23.5 C
Kollam
Saturday 20th December, 2025 | 01:43:22 AM
Home Blog Page 2760

പാമോലിൻ കേസ് ,സുപ്രീംകോടതി ഇന്ന് കൈക്കൊള്ളുന്ന നിലപാട് ഏറെ നിർണായകം

ന്യൂഡെല്‍ഹി . പാമോലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
1991-92-കാലഘട്ടത്തിൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പവർ ആൻഡ് എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന് ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയിൽ ഇറക്കുമതി ചെയ്തതിൽ അഴിമതികൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഈ കേസ്. മുൻ ചീഫ് വിജിലൻസ് കമ്മിഷണറായിരുന്ന പി. ജെ. തോമസ് ആയിരുന്നു അക്കാലത്ത് കേരളത്തിലെ സിവിൽ സപ്ളൈസ് സെക്രട്ടറി. ഈ കേസിൽ എട്ടാം പ്രതിയായിരുന്ന അദ്ദേഹം ചീഫ് വിജിലൻസ് കമ്മിഷണറായി തുടരുന്നത് അനുചിതമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് അദ്ദേഹം 2011 മാർച്ചിൽ തൽസ്ഥാനം രാജി വയ്ക്കുകയുണ്ടായി.കെ .കരുണാകരന്റെ മരണശേഷം സുപ്രീം കോടതി അദ്ദേഹത്തിനെതിരായുള്ള നടപടിക്രമങ്ങൾ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു . എ.കെ. ആന്റണി മന്ത്രിസഭ കേസ് പിൻവലിക്കുവാൻ തീരുമാനിച്ചെങ്കിലും വി എസ്. അച്യുതാനന്ദൻ സർക്കാർ കേസ് പിൻവലിക്കാൻ തയ്യാറായില്ല. 2011 ഓഗസ്റ്റിൽ കേരള മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ കേസിലെ പുനരന്വേഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
കാൽ നൂറ്റാണ്ടോളം പിന്നിട്ട കേസ് സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് കൈക്കൊള്ളുന്ന നിലപാട് ഏറെ നിർണായകമാണ്.

അണക്കെട്ട് കൂടുതൽ സുരക്ഷിതമാക്കാൻ തമിഴ്നാട് നടത്തുന്ന ശ്രമങ്ങൾ കേരളം പരാജയപ്പെടുത്തുന്നോ,മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി. മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ കേരളം സുപ്രീംകോടതി നിർദേശം ലംഘിച്ചതായി ആരോപിച്ച് തമിഴ്നാട് സമർപ്പിച്ച സത്യവാങ്മൂലം അടക്കമാകും സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. അണക്കെട്ട് കൂടുതൽ സുരക്ഷിതമാക്കാൻ തമിഴ്നാട് നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുത്താനാണ് കേരളത്തിന്റെ ശ്രമാണ് കേരളം നടത്തുന്നതെന്നും തമിഴ്നാട് സത്യവാങ്ങ് മൂലത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട് .
അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2006-ലും 2014-ലും സുപ്രീംകോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വിധികളിലെ ശുപാര്‍ശകളും മേല്‍നോട്ട സമിതി നല്‍കിയ വിവിധ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകളും കേരളം നടപ്പാക്കിയിട്ടില്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്നും തമിഴ്നാട് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .
അണക്കെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ ഉള്ള അനുമതി നല്‍കാന്‍ കേരളത്തിനു കോടതി നിര്‍ദേശം നല്‍കണം എന്ന തമിഴ്നാടിന്റെ ആവശ്യവും സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ ഓടയുണ്ട്,മൂടിയില്ല:അപകടം പതിവ്

കുന്നത്തൂർ . കുന്നത്തൂർ നെടിയവിള ക്ഷേത്രം ജംഗ്ഷനിൽ നിന്നും പുത്തനമ്പലം – കടമ്പനാട് ഭാഗത്തേക്കുള്ള റോഡിന്റ തുടക്കഭാഗത്തെ ഓട അപകട ഭീഷണിയാകുന്നു. ഓടയ്ക്ക് മൂടി ഇല്ലാത്തതാണ് പ്രശ്നമായിരിക്കുന്നത്.പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്, ഹോമിയോ ആശുപത്രി ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തിരക്കേറിയ ജംഗ്ഷനാണിത്.പുത്തനമ്പലം ഭാഗത്തേക്ക് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നതും ഓടയോട്
ചേർന്നുള്ള ഭാഗത്താണ്. യാത്രാ സൗകര്യം കുറവായ ഇവിടേക്ക് മണിക്കൂറുകളുടെ ഇടവേളയിലാണ് ബസ് എത്തുന്നത്.സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ബസ് കാത്ത് നിൽക്കുന്നത്.ബസ് എത്തുമ്പോൾ കയറാനുള്ള തിക്കിലും തിരക്കിലുംപ്പെട്ട് യാത്രക്കാർ ഓടയിൽ വീണ് പരിക്കേൽക്കുന്നത് പതിവാണ്.കാൽ ഒടിയുന്നതടക്കം ഗുരുതര പരിക്കുകൾ സംഭവിച്ചവരും നിരവധിയാണ്.

രാത്രിയിൽ ഓടയ്ക്ക് സമീപമിരുന്ന സ്കൂട്ടറിൽ കയറവേ കാൽ തെറ്റി ഓടയിലേക്ക് വീണ് ഒരാൾ മരിച്ചിട്ടും അധികൃതർ കണ്ണു തുറന്നില്ല.ഓടയ്ക്ക് സമീപമുള്ള കടകളിലേക്ക് കയറാൻ അവർ തന്നെ സ്ലാബുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതും ഫലപ്രദമല്ല.ഇരുചക്ര – സൈക്കിൾ യാത്രക്കാരും അപകടത്തിൽപ്പെടുന്നു.മഴക്കാലത്ത് ഓട നിറഞ്ഞൊഴുകുന്നതിനാൽ പാതയോരത്ത് നിൽക്കാനും കഴിയില്ല.രാത്രിയായാൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതും ഓടയിൽ ആളുകൾ വീഴാൻ കാരണമാകുന്നു.കൊട്ടാരക്കര – ശാസ്താംകോട്ട,പുത്തനമ്പലം – കടമ്പനാട് റോഡുകളിലായാണ് ഓട കടന്നുപോകുന്നത്.ഇരു പാതകളും പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ്.
വർഷങ്ങളായി കോവൂർ കുഞ്ഞുമോൻ എംഎൽഎയ്ക്ക് നിവേദനം നൽകിയിട്ടും നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും അദ്ദേഹം നിസംഗത തുടരുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.പഞ്ചായത്ത് ഓഫീഡിന്റെ മൂക്കിൻ തുമ്പത്താണെങ്കിലും അവരും നടപടിയെടുക്കാൻ തയ്യാറാകുന്നില്ല.

യുവതിക്കു നേരെ നഗ്നതാ പ്രദർശനം മദ്രസ അധ്യാപകൻ അറസ്റ്റിൽ

കൊച്ചി.യുവതിക്കു നേരെ നഗ്നതാ പ്രദർശനം മദ്രസ അധ്യാപകൻ അറസ്റ്റിൽ.മുളന്തുരുത്തിക്ക് സമീപം പെരുമ്പള്ളിയിലാണ് സംഭവം. വെങ്ങോല സ്വദേശി അബ്ദുൽ മനാഫ് ആണ് പിടിയിലായത് യുവതിയുടെ പിന്നാലെ ചെന്ന് ബൈക്ക് യാത്രികനായ പ്രതി  തന്റെ സ്വകാര്യ ഭാഗങ്ങൾ  കാട്ടുകയായിരുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം: 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പു നടക്കും. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്.

സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് രജൗരി മണ്ഡലത്തില്‍ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റി.

ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, യുപി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ബംഗാള്‍, അസം, ഗോവ, ദമന്‍, ദിയു, ദാദ്ര നഗര്‍ ഹവേലി എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

കന്യാകുമാരിയിലെ മുങ്ങിമരണം:അഞ്ച് യുവഡോക്ടർമാർപ്രവേശനം നിരോധിച്ച സ്വകാര്യ ബീച്ചില്‍ എത്തിയത് മറ്റൊരു വഴിയിലൂടെ

കന്യാകുമാരി: സ്വകാര്യ ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവഡോക്ടർമാർ കടലിൽ മുങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കള്ളക്കടൽ കാരണം ജില്ലാ ഭരണകൂടം പ്രവേശനം നിരോധിച്ചിരുന്ന ബീച്ചിലേക്ക് മറ്റൊരു തെങ്ങിൻ തോപ്പിലൂടെയാണ് ഇവർ എത്തിയത്. എട്ട് പേർ കാൽ നനയ്ക്കാനാണ് കടലിൽ ഇറങ്ങിയത്.
തഞ്ചാവൂർ സ്വേദേശി ഡി. ചാരുകവി (23), നെയ്വേലി സ്വദേശി ബി. ഗായത്രി (25), കന്യാകുമാരി സ്വദേശി പി. സർവദർശിത് (23), ഡിണ്ടിഗല്‍ സ്വദേശി എം. പ്രവീണ്‍ സാം (23), ആന്ധ്രാപ്രദേശില്‍നിന്നുള്ള വെങ്കടേഷ് (24) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഘം ലെ മൂർ ബീച്ചിലെത്തിയത്.
തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാർഥികളാണ് മരിച്ചവരെല്ലാം. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ 12 വിദ്യാർഥികള്‍ സംഘമായാണ് നാഗർകോവിലില്‍ എത്തിയത്. ഞായറാഴ്ച നടന്ന വിവാഹത്തിനു ശേഷം ഇവർ കന്യാകുമാരിയില്‍ എത്തുകയായിരുന്നു.
അപകടവിവരം അറിഞ്ഞയുടൻ തന്നെ
മത്സ്യത്തൊഴിലാളികള്‍ ഉടൻതന്നെ കടലില്‍ തിരച്ചില്‍ ആരംഭിക്കുകയും മുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇവർ കന്യാകുമാരി ജില്ലാ ഗവർണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ദൃക്സാക്ഷികളായ, കരയിലുണ്ടായിരുന്ന വിദ്യാർഥികളില്‍ രണ്ടുപേർ കുഴഞ്ഞുവീണതിനെ തുടർന്ന് ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നടി കനകലത അന്തരിച്ചു

ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ കലാകാരി കനകലത അന്തരിച്ചു. വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മറവിരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയുമാണ് കനകലതയെ തളര്‍ത്തിയത്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ 2… തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. പൂക്കാലമാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

ഇതേത് കാര്‍, വണ്ടറടിച്ച മോട്ടോര്‍വാഹന വകുപ്പുകാര്‍ക്ക് ഭീഷണിയും ഇനി വിടില്ല

കൊല്ലം . നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും മോട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണ് കാർ
കൊല്ലo സ്വദേശി വാങ്ങിയെങ്കിലും പേര് മാറ്റിയിരുന്നില്ല.കാർ കസ്റ്റഡിയിൽ എടുത്തതിന്റെ പേരിൽ നിലവിലെ ഉടമയും സംഘവും എത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി

കൊല്ലം മേവറത്ത് വച്ച് വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞദിവസം നിർത്താതെ പോയതാണ് ഈ കാർ. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാർ കണ്ടെത്താൻ കൊല്ലം എൻഫോഴ്സ്മെൻറ് ആർ ടി യോ സംസ്ഥാനത്തെ എല്ലാ ആർ ടി ഓഫീസുകൾക്ക് നിർദ്ദേശം നൽകി. ഇന്ന് പത്തനാപുരം മഞ്ചുള്ളൂരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാർ വീണ്ടും ശ്രദ്ധയിൽ പെടുന്നത്.തുടർന്ന് കാറിറെ ഉദ്യോഗസ്ഥർ പിന്തുടർന്നു. സമീപത്തെ കല്യാണ മണ്ഡപത്തിൽ നിന്നും കാറിനെയും ഡ്രൈവറെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കാർ പത്തനാപുരം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നിയമങ്ങൾ പൂർണ്ണമായും ലംഘിച്ചാണ് കാർ പ്രവർത്തിച്ചത് പരിശോധനയിൽ വ്യക്തമായി. അനുവദനീയമായ തരത്തിലായിരുന്നില്ല കാറിൻറെ രൂപഘടന. സൈലൻസർ, വീലുകൾ ഗ്ലാസ് ഗിയർ ലിവർ എന്നിവയെല്ലാം ക്രമീകരിച്ചത് നിയമങ്ങൾ അനുശാസിക്കുന്ന തരത്തിൽ ആയിരുന്നില്ല. നമ്പർ പ്ലേറ്റും കാറിന് ഉണ്ടായിരുന്നില്ല.കാർ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തതോടെ പിന്നാലെ 20 അംഗ സംഘം പത്തനാപുരം പോലീസ് സ്റ്റേഷനിൽ എത്തി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.

മലപ്പുറം സ്വദേശിയുടെ പേരിലുള്ള കാർ
കൊല്ലം സ്വദേശി വാങ്ങിയെങ്കിലും പേരുമാറ്റം നടത്തിയിരുന്നില്ല. മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണ് കാർ. ഇയാൾ കൊല്ലം സ്വദേശിക്ക് കാർ വിറ്റു എന്ന് ഉടമസ്ഥാവകാശം മാറ്റിയിട്ടില്ല. മലപ്പുറം സ്വദേശിയെ കൊല്ലത്തേക്ക് വിളിച്ചു വരുത്താനുള്ള ആലോചനയിലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.കാറിൻ്റെ ആർ സി സസ്പെൻറ് ചെയ്‌തേക്കും.

കഞ്ചാവ് വില്‍പന നടത്തിയയാള്‍ പിടിയില്‍

കൊല്ലം: കോളജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ കഞ്ചാവ് വില്‍പന നടത്തിയയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പള്ളിമുക്ക് ചന്തയില്‍ മീന്‍കച്ചവടം നടത്തുന്ന അയത്തില്‍ പുത്തനഴികത്ത് വീട്ടില്‍ റിയാസാണ് (39) പിടിയിലായത്.
ചെറിയ പൊതികളിലാക്കിയ നിലയില്‍ നൂറ് ഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് കണ്ടെടുത്തു. കഞ്ചാവ് കച്ചവടം നടത്തുന്നതിനിടെ എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ കഞ്ചാവ് പൊതികള്‍ വലിച്ചെറിഞ്ഞോടിയ റിയാസിനെ ഇരുചക്രവാഹനത്തിന്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ മുകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡാണ് റിയാസിനെ പിടികൂടിയത്.

റോട്ട് വീലർ നായ്ക്കളുടെ ആക്രമണത്തിൽ അഞ്ചു വയസുകാരിയ്ക്ക് ഗുരുതര പരുക്ക്

ചെന്നൈയിൽ വളർത്തു നായ്ക്കളുടെ ആക്രമണത്തിൽ അഞ്ചു വയസുകാരിയ്ക്ക് ഗുരുതര പരുക്ക്. തൗസൻഡ് ലൈറ്റ്സിലെ കോർപറേഷൻ പാർക്കിൽ വച്ചാണ് കുട്ടിയെ
രണ്ട് റോട്ട് വീലർ നായ്ക്കൾ ആക്രമിച്ചത്. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് പാർക്കിലെ ജീവനക്കാരനാണ്. നായ്ക്കളുമൊത്ത് ഉടമ നടക്കാനിറങ്ങിയപ്പോഴാണ് അക്രമിച്ചത്. നായകളിൽ നിന്ന് കുഞ്ഞിനെ രക്ഷിയ്ക്കാൻ ഉടമ ഒന്നും ചെയ്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ബഹളം കേട്ട് മാതാവെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മാതാവിനും നായകളുടെ അക്രമത്തിൽ പരുക്കേറ്റു. നായ്ക്കളുടെ ഉടമ പുഗഴേന്തിയെ പൊലിസ് അറസ്റ്റു ചെയ്തു.