25.8 C
Kollam
Thursday 18th December, 2025 | 10:56:15 AM
Home Blog Page 2364

യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ പുതിയ ഷെഡ്യൂള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.ac.in സന്ദര്‍ശിക്കുക.
പരീക്ഷാകേന്ദ്രം സംബന്ധിച്ച് കൃത്യമായി വിവരം നല്‍കുന്ന എക്സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. പിന്നാലെ അഡ്മിറ്റ് കാര്‍ഡും പരീക്ഷാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കും. ജൂണ്‍ 18ന് എഴുത്തുപരീക്ഷയായാണ് നെറ്റ് എക്സാം നടത്തിയത്.
രണ്ടു ഷിഫ്റ്റുകളിലായി നടത്തിയ പരീക്ഷ ഒരു ദിവസം കഴിഞ്ഞ് റദ്ദാക്കുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. മുന്‍പുള്ള പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി ജൂണില്‍ എഴുത്തുപരീക്ഷ മോഡില്‍ നടത്തുകയായിരുന്നു.

ദുരന്തബാധിതര്‍ക്ക് നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ 150 വീടുകൾ പണിതു നൽകും

വയനാട്. ദുരന്തബാധിതര്‍ക്ക് 150 വീടുകൾ പണിതു നൽകും. നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ 150 വീടുകൾ നിർമ്മിച്ചു നൽകും. വിവിധ സർവ്വകലാശാലകളിലെയും ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിലെ സെല്ലുകളെയും ഏകോപിപ്പിച്ചു കൊണ്ടാകും പദ്ധതി നടപ്പാക്കുക. സർക്കാരിൻറെ പൊതു ദൗത്യത്തോട് പങ്കുചേർന്നാണ് വീട് നിർമ്മിച്ചു നൽകുകയെന്ന് മന്ത്രി ആർ ബിന്ദു. വിദ്യാലയങ്ങളിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നൽകും

ഉരുൾപൊട്ടലിൽ വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബത്തെ രക്ഷപ്പെടുത്തി വനംവകുപ്പ്

വയനാട്. മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബത്തെ രക്ഷപ്പെടുത്തി വനംവകുപ്പ്. മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കുടുംബത്തെയാണ് സാഹസികമായി രക്ഷപ്പെടുത്തി ക്യാമ്പിലേക്ക് മാറ്റിയത്. ഉരുൾപൊട്ടലിനു പിന്നാലെ ഇവർ പാറപ്പൊത്തിൽ അഭയം പ്രാപിക്കുകയായിരുന്നു.

വനത്തിൽ കണ്ട ആദിവാസി സ്ത്രീയും മകനും അറിയിച്ചതനുസരിച്ചാണ് വനം വകുപ്പും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പരിശോധന ആരംഭിച്ചത്. മൂന്ന് മക്കളും ഭർത്താവും കുടുങ്ങിക്കിടപ്പുണ്ടെന്ന് ശാന്ത വിവരം നൽകി. മണിക്കൂറുകൾ നീണ്ട തിരച്ചിൽ. കിലോമീറ്ററുകളോളം ദുർഘടം പിടിച്ച വഴിയിലൂടെ യാത്രക്ക് ഒടുവിൽ, സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തുള്ള എറാട്ടുകുണ്ട് കോളനിയിലെ പാറപ്പൊത്തിൽ മൂന്ന് കുട്ടികളെയും പിതാവായ കൃഷ്ണനെയും കണ്ടെത്തി.

രണ്ടുദിവസം വിശന്നിരുന്ന കുരുന്നുകൾക്ക് ഉദ്യോഗസ്ഥർ ഭക്ഷണം നൽകി. പുറംലോകവുമായി പരിചയമില്ലാത്ത കുട്ടികളെ ഫോറസ്റ്റിൻറെ കാംപ് ഷെഡ്ഡിന് പുറത്ത് ഷെഡ് കെട്ടി താൽക്കാലികമായി പാർപ്പിച്ചിരിക്കുകയാണ്.

നടന്‍ ഹരിശ്രീ അശോകന്റെ “പഞ്ചാബിഹൗസ് “-ൻ്റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷം രൂപ നഷ്ടപരിഹാരം

ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്റെ “പഞ്ചാബിഹൗസ് ” എന്ന വീടിൻ്റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി.

”പഞ്ചാബി ഹൗസ് ” എന്ന പേരിൽ നിർമിച്ച വീടിൻ്റെ ആവശ്യത്തിനായി എതിർകക്ഷികളായ എറണാകുളത്തെ പി.കെ . ടൈൽസ് സെൻ്റർ , കേരള എ.ജി. എൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽനിന്നും ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻഎസ് മാർബിൾ വർക്സിൻ്റെ ഉടമ കെ.എ. പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്.
വീടിൻ്റെ പണികൾ പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്തു. പലവട്ടം എതിർ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് അശോകൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്.
ഉല്‍പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉല്പന്നത്തിൻ്റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറൻ്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്നതുമടക്കമുള്ള നിലപാടുകളാണ് എതിർകക്ഷികൾ കോടതിയിൽ സ്വീകരിച്ചത്. ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു.
ഇൻവോയ്‌സും വാറൻ്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിൻ്റെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവർത്തി അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തി.
ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബ്ബന്ധിതനാക്കിയ എതിർ കക്ഷികളുടെ പ്രവർത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ ബെഞ്ച് അഭിപ്രായപെട്ടു. പരാതിക്കാരനു വേണ്ടി അഡ്വ. ടി.ജെ ലക്മണ അയ്യർ ഹാജരായി.

ഉരുൾപൊട്ടൽ മരണം 305 ആയി , തിരച്ചിൽ ശക്തം

വയനാട്: ഉരുൾപൊട്ടലിൽ മരണസംഖ്യ 305 ആയി ഉയർന്നു. പ്രഭവകേന്ദ്രമായ പുഞ്ചിരി വട്ടത്ത് പ്രത്യേക തിരച്ചിൽ ആരംഭിച്ചു. രക്ഷാദൗത്യം നാലാംനാൾ പുരോഗമിക്കുമ്പോൾ 6 കഡാവർ ഡോഗ്സും പരിശോധനയിൽ പങ്കെടുക്കുന്നു. ഇതിൽ നാലെണ്ണം കേരള പോലീസിൻ്റേതും രണ്ടെണ്ണം ഇൻഡ്യൻ ആർമിയുടേതുമാണ്. മുണ്ടക്കൈ ,ചൂരൽമല മേഖലകൾ ക്രന്ദ്രീകരിച്ച് 6 സോണുകളായി തിരിഞ്ഞുള്ള പരിശോധനകൾ തുടങ്ങി. ഇതിനിടെ മരണസംഖ്യ 302 ആയി ഉയർന്നു.വടക്കൻ കേരളത്തിൽ ശക്തമായ മഴമുന്നറിയിപ്പും വന്നിട്ടുണ്ട്.

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: ഏഴുദിവസത്തിനിടെ വര്‍ധിച്ചത് 1440 രൂപ

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ വർദ്ധനവ്. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,840 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 5480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.
കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് വില തിരിച്ചുകയറുന്നതാണ് ദൃശ്യമാകുന്നത്. ഏഴുദിവസത്തിനിടെ 1440 രൂപയാണ് വര്‍ധിച്ചത്.

വല നിറയെ കിട്ടിയത് ചെമ്മീൻ….

കൊല്ലം: ട്രോളിംഗ് നിരോധനം അവസാനിച്ച ശേഷം വലനിറയെ പ്രതീക്ഷകളുമായി കടലിലേക്ക് പോയ ചെറിയ ബോട്ടുകള്‍ തിരികെയെത്തിയത് കരിക്കാടി ചെമ്മീന്‍ ചാകരയുമായി. ട്രോളിങ് നിരോധനത്തിന് ശേഷം വലനിറഞ്ഞെങ്കിലും മത്സ്യത്തൊഴിലാളികളുടെ മനം നിറഞ്ഞില്ല. ബോട്ട് നിറയെ മത്സ്യം ലഭിച്ചെങ്കിലും വേണ്ടത്ര വില ലഭിക്കാത്തത് മത്സ്യത്തൊഴിലാളികളെ നിരാശയിലാക്കി. ചെറിയതോതില്‍ കഴുന്തനും കിളിമീനും കോരയും നങ്കും ലഭിച്ചെങ്കിലും കൂടുതലായി ലഭിച്ച കരിക്കാടി ചെമ്മീന് വേണ്ടത്ര വില ലഭിച്ചില്ല.
ആദ്യമായി എത്തിയ ബോട്ടുകള്‍ക്ക് 1,100 രൂപയാണ് ഒരു കുട്ട കരിക്കാടിക്ക് ലഭിച്ചത്. ഇടത്തരം കരിക്കാടികളാണ് വലയില്‍ കുടുങ്ങിയത്. കയറ്റുമതി കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വരും ദിവസങ്ങളില്‍ മഴ ലഭിക്കുകയാണെങ്കില്‍ കഴന്തന്‍ ഉള്‍പ്പെടെയുള്ള ചെമ്മീനുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും.
ജില്ലയില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളടക്കം 1074 യാനങ്ങള്‍ക്കാണ് രജിസ്‌ട്രേഷനുള്ളത്. ബുധനാഴ്ച രാത്രി 12 ഓടെയാണ് ബോട്ടുകള്‍ കടലിലേക്കിറങ്ങിയത്. വലിയ വള്ളങ്ങളാണ് ആദ്യമെത്തുന്നത്. വലിയ ബോട്ടുകള്‍ ദിവസങ്ങള്‍ കഴിഞ്ഞെ മടങ്ങിയെത്തൂ. കാലാവസ്ഥ അനുകൂലമായതിനാല്‍ വലിയ പ്രതീക്ഷയിലാണ് മത്സ്യബന്ധന മേഖല. എന്നാല്‍ മത്സ്യങ്ങള്‍ക്ക് ലഭിക്കുന്ന വിലക്കുറവ് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കുന്നു. നീണ്ട കാത്തിരിപ്പിന് ശേഷം ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി വലിയ സാമ്പത്തിക ബാധ്യതയുമായാണ് മത്സ്യതൊഴിലാളികള്‍ കടലിലേക്ക് പോയത്. മത്സ്യലഭ്യതയ്ക്ക് അനുസരിച്ചുള്ള വില ലഭിച്ചില്ലെങ്കില്‍ വന്‍ സാമ്പത്തി പ്രതിസന്ധിയിലാകുമെന്ന ഭയവും തൊഴിലാളികള്‍ക്കും ഉടമകള്‍ക്കുമുണ്ട്. ചെമ്മീന്‍ കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ബോട്ട് ഉടമകള്‍ പങ്കുവെയ്ക്കുന്നു

യുവാവിനെ തലയ്ക്കടിച്ച്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:പ്രതിക്ക് 11 വര്‍ഷം കഠിന തടവ്

കൊല്ലം: യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 11 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും. ഇരവിപുരം വാളത്തുംഗല്‍ താലിഫ് മന്‍സിലില്‍ താലിഫിനെ (26) ആണ് കൊല്ലം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് അരുണ്‍ എം. കുരുവിള ശിക്ഷിച്ചത്. ഇരവിപുരം ആക്കോലില്‍ ലക്ഷംവീടിന് സമീപം സീനാനിവാസില്‍ ബിനുവിനെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
2016-നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോട് കൂടി ജോലി കഴിഞ്ഞ് തിരികെ സുഹൃത്തിനൊപ്പം വരികയായിരുന്ന ബിനുവിന്റെ ബൈക്ക് ഇരവിപുരം കാവല്‍പ്പുര റെയില്‍വേ ഗേറ്റ് തുറന്നതിന്റെ ഇടയില്‍ പ്രതിയുടെ ബൈക്കില്‍ തട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് താലിഫും ബിനുവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിന്റെ വൈരാഗ്യത്തില്‍ പ്രതി കമ്പിവടിയുമായെത്തി ബിനുവിനെ ആക്രമിക്കുകയായിരുന്നു.
ഇയാളുടെ സംസാരശേഷിയും സംഭവത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടിരുന്നു. ഇരവിപുരം പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാഫിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപ്പത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ വി. വിനോദ്, എ. നിയാസ് എന്നിവര്‍ ഹാജരായി.

നാലുപേരെ ജീവനോടെ കണ്ടെത്തി

വയനാട്. ഉരുള്‍പൊട്ടി ദുരന്തത്തിന്ർറെ നാലാംദിനം ദൗത്യ സംഘം നാലുപേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളും രണ്ട് പുരുഷ്ന്മാരെയുമാണ് പടവെട്ടിക്കുന്നില്‍ കണ്ടെത്തിയത്. ജോണ്‍,ജോമോള്‍,ഏബ്രഹാം,ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയത്.

അതില്‍ ഒരു പെണ്‍കുട്ടിക്ക് കാലിന് പരുക്കേറ്റിട്ടുണ്ട്. ഇവരെ എയര്‍ലിഫ്റ്റ് ചെയ്യാനാണ് നീക്കം. ചൂരല്‍മലയോട് ചേര്‍ന്ന സ്ഥലമാണ് പടവെട്ടിക്കുന്ന്. മൃതദേഹങ്ങളുടെ ദുര്‍ഗന്ധം തേടി നടന്ന തിരച്ചിലില്‍ ദൗത്യത്തിലേര്‍പ്പെട്ടവര്‍ക്കും നാടിനും ഏറെ ആശ്വാസകരമായ വാര്‍ത്തയാണിത്

3 ദിവസത്തേക്ക് സൗജന്യ ഡേറ്റ, പരിധിയില്ലാതെ കോള്‍; വയനാട് രക്ഷാ ദൗത്യത്തിന് പിന്തുണയുമായി ബിഎസ്എന്‍എല്ലും

വയനാട് രക്ഷാദൗത്യത്തിനു പിന്തുണ നല്‍കാൻ പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലും. വയനാട് ജില്ലയിലും നിലമ്പൂര്‍ താലൂക്കിലും 3 ദിവസത്തേക്ക് പരിധിയില്ലാതെ കോളും ഡേറ്റയും സൗജന്യമായി നല്‍കുമെന്ന് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു. ഇതിനൊപ്പം 100 എസ്എംഎസും പ്രതിദിനം സൗജന്യമായി നല്‍കും.
ചൂരല്‍മല, മുണ്ടക്കൈ ഗ്രാമങ്ങളില്‍ സൗജന്യ കണക്ഷനും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ചൂരല്‍മലയിലെ ഏക മൊബൈല്‍ ടവര്‍ ബിഎസ്എന്‍എല്ലിന്റേതാണ്.
തടസ്സമില്ലാതെ സേവനം നല്‍കുന്നതിനൊപ്പം ചൂരല്‍മല, മേപ്പാടി മൊബൈല്‍ ടവറുകള്‍ 4ജിയിലേക്ക് മാറ്റിയിട്ടുമുണ്ട്. സാധാരണ 4ജി സ്‌പെക്ട്രത്തിനൊപ്പം 700 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയും ഇവിടെ ലഭ്യമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
ജില്ലാ ആസ്ഥാനത്തേക്ക് അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുകളും മൊബൈല്‍ സേവനവും ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ കോഓര്‍ഡിനേറ്റര്‍മാര്‍ക്കായി അതിവേഗ ഇന്റര്‍നെറ്റും ലഭ്യമാക്കിയതായി അധികൃതര്‍ പറഞ്ഞു.
നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെലും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവ സൗജന്യമായിരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.