25.8 C
Kollam
Thursday 18th December, 2025 | 10:57:09 AM
Home Blog Page 2054

നിയമസഭയിൽ ഇന്ന് പൂരം

തിരുവനന്തപുരം.നിയമസഭയിൽ ഇന്ന് പൂരം കലക്കൽ വിവാദം ചർച്ചചെയ്യാൻ ഒരുങ്ങി പ്രതിപക്ഷം. തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിവാദം അടിയന്തര പ്രമേയമായി ഇന്ന് നിയമസഭയിൽ ഉന്നയിക്കും. പൂരം കലക്കി ബിജെപിയെ സഹായിക്കാനുള്ള ഗൂഢാലോചന എന്ന വിവാദമാണ് സഭയിൽ ഉന്നയിക്കുക. തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിഎസ് സുനിൽകുമാർ ഉൾപ്പെടെ ഈ ആരോപണം ഉന്നയിച്ചിരുന്നു. സഭ നിർത്തിവച്ച് വിവാദം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുമോ എന്നാണ് കാത്തിരിക്കുന്നത്. ആദ്യ രണ്ടു ദിവസവും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസുകൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിരുന്നു.

ആദ്യ ദിവസം അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി ലഭിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. ഇന്നലെ നിയമസഭയിൽ എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയായിരുന്നു ചർച്ചയായത്. തുടർച്ചയായ മൂന്നാം ദിവസവും സർക്കാർ അടിയന്തര പ്രമേയ ചർച്ചയ്ക്ക് തയ്യാറാകുമോ എന്നാണ് കാത്തിരിക്കുന്നത്. ഡോക്ടർമാർ ശബ്ദ വിശ്രമം നിർദ്ദേശിച്ചു എന്നറിയിച്ച മുഖ്യമന്ത്രി ഇന്ന് സഭയിൽ സംസാരിക്കുമോ എന്നതും രാഷ്ട്രീയ ആകാംക്ഷ. സഭാ സമ്മേളനത്തിൽ ഇന്ന് പി.വി അൻവർ പങ്കെടുത്തേക്കും. പ്രതിപക്ഷ ബ്ലോക്കിൽ ഇരിക്കാൻ തയ്യാറല്ലെന്ന് സ്പീക്കറെ പി.വി അൻവർ അറിയിച്ചിട്ടുണ്ട്

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS    സഭയിൽ ഇന്ന് ‘പൂരം’

2024 ഒക്ടോബർ 09 ബുധൻ 6.30 am

?കാത്തിരിപ്പിന് വിരാമം, 25 കോടി ഭാഗ്യവാൻ ആരാകും? ഓണം ബംബർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 ന്,

?സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

?കേരളത്തിലും ലക്ഷദ്വീപിലും മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും

?തൃശൂർ പൂര വിവാദം ഇന്ന് പ്രതിപക്ഷം അടിയന്തിര പ്രമേയമായി നിയമസഭയിൽ ഉന്നയിക്കും.

?പി വി അൻവർ ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കും.

?കോഴിക്കോട് പുല്ലൂരാംപാറയിൽ കെഎസ്ആർറ്റിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.

? കോഴിക്കോട് ബസ് അപകടം: കാരണം വ്യക്തമല്ല. കാളിയാംപുഴ പാലത്തിൽ ഭാരവാഹനങ്ങൾക്ക് നിരോധനം

?സ്വർണ്ണക്കടത്ത് വിവാദത്തിൽ ഗവർണ്ണർ സർക്കാർ പോര് തുടരുന്നു.

? വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നാളെ ലാവോസിലേക്ക്

?ജമ്മു കാശ്മീരിൽ ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും.

? ‘മിൽട്ടൺ’ കൊടുംങ്കാറ്റ് ഭീതിയിൽ അമേരിക്കയില ഫ്ലോറിഡ,55 ലക്ഷം പേരെ ഒഴിപ്പിച്ചു. മേഖലയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

തെന്മലയിൽ കാട്ടുപന്നി ആക്രമണം, വിഡിയോ

തെന്മല. ഉറുകുന്നിൽ  ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ പിടികൂടി നാട്ടുകാർ 

വൈകിട്ടോടെ പ്രദേശത്ത് എത്തിയ പന്നി നാലോളം പേരെ ആക്രമിച്ചു.

കുത്തിയും കടിച്ചുമാണ് പരിക്കേൽപ്പിച്ചത്.

പരിക്കേറ്റവർ അടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടി

പന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും.

ആലപ്പുഴ ബീച്ചിൽ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി

ആലപ്പുഴ. ബീച്ചിൽ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി. ആലപ്പുഴ ബീച്ചിൽ നിന്നും ആളുകൾ അടിയന്തിരമായി മാറാൻ നിർദ്ദേശം. പൈപ്പിനുള്ളിൽ ലോഹശകലങ്ങളുടെ സാന്നിധ്യം. സ്ഫോടക വസ്തു ഇല്ലെന്ന് പോലീസ് ബോംബ് സ്ക്വാഡ്. സ്ഫോടക വസ്തു എറണാകുളത്ത് നിന്നും വരുന്ന വിദഗ്ധ സംഘം ഇന്ന് 10 മണിയോടെ നിർവീര്യമാക്കും

ജില്ലാ പോലീസ് മേധാവി സ്ഥലത്തെത്തി പരിശോധന നടത്തുന്നു. സ്ഫോടക വസ്തു ഉള്ളിൽ ഇല്ല എന്ന് സ്ഥിരീകരിക്കാൻ പറ്റില്ല എന്ന് പോലീസ്. പോലീസ് നായ്ക്കളെ അടക്കം സ്ഥലത്തെത്തിച്ചു

കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ പ്രതി പിടിയില്‍

കൊല്ലം: ഇതര സംസ്ഥാന കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധി വിദ്യാര്‍ത്ഥികളില്‍ നിന്നും പണം തട്ടിയ പ്രതി പോലീസിന്റെ പിടിയിലായി. കുന്നിക്കോട്, മേലില ശ്യാംനിവാസില്‍ ശ്യാംകുമാര്‍ (34) ആണ് ചാത്തന്നൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലുള്ള കോളേജുകളില്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് സ്‌കോളര്‍ഷിപ്പോടെ അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി വിദ്യാര്‍ത്ഥികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ പിടിയിലായത്.
തട്ടിപ്പിന് ഇരയായ വിദ്യാര്‍ത്ഥികള്‍ ചാത്തന്നൂര്‍, കൊട്ടിയം, പരവൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതിക്കായി നിരവധി തവണ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ തിരുവനന്തപുരം മാറനല്ലൂരില്‍ നിന്നും പോലീസ് സംഘത്തിന്റെ വലയില്‍ അകപ്പെടുകയായിരുന്നു. എസ്.ഐ സുനില്‍കുമാര്‍, എഎസ്‌ഐ ബിന്ദുകുമാരി, സിപിഓമാരായ രാജീവ്, നവാസ്, സുധി, രഞ്ജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

കാട്ടാക്കടയിൽ മുക്കുപണ്ടം പണയം വച്ച് 2 ലക്ഷം രൂപ കവർന്നു

തിരുവനന്തപുരം. കാട്ടാക്കടയിൽ മുക്കുപണ്ടം പണയം വച്ച് 2 ലക്ഷം രൂപ കവർന്നു.കാട്ടാക്കട ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം വി.എസ്.എൻ ഫിനാൻസിൽ ആണ് സംഭവം.ഇന്നലെ വൈകിട്ട് ആറരയോടെ ഒരു സ്ത്രീയും പുരുഷനും സ്ഥാപനത്തിൽ എത്തി.കയ്യിലുണ്ടായിരുന്ന മാല നൽകി പണം ആവശ്യപ്പെട്ടു.കുഞ്ഞിന് സുഖമില്ല പെട്ടന്ന് പണം വേണമെന്നായിരുന്നു ആവശ്യം.

ആഭരണം പണയം വയ്ക്കാൻ നൽകിയ വിലാസവും വ്യാജം.അഖിൽ എന്നയാളും ഭാര്യയും സ്ഥാപനത്തിലെത്തിയെന്നാണ് ഉടമകളുടെ മൊഴി.ഇവർ നൽകിയ വിലാസം മുമ്പ് താമസിച്ചിരുന്ന വാടക വീടിന്റേതെന്ന് കണ്ടെത്തി.പ്രതികൾക്കായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി

കൊല്ലം: പൊതു നിരത്തില്‍ അക്രമം കാണിച്ചതിന് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കാപ്പാ പ്രതി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇരവിപുരം, കൂട്ടിക്കട, മിറാഷ് മന്‍സിലില്‍ മിറാഷ്(27) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി 8ന് ഇയാള്‍ ഇരവിപുരത്തെ ഒരു ബാറില്‍ ബഹളം ഉണ്ടാക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം ബാറില്‍ എത്തി.
എന്നാല്‍ പോലീസ് എത്തുന്നതിന് മുമ്പ് ബാറില്‍ നിന്നും പോയ ഇയാള്‍ ഇരവിപുരം ജോളി ജംഗ്ഷനിലെത്തി അക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ പിടികൂടി വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടിയില്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെയും ചീത്ത വിളിച്ചുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പാ നിയമപ്രകാരം രണ്ട് തവണ കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള ആളുമാണ് ഇയാള്‍.

കൊല്ലം സഹോദയ കലോത്സവം 16 മുതല്‍

കൊല്ലം: സിബിഎസ്ഇ കൊല്ലം സഹോദയ കലോത്സവം (സര്‍ഗ്ഗോത്സവ്) 10 മുതല്‍ 19 വരെ കാരംകോട് വിമല സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. 42 വിദ്യാലയങ്ങളില്‍ നിന്നായി 3000 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 10 വേദികളിലാണ് മത്സരം. ഇന്ന് മൂന്ന് വേദികളിലായി ചിത്ര രചനാ മത്സരങ്ങള്‍ നടക്കും.
16ന് ഉച്ചയ്ക്ക് 1.30ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യൂ അധ്യക്ഷനാകും. മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപതാ വികാരി മോണ്‍. ഫാ. സ്റ്റീഫന്‍ കുളത്തുംകരോട്ട് മുഖ്യപ്രഭാഷണം നടത്തും. സര്‍ഗോത്സവ്-2024 ന്റെ നടത്തിപ്പിനായി ജനറല്‍ സെക്രട്ടറി ഫാ. സാമുവേല്‍ പഴവൂര്‍ പടിക്കലിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു.
19ന് വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സമ്മാന വിതരണം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യൂ, ജനറല്‍ കണ്‍വീനര്‍ ഫാ. സാമുവല്‍ പഴവൂര്‍ പടിക്കല്‍, വിമല സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടോം മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ടുനിന്നവരുടെ നടുക്കം മാറിയില്ല, ആദിക്കാട്ട്മുക്കില്‍ ഒഴിവായത് വന്‍ ദുരന്തം, വിഡിയോ

ശാസ്താംകോട്ട. പാഞ്ഞുവന്ന സ്വകാര്യ ബസിനുമുന്നില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതിമാര്‍, ബസ് ഡ്രൈവറുടെ കഴിവുകൊണ്ട് ഒഴിവായത് വന്‍ ദുരന്തം നടുക്കത്തില്‍ ബോധം പോയി യാത്രക്കാരി.

ഇന്ന് വൈകിട്ട് 3.44ന് ആദിക്കാട്ട മുക്കിലാണ് അപകടം ഒഴിവായത്. ശാസ്താംകോട്ട നിന്നും ചവറയ്ക്ക് വന്ന കാട്ടുകുളം ബസിനുമുന്നിലേക്ക് പടിഞ്ഞാറേകല്ലട നിന്നും വന്നുകയറിയ സ്‌കൂട്ടര്‍ യാത്രികരാണ് കാഴ്ചക്കാരെ ഞെട്ടിച്ചത്. റോഡില്‍ ശാസ്താംകോട്ട ഭാഗത്തേക്ക് തിരിഞ്ഞ് ഇടതുവശത്തേക്ക് പോകുന്നതിന് പകരം ബസ് കണ്ട് ഭയന്നതോടെ വലത്തോട്ട് പോവുകയായിരുന്നു ഇരുചക്രവാഹനം.

ഉഗ്രമായി ബ്രേക്ക് പിടിച്ച ബസ് നിരങ്ങിനിന്നപ്പോഴേക്കും സ്‌കൂട്ടര്‍ അതിലേക്ക് വന്നുതട്ടി വീണു. വിളന്തറ സ്വദേശികളായ ദമ്പതികളായിരുന്നു അപകടത്തില്‍പെട്ടത്. പിന്‍സീറ്റിലിരുന്ന സ്ത്രീകുഴഞ്ഞുവീഴുകയും ചെയ്തു. വാഹനത്തില്‍ തട്ടുകയും യാത്രക്കാരിയുടെ ബോധം പോവുകയും ചെയ്തതോടെ ബസ് ട്രിപ്പ് അവസാനിപ്പിച്ചു. എന്നാല്‍ ഇവര്‍ക്ക് കാര്യമായ അപകടമില്ലെന്നാണ് വിവരം

കോഴി കച്ചവടത്തിന്റെ മറവില്‍ ലഹരി കച്ചവടം; 200 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

കൊല്ലം: കോഴി കച്ചവടത്തിന്റെ മറവില്‍ ലഹരി കച്ചവടം നടത്തിയിരുന്നയാള്‍ കൊല്ലം എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. മുണ്ടയ്ക്കല്‍ മണിയന്‍കുളം കെടിഎന്‍ നഗര്‍ 227-ല്‍ രാജ നിവാസില്‍ രാജ (36) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും അനധികൃതമായി വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 200 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
നിരവധിപേര്‍ രാത്രിയും പകലും ഈ വീട്ടില്‍ വന്ന് പോകുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. വീടിന്റെ മുറിയില്‍ 9 ചാക്ക് കെട്ടുകളിലായി ആണ് പുകയില ഉല്‍പ്പനങ്ങള്‍ സൂക്ഷിച്ചിരുന്നത്.
സമീപപ്രദേശങ്ങളിലെ കടകള്‍ക്ക് വില്‍പ്പനക്കായി പുകയില ഉല്‍പ്പന്നങ്ങള്‍ തൂക്കി നല്‍കിയിരുന്നതും ഇവിടെ നിന്നാണ്. ഇതിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
കൊല്ലം എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്.ആര്‍. ജി., ശ്രീകുമാര്‍.ജി, പ്രിവന്റീവ് ഓഫീസര്‍മാരായ അനീഷ് കുമാര്‍.എസ്, ജ്യോതി.റ്റി. ആര്‍., സിവില്‍ എക്‌സൈസ് ഓഫീസര്‍ ആദില്‍ഷ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.