വിമാനത്തിനുള്ളിൽ പുകവലി. വിമാനത്തിനുള്ളിൽ പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ. എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്തിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ വച്ചാണ് പുകവലിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് സുരക്ഷാ വിഭാഗക്കാന്റെ പരാതിയെത്തുടർന്ന് നെടുമ്പാശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്
പേരാമ്പ്ര സംഘർഷം, ഷാഫിക്ക് പറമ്പിൽ എംപിക്ക് മർദനമേറ്റ സംഭവത്തില്‍ ലോക്സഭാ സ്പീക്കറുടെ ഇടപെടൽ
ന്യൂഡെല്‍ഹി. പേരാമ്പ്ര സംഘർഷം, ഷാഫിക്ക് പറമ്പിൽ എം.പി.ക്ക്. മർദനമേറ്റ സംഭവം. ലോക്സഭാ സ്പീക്കറുടെ ഇടപെടൽ. ലോക്സഭാ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി.നൽകിയ പരാതിയിലാണ് ഇടപെടൽ. പരാതി പ്രിവിലേജ് കമ്മിറ്റി ഫയലിൽ സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ചീഫ് സെക്രട്ടറിയും , സംസ്ഥാന പോലീസ് മേധാവിയും റിപ്പോർട്ട് സ്പീക്കർക്ക് നൽകണം
റാപ്പർ വേടന് വീണ്ടും ആശ്വാസം
കൊച്ചി.തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗകേസിലെ ജാമ്യവ്യവസ്ഥയിൽ ഹൈകോടതി ഇളവ് അനുവദിച്ചു.
രാജ്യം വിട്ടുപോകരുതെന്ന മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി.
വിദേശത്ത് സംഗീതപരിപാടി അവതരിപ്പിക്കുന്നതിനായാണ് ജാമ്യവ്യവസ്ഥയിൽ ഇളവ്. സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമം കേസിലും സമാനമായി ഇളവ് അനുവദിച്ചിരുന്നു
കരൂർ ദുരന്തം: ടിവികെ ആസ്ഥാനത്ത് സന്ദർശനം നടത്തി സിബിഐ
കരൂർ ദുരന്തത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈയിലെ ടിവികെ ആസ്ഥാനത്ത് സന്ദർശനം നടത്തി സിബിഐ. കേസിന്റെ വിശദാംശങ്ങളും സിസിടിവി ദൃശ്യങ്ങളും തേടിയാണ് സിബിഐ ഉദ്യോഗസ്ഥർ എത്തിയത്.
സിബിഐ ഉദ്യോഗസ്ഥർ ചെന്നൈ പനയൂരിലുള്ള ടിവികെയുടെ ആസ്ഥാനത്ത് സന്ദർശനം നടത്തിയതായി പാർട്ടി ജോയിൻ്റ് ജനറൽ സെക്രട്ടറി സിടിആർ നിർമൽ കുമാർ മാധ്യമപ്രവർത്തകരെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ, പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങളാണ് സിബിഐ പ്രധാനമായും ആവശ്യപ്പെട്ടത്.
മദ്രാസ് ഹൈക്കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഈ വിവരങ്ങൾ നേരത്തെ കൈമാറിയിരുന്നെന്നും, എന്നാൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിലവിൽ കേസ് സിബിഐ ഏറ്റെടുത്ത സാഹചര്യത്തിലാണ് വിവരങ്ങൾ വീണ്ടും കൈമാറുന്നതെന്നും നിർമൽ കുമാർ വ്യക്തമാക്കി.
സിബിഐയുടെ സമൻസിൽ ആരും നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ലെന്നും, ആവശ്യപ്പെട്ട വിവരങ്ങൾ നാല് ദിവസത്തിനകം സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രാസ് ഹൈക്കോടതി ഉത്തരവിട്ട പ്രത്യേക അന്വേഷണത്തിന് സുപ്രീം കോടതി സ്റ്റേ നൽകുകയും തുടർന്ന് കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയുമായിരുന്നു.
ഇതോടെയാണ് കേസിൻ്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന വിജയ്‌യുടെ റാലിക്കിടെയാണ് തിക്കും തിരക്കും ഉണ്ടായതിനെ തുടർന്ന് വൻ ദുരന്തം സംഭവിച്ചത്.
സംസ്ഥാനമാകെ അരലക്ഷം കാലികളെ ഇന്‍ഷ്വര്‍ ചെയ്യും: മന്ത്രി ജെ ചിഞ്ചുറാണി
സംസ്ഥാനത്ത് ഈ വര്‍ഷം തന്നെ 50,000 കാലികളെ ഇന്‍ഷ്വര്‍ ചെയ്ത് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും കുലശേഖരപുരം മൃഗാശുപത്രിയുടെ നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ധനവിഹിതമായി 22.83 കോടി രൂപയാണ് ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. അപകടങ്ങളില്‍ പെടുന്ന കര്‍ഷകര്‍ക്ക് ചികിത്സാ ധനസഹായമായി അഞ്ച് ലക്ഷം രൂപ വരെ പുതിയ പദ്ധതിയിലൂടെ ലഭ്യമാക്കും. ആകസ്മിക നഷ്ടങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ പദ്ധതി മുഖേന കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
50 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച കുലശേഖരപുരം മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി ഡെപ്യൂട്ടി മാനേജര്‍ നിജ വിജയകുമാര്‍, ഇന്‍ഷ്വറന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ എന്നിവര്‍ ധാരണപത്രം ഏറ്റുവാങ്ങി.
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. നാസര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നിസാം, ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.സി. റെജില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ് അബ്ദുള്‍ സലിം, സാവിത്രി പി. കെ, രജിത രമേശ്, അനിത എസ്, കെ മുരളീധരന്‍, എസ് സുജിത്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍, ഡോ. എസ്. ഗിരിധര്‍, വെറ്ററിനറി സര്‍ജന്‍ ഡോ .സൂര്യ, ഡോ.ടി. അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
കൊല്ലം കോര്‍പറേഷന്റെ മിനി ഐടി പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു
കൊല്ലം കോര്‍പ്പറേഷന്‍ ആണ്ടാമുക്കം കെ.എം.സി മാളില്‍ ഒരുക്കിയ മിനി ഐ ടി പാര്‍ക്ക് എം.മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാലുനിലകളിലായുള്ള മാളിന്റെ രണ്ടാം നിലയില്‍ 4100 ചതുരശ്രയടിയിലാണ് മിനി ഐ.ടി പാര്‍ക്ക് പ്രവര്‍ത്തിക്കുക. മാളിന് സമീപത്തായി മൂന്നര ഏക്കറില്‍ രണ്ടര ലക്ഷം ചതുരശ്രയടിയില്‍ നിര്‍മിക്കാന്‍ പോകുന്ന ഐ.ടി പാര്‍ക്കിന്റെ വിശദപദ്ധതി റിപ്പോര്‍ട്ട് പൂര്‍ത്തിയായി ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുകയാണ്. ഐ.ടി പാര്‍ക്ക് വരുന്നതോടുകൂടി 25000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകും.
മേയര്‍ ഹണി അധ്യക്ഷയായി. സൂപ്രണ്ടിങ് എഞ്ചിനീയര്‍ ജെ.ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, സ്ഥിരംസമിതി അധ്യക്ഷരായ എസ്.ഗീതാകുമാരി, യു.പവിത്ര, എം.സജീവ്, സജീവ് സോമന്‍, സുജാ കൃഷ്ണന്‍, എ.കെ സവാദ്, എസ്.സവിതാ ദേവി, കിറ്റ്ഫ്രാ മാനേജിങ് ഡയറക്ടര്‍ ഡോ.സന്തോഷ് ബാബു, കോര്‍പറേഷന്‍ സെക്രട്ടറി എസ്.എസ് സജി, മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം നാലിന്; സ്പീക്കര്‍ നിര്‍വഹിക്കും
ജില്ലാ പഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം നവംബര്‍ നാലിന് രാവിലെ 10ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ അധ്യക്ഷനാകും. പരിപാടിയോടനുബന്ധിച്ച് ഒ.എന്‍.വി പ്രതിമ അനാഛാദനം, കാവ്യമണ്ഡപം ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. പ്രോഗസ് റിപ്പോര്‍ട്ട്, ഡോക്യുമെന്ററി പ്രകാശനം മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. ആറര കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ്, സ്ഥിരംസമിതി അധ്യക്ഷരായ നജീബത്ത്, വസന്താ രമേശ്, കെ.അനില്‍ കുമാര്‍, അഡ്വ.അനില്‍ എസ് കല്ലേലിഭാഗം, ജില്ലാ പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി ടി.കെ സയൂജ തുടങ്ങിയവര്‍ പങ്കെടുക്കും.
പോലീസ് മർദ്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്ന് പോലീസ്…. മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട്
കൊല്ലം : കരിങ്ങന്നൂരിൽ നിന്നും ഓയൂരിലേക്കുള്ള വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഓയൂർ കരിങ്ങന്നുർ സ്വദേശിയെ പൂയപ്പള്ളി എസ്.ഐയും മറ്റ് പോലീസുകാരും ചേർന്ന് മർദ്ദിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് കൊല്ലം റൂറൽ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇക്കൊല്ലം മാർച്ച് 8 ന് രാത്രി കോവിൽകുന്നിന് സമീപത്ത് നിന്ന് തന്നെ അകാരണമായി ജീപ്പിൽകയറ്റി പൂയപ്പള്ളി സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതിയിൽ കമ്മീഷൻ അംഗം വി. ഗീതയുടെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് റൂറൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചത്.
കൊട്ടാരക്കര താലൂക്ക്, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. എന്നാൽ പരാതിക്കാരൻ പോലീസ് നിരീക്ഷണത്തിലായിരുന്നവെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോയ വിരോധത്തിലാണ് പരാതി നൽകിയതെന്നും കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. പരാതിക്കാരന് പരാതിയുമായി മുന്നോട്ടുപോകാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
ഭാവിയിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഇത്തരം നടപടികൾ ഉണ്ടാകരുതെന്ന് പരാതിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു. കമ്മീഷൻ നോട്ടിസയച്ചെങ്കിലും പരാതിക്കാരൻ ഹാജരാകാത്ത സാഹചര്യത്തിൽ കേസ് തീർപ്പാക്കി.
പഴം തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു
കണ്ണൂര്‍: ചക്കരക്കലില്‍ പഴം തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു. കാപ്പാട് പെരിങ്ങളായി കുടക്കര ധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപം മന്ദമ്പേത്ത് ഹൗസിലെ ശ്രീജിത്ത് (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം.
വീട്ടില്‍ വച്ച് പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം അനുഭപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: പരേതയായ ബിന്ദു. മക്കള്‍: ശ്രീരാഗ്, ജിതിന്‍ജിത്ത്.
വീണ്ടും ട്രെയിൻ യാത്രയ്ക്കിടെ ആക്രമണം; ഐലന്‍ഡ് എക്സ്പ്രസിൽ ഭിന്നശേഷിക്കാരനായ യാത്രക്കാരനുനേരെ അതിക്രമം, അക്രമി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു
കൊല്ലം: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ യാത്രക്കിടെ ആക്രമണം. ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനായ യുവാവിനുനേരെയാണ് ആക്രമണം ഉണ്ടായത്. കൊല്ലം ശാസ്താംകോട്ടയിൽ വെച്ചാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിക്ക് പോവുകയായിരുന്ന ഐലന്‍ഡ് എക്സ്പ്രസിലെ ഭിന്നശേഷിക്കാരുടെ കംപാര്‍ട്ട്മെന്‍റിൽ വച്ചാണ് അതിക്രമം.
ആലപ്പുഴ താമരക്കുളം സ്വദേശി നാസറിനെയാണ് ആക്രമിച്ചത്. നാസറിനെ ആക്രമിച്ചശേഷം അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. നാസറിന്‍റെ മുഖത്താണ് പരിക്കേറ്റത്. റെയിൽവെ പൊലീസ് നാസറിന്‍റെ മൊഴിയെടുത്തു. വര്‍ക്കലയിൽ ഇന്നലെ രാത്രി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മദ്യലഹരിയിൽ യാത്രക്കാരൻ ചവിട്ടി പുറത്തേക്ക് തള്ളിയിട്ട നടുക്കുന്ന സംഭവത്തിന് പിന്നാലെയാണ് ട്രെയിൻ യാത്രക്കാരനുനേരെ വീണ്ടും അതിക്രമം ഉണ്ടാകുന്നത്.


































