാനുമായി സ്റ്റാലിൻ 36 അംഗ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ 59 വർഷമായി നിലനിന്നിരുന്ന ഡിഎംകെ-എഐഎഡിഎംകെ ദ്വന്ദ്വ ഭരണത്തിനാണ് വിജയ്‌യുടെ വരവോടെ അന്ത്യമായത്. എന്നാൽ, പ്രതിപക്ഷത്തിന്‍റെ ഇത്തരം അവകാശവാദങ്ങളിൽ തങ്ങൾ ഒട്ടും ആശങ്കാകുലരല്ലെന്നും പൂർണ്ണ കാലാവധി ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷവും പിന്തുണയും തങ്ങൾക്കുണ്ടെന്നുമാണ് ടിവികെ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.