27.6 C
Kollam
Wednesday 17th December, 2025 | 10:14:56 PM
Home Blog Page 2365

മരിച്ചത് 297 പേർ;നാളെ ആറ് സോണുകളായി തിരിഞ്ഞ് പരിശോധന, വിവാദ ഉത്തരവ് പിൻ വലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ നാളെ ആറ് സോണുകളായി തിരിഞ്ഞ് പരിശോധന നടത്തും. ബെയ്ലി പാലത്തിൻ്റെ പണി പൂർത്തീകരിച്ചതോടെ നാളെ മുതൽ കൂടുതൽ യന്ത്രസാമഗ്രികൾ തിരച്ചിലിനായി ഉപയോഗപ്പെടുത്തുമെന്ന് റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു. രാത്രിയിൽ നടന്ന മന്ത്രിസഭ ഉപസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. സമയബന്ധിതമായി ബെയ്ലി പാലം നിർമ്മിച്ച സൈന്യത്തിന് നന്ദിയും അർപ്പിച്ചു.297 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.

ഇതിനിടെ ശാസ്ത്രജ്ഞൻന്മാർ വയനാട് സന്ദർശിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വിവാദമായതിനെ തുടർന്ന് പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം,സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിനാണ് എഫ് ഐ ആർ. 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.

തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ടു വീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്‍റെ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

ചിത്രപ്പുഴയിൽ നിന്നും യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി. ഇരുമ്പനം ചിത്രപ്പുഴയിൽ നിന്നും യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവാങ്കുളം കവലേശ്വരത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ശാന്തൻപാറ സ്വദേശി മുണ്ടക്കൽ വീട്ടിൽ ദീപു തോമസിൻ്റെ ഭാര്യ ആഗ്നസ് ഫെക്സി (38) ആണ് മരിച്ചത്

മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി

ഉരുള്‍പൊട്ടല്‍ മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്,ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം

തിരുവനന്തപുരം. വയനാട് ദുരന്തത്തില്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. കളക്ടറും ഐജിയും മാത്രം മാധ്യമങ്ങളോട് സംസാരിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഉരുള്‍പൊട്ടല്‍ മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പില്‍ നിന്നും ഉത്തരവിറങ്ങി.

ഉരുള്‍പൊട്ടല്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ മാത്രം മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവച്ചാല്‍ മതി. വയനാട് കളക്ടറും ഐ.ജി സേതുരാമനും മാത്രം വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ദുരന്ത നിവാരണ വകുപ്പില്‍ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. ഐ.ജി സേതുരാമനെ ഓണ്‍സൈറ്റ് ഇന്‍സിഡന്റ് കമാണ്ടറായി നിയമിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുടെ ചുമതല ഐ.ജിക്ക് ആയിരിക്കും. ദുരന്ത സ്ഥലത്ത് നടത്തുന്ന എല്ലാ ഓപ്പറേഷനും ഐ.ജി സേതുരാമന്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരിക്കണം. ജില്ലയിലെ ഗതാഗത സംവിധാനങ്ങളുടെ ചുമതല എ.ഡി.ജി.പിക്കാണ്. ദുരന്ത മേഖലയായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുതെന്ന് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിനും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതി സ്ഥാപനവും പഠനത്തിനോ ഫീല്‍ഡ് സന്ദര്‍ശനത്തിനോ പോകരുത്. ശാസ്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദ്ഗധരും മാധ്യമങ്ങളോട് അഭിപ്രായം പങ്കുവയ്ക്കരുത്. ഭാവിയില്‍ ഈ പ്രദേശത്ത് പഠനം നടത്തണമെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റിലുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു.

ഉരുള്‍പ്പൊട്ടലില്‍ മരണം 296 , ദുരന്തഭൂമിയായി വയനാട്

വയനാട്. മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരണം 296 ആയി ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് വയനാട്.179 ബോഡി പോസ്റ്റ് മോര്‍ട്ടം ചെയ്തു അതില്‍ 105 മൃതദേഹം വിട്ടുനല്‍കി. ഇത് വരെ 189 മരണങ്ങള്‍
ഔദ്യോഗികമായി സ്ഥിരീകരിച്ചു. 85 പുരുഷന്‍മാരും 76 സ്ത്രീകളും 27 കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഒരു മൃതദേഹത്തിന്റെ ആണ്‍-പെണ്‍ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 107 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

ശരീര ഭാഗങ്ങള്‍ ഉള്‍പ്പെടെ 279 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 100 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 225 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 129 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി .
വയനാട്ടില്‍ 91 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.

കാണാതായ 200ല്‍പരം പേരുണ്ട്. രക്ഷാദൗത്യം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഇനിയും നിരവധി പേരെ മണ്ണിനടിയില്‍ നിന്നായി ലഭിക്കാനുണ്ട്. മരണസംഖ്യ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ദൗത്യസംഘത്തിന് വെല്ലുവിളിയായി കനത്ത മഴയും വയനാട്ടിലുണ്ട്.

കേരള പോലീസിന്റെ നായകള്‍ അടക്കം മുണ്ടക്കൈയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. അതിതീവ്ര മഴ ഇപ്പോഴും പെയ്യുന്നതിനാല്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ചൂരല്‍മലയില്‍ മലവെള്ളപ്പാച്ചിലും ശക്തമാണ്. ബെയ്ലിപാലം തുറന്നത് ആശ്വാസമായി, നാളെ ഇതുവഴി തിരച്ചിലിന് വേഗമേറും

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍മാരുടെ യോഗത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം അഭ്യര്‍ത്ഥിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

സംസ്ഥാനത്തെ പത്താം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി.സംസ്ഥാനത്തെ പത്താം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി .

അധ്യാപക സംഘടനകളും വിദ്യാർഥികളുമടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണു ജസ്റ്റിസ് എ.സിയാദ് റഹ്മാന്റെ ഉത്തരവ്.

നിലവിൽ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാണ്.എന്നാൽ ഇനി മുതൽ അത് പാടില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രവൃത്തിദിവസങ്ങളുടെ കാര്യത്തിൽ വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകൾ അടക്കമുള്ളവരുമായി ആലോചിച്ച് സർ‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.ആറു ദിവസ ക്ലാസിലേക്ക് കുട്ടികളെ ഉന്തിത്തള്ളി വിടുന്നതിനു മുമ്പ് അവരുടെ മാനസികാരോഗ്യവും പരിശോധിക്കണം എന്നാണ് കോടതി നിർദേശിച്ചത്.

സാമൂഹ്യ പ്രതിബദ്ധതയും വ്യക്തിഗത ബന്ധങ്ങളുമൊക്കെ ഊട്ടിയുറപ്പിക്കുന്ന രീതിയിൽ കലാ, കായിക ഇനങ്ങൾ ഉൾപ്പെടെയുള്ളവയിൽ വിദ്യാർഥികള്‍ ഭാഗമാക്കണം.എൻസിസി, എൻഎസ്എസ് പോലുള്ളവയും അക്കാര്യത്തില്‍ പ്രധാനമാണ്.

പരമ്പരാഗതമായുള്ള ആഴ്ചയിലെ 5 ദിവസ ക്ലാസുകൾക്ക് പകരം 4 ദിവസം മാത്രം ക്ലാസുകൾ ഉള്ളയിടങ്ങളിൽ കുട്ടികളുടെ മികവ് വർധിക്കുന്നുവെന്ന് യു.എസിലെ ചില സ്കൂളുകളിലെ പഠനങ്ങൾ വാദത്തിനിടെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

അക്കാര്യങ്ങൾ പരിഗണിക്കപ്പെടേണ്ടവയാണെന്നും കോടതി പറഞ്ഞു.43 ശനിയാഴ്ചകൾ ഉള്ളതിൽ 10 രണ്ടാം ശനിയാഴ്ചകൾ ഒഴിവാക്കിയാൽ ബാക്കിയുള്ള 33 ശനിയാഴ്ചകളിൽ 25 എണ്ണമാണ് പ്രവൃത്തിദിവസങ്ങളാക്കിയിരിക്കുന്നത്.

എന്നാൽ ഇത് അധ്യാപകരോടോ അവരുടെ സംഘടനകളോടോ വിദ്യാഭ്യാസ സ്ഥാപനങ്ങളോടോ വിദ്യാർഥികളോടെ ചർച്ച നടത്താതെയാണ് നടപ്പാക്കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി.വിദഗ്ധരായവരുടെ അഭിപ്രായം ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടതായിരുന്നു.ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത് അധ്യാപകരെ ബാധിക്കുന്ന കാര്യമല്ലെന്ന വാദം അംഗീകരിക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയ നടപടിക്കെതിരെ അധ്യാപക സംഘടനകൾ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.

പ്രതിപക്ഷ അധ്യാപക സംഘടനകൾക്കു പുറമെ സിപിഐയുടെ അധ്യാപക സംഘടനയും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

തൊടിയൂർ ഒന്നാം വാർഡിൽ നിന്നും ജയിച്ച യുഡിഎഫ് അംഗം നജീബ് മണ്ണേൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

കരുനാഗപ്പള്ളി. തൊടിയൂർ ഒന്നാം വാർഡിൽ നിന്നും ജയിച്ച യുഡിഎഫ് അംഗം നജീബ് മണ്ണേൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. വരണാധികാരിയും പഞ്ചായത്ത് സെക്രട്ടറിയുമായ ഡെമാസ്റ്ററിൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ സത്യ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

ദൈവനാമ -ത്തിലാണ് നജീബ് മണ്ണേൽ സത്യപ്രതിജ്ഞ ചൊല്ലിയത്.പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് തൊടിയൂർ വിജയൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളായ കെ.എ.ജവാദ് ,ചിറ്റുമൂലനാസർ, തൊടിയൂർ രാമചന്ദ്രൻ ,എം അൻസർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ഭരണിക്കാവ് കാഷ്യൂ കോർപ്പറേഷൻ ഫാക്ടറി അതിക്രമം,പ്രതിഷേധ യോഗം നടത്തി

ഭരണിക്കാവ്:കശുവണ്ടി വികസന കോർപ്പറേഷൻ്റെ ഭരണിക്കാവ് ഫാക്‌ടറിയിൽ അതിക്രമിച്ചു കയറി
നാശനഷ്‌ടം വരുത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫാക്ടറി ഗേറ്റിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.നൂറുകണക്കിന് തൊഴിലാളികളും യൂണിയൻ പ്രവർത്തകരും നേതാക്കളും പങ്കെടുത്ത യോഗം കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു.ബോർഡ്‌ അംഗം ബി.സുജിന്ദ്രൻ അധ്യക്ഷത വഹിച്ചു.സജി ഡി.ആനന്ദ്,ബോർഡ്‌ അംഗങ്ങളായ ജി.ബാബു, ശൂരനാട് ശ്രീകുമാർ ,കാഷ്യു വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു ) കുന്നത്തൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റ്‌ ടി.ആർ ശങ്കരപിള്ള,ഏരിയ സെക്രട്ടറി എൻ.യശ്പാൽ,വിവിധ യൂനിയൻ നേതാക്കളായ ഉല്ലാസ് കോവൂർ,കേരളാ മണിയൻ പിള്ള, ലക്ഷ്മി കുട്ടി,രാമൻ പിള്ള,ബേബി ജോൺ,പേഴ്‌സണൽ,മാനേജർ അജിത് കുമാർ എന്നിവർ സംസാരിച്ചു. സംസാരിച്ചു.

കുന്നത്തൂരിൽ കെഎസ്ഇബി റിട്ട.ഓവർസിയർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കുന്നത്തൂർ:കെഎസ്ഇബി റിട്ട.ഓവർസിയർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ പടിഞ്ഞാറ് മാടൻനട കാഞ്ഞിരംവിള പടിഞ്ഞാറ്റതിൽ രവീന്ദ്രൻ (60) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്ക്കാരം പിന്നീട്.മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.

നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

ആലപ്പുഴ: 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് പത്തിന് നടത്താനിരുന്ന വള്ളംകളിയാണ് മാറ്റിവെച്ചത്. പുന്നമടക്കായലിലാണ് നെഹ്‌റു ട്രോഫി വള്ളംകളി നടത്തിവരുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വള്ളംകളി സെപ്റ്റംബറില്‍ നടത്താനാണ് ആലോചന.